കൊച്ചി: മുൻ എക്സൈസ് മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കണ്ടെത്തൽ. കെ ബാബുവിനെതിരെ വിജിലൻസ് അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തിരുന്നു.
25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കിയാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കെ ബാബുവിനെതിരെ നടപടികൾ ആരംഭിച്ചത്. 2018 ലാണ് കെ ബാബുവിനെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. കെ ബാബുവിന് നൂറ് കോടിയുടെ സ്വത്തുണ്ടെന്നും ഇതിൽ 41 ശതമാനം അനധികൃതമായി സമ്പാദിച്ചതാണെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
2007 ജൂലൈ മുതൽ 2016 മെയ് വരെ കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്. 49.45 ശതമാനം അനധികൃത സമ്പാദ്യമാണ് ഇക്കാലത്തുണ്ടാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇഡി കെ ബാബുവിനെ ചോദ്യം ചെയ്തിരുന്നു.

