ന്യൂഡൽഹി: 12 ചീറ്റപ്പുലികളെ കൂടി ദക്ഷിണാഫ്രിക്കയിൽ നിന്നും രാജ്യത്തെത്തിച്ചു. ശനിയാഴ്ച്ച രാവിലെയാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് ഇവയെ എത്തിക്കും.
വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ചീറ്റപ്പുലികളെ ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പുതുതായി എത്തിയവയിൽ 7 എണ്ണം ആൺ ചീറ്റകളാണ്. 5 പെൺ ചീറ്റകളുമുണ്ട്. വലിയ കൂടുകളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയായിരുന്നു ഇവയെ രാജ്യത്തെത്തിച്ചത്. ഗ്വാളിയോർ വ്യോമതാവളത്തിലെത്തിയ ചീറ്റകളെ എംഐ 17 ഹെലികോപ്റ്ററിൽ കുനോയിലേക്കു കൊണ്ടുപോകും. കുനോയിലെത്തിക്കുന്ന ചീറ്റകളെ ക്വാറന്റീനിൽ പാർപ്പിക്കുമെന്നാണ് വിവരം.
ക്വാറന്റൈന് ശേഷം അഞ്ച് സ്‌ക്വയർ കിലോമീറ്റർ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്നുവിടും. പിന്നീട് ഇവയെ പാർക്കിലേക്ക് മാറ്റും. പുതുതായി 12 ചീറ്റകൾ കൂടി എത്തിയതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 20 ആയി. അതേസമയം, നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെയിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്തംബർ 17 ന് എട്ട് ചീറ്റപ്പുലികളടങ്ങിയ ആദ്യ ബാച്ചിനെ കുനോ നാഷണൽ പാർക്കിൽ തുറന്നു വിട്ടിരുന്നു.

