ഉത്തരാഖണ്ഡില്‍ എട്ടോ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂകമ്പമാണ് പ്രതീക്ഷിക്കുന്നതെന്ന് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. എന്‍.പൂര്‍ണചന്ദ്ര റാവു. ഉത്തരാഖണ്ഡിന് താഴെയുള്ള ഭൂപാളിയില്‍ അതിതീവ്രമായ സമ്മര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ ഭൂചലനത്തിലൂടെ മാത്രമേ ഭൂപാളിയിലുള്ള സമ്മര്‍ദം ലഘൂകരിക്കപ്പെടൂ. ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് ഹിമാലയന്‍ മേഖലകളില്‍ 80 സീസ്മിക് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച ഡേറ്റ പ്രകാരം ഈ മേഖലയില്‍ ഭൂമിക്കടിയിലുള്ള സമ്മര്‍ദ്ദം ഗുരുതരമാണ്. ഈ ഭൂപ്രദേശത്ത് വിപുലമായ ജിപിഎസ് നെറ്റ്‌വര്‍ക്കും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം, തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 7.8 ആയിരുന്നു. ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന്റെ തീയതിയും സമയവും കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും ഒട്ടും വൈകാനിടയില്ലെന്ന് ഡോ. റാവു പറഞ്ഞു. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂചലനം ഹിമാലയന്‍ മേഖലയില്‍ ഉണ്ടായാല്‍ എന്താകും ഫലമെന്ന ആശങ്ക ശക്തമാണ്. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങളെ ബൃഹത് ഭൂകമ്പങ്ങളെന്നാണ് (GREAT EARTHQUAKES) അറിയപ്പെടുന്നത്. ജമ്മു-കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള ഹിമാലയ മേഖലയില്‍ ഇത്തരം ഭൂകമ്പങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഏപ്രില്‍ 22നാണ് ചാര്‍ധാം യാത്ര ആരംഭിക്കുന്നത്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയിലേക്ക് ആറുമാസം തീര്‍ഥാടനം അനുവദിക്കും. ലക്ഷക്കണക്കിനാളുകള്‍ ഈ കാലയളവില്‍ ഉത്തരാഖണ്ഡിലെ മലനിരകളിലെത്തും. റോഡുകള്‍ ഇടിഞ്ഞുതാണും വിണ്ടുകീറിയും അപായസാധ്യത ഇതിനകം തന്നെ വര്‍ധിച്ച സാഹചര്യത്തില്‍ കരുതലോടെ മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് വിദഗ്ധരുടെ അഭ്യര്‍ഥന. 100 വര്‍ഷമായി വന്‍ ഭൂചലനങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ ഈ റിട്ടേണ്‍ പീരിയഡ് അതിക്രമിച്ച് കഴിഞ്ഞുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

