പ്രതിരോധ മേഖലയില്‍ ആളില്ലാ സൈനിക ഹെലികോപ്റ്ററുമായി യുഎഇ

അബുദാബി: കരയിലും കടലിലും നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി യുഎഇ ആളില്ലാ സൈനിക ഹെലികോപ്റ്റര്‍ (ഫിനോം യുഎവി) നിര്‍മിക്കാന്‍ ഒരുങ്ങുന്നു. വായുവില്‍ നിന്ന് ശത്രുക്കളെയും ഉപകരണങ്ങളെയും നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇത്.

2 ടണ്‍ ഭാരമുള്ള ആളില്ലാ ഹെലികോപ്റ്ററിന് ഒന്നിലധികം ദൗത്യങ്ങള്‍ നിര്‍വഹിക്കാനാകും. ദീര്‍ഘനേരം പറക്കാന്‍ ശേഷിയുള്ള ഇവക്ക് കുത്തനെ ടേക്ക് ഓഫിനും ലാന്‍ഡിങിനും സാധിക്കും. 800 കിലോ വരെ ഭാരം വഹിക്കാം. ഒറ്റ ഇന്ധന ടാങ്കുള്ളവയ്ക്ക് 4 മണിക്കൂറും 2 ഇന്ധന ടാങ്കുള്ളവയ്ക്ക് 8 മണിക്കൂറും തുടര്‍ച്ചയായി പറക്കാം.

അതേസമയം, 2026 അവസാനത്തോടെ അബുദാബി എയര്‍പോര്‍ട്ട് ഫ്രീ സോണിലെ ഹീലിയോ ഏവിയേഷന്‍ ടെക്നോളജീസ് (ഹീലിയോടെക്) പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ നിര്‍മാണം ആരംഭിക്കും. രാജ്യാന്തര പ്രതിരോധ പ്രദര്‍ശനമായ ഐഡക്‌സില്‍ ഫെനോമിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്്. തവാസുന്‍ കൗണ്‍സിലിനു കീഴിലുള്ള സ്ട്രാറ്റജിക് ഡവലപ്മെന്റ് ഫണ്ടിന്റേതാണ് ഹീലിയോടെക്.