കൊച്ചി: സമൂഹത്തിൽ ദുർമന്ത്രവാദവും കൂടോത്രവും പോലുള്ള മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ നിരോധിക്കുന്നതിന് നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഇത്തരമൊരു നിയമം പാസാക്കാൻ വൈകുന്നതെന്തുകൊണ്ടാണെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസിൽ വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേരള യുക്തിവാദി സംഘമാണ് വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. നിലവിൽ, പൊതു ശിക്ഷാ നിയമത്തിൽ ഇത് നിരോധിക്കുന്നതിനോ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ മതിയായ നിയമങ്ങളില്ല. കർണാടകയും മഹാരാഷ്ട്രയും ഇക്കാര്യത്തിൽ നിയമം പാസാക്കിയ രണ്ട് സംസ്ഥാനങ്ങളാണെന്നും ഹർജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യത്വരഹിതമായ ദുരാചാരങ്ങൾ, മന്ത്രവാദം, കൂടോത്രം എന്നിവ ഇല്ലാതാക്കുന്നതിനുള്ള കേരള പ്രിവൻഷൻ ബിൽ 2019 ന്റെ (‘The Kerala Prevention of Eradication of Inhuman Evil Practices, Sorcery and Black Magic Bill-2019’) നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് 2019 ലെ നിയമപരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നരബലിയും മറ്റ് മനുഷ്യത്വരഹിതവും പ്രാകൃതവുമായ ദുരാചാരങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. സംസ്ഥാനത്ത് മന്ത്രവാദവും മറ്റും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

