Highlights (Page 6)

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർത്ഥികൾ പരീക്ഷ പേടിയെ മനഃശ്ശക്തികൊണ്ട് മറികടക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പരീക്ഷ പേ ചർച്ചയുടെ ഏഴാം പതിപ്പിൽ വിദ്യാർത്ഥികളോട് സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരീക്ഷയുടെ സമ്മർദ്ദമില്ലാതാക്കി വിദ്യാർത്ഥികൾക്ക് മനക്കരുത്തുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചർച്ച. സഹവിദ്യാർത്ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കും. അതിനാൽ രക്ഷകർത്താക്കൾ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാനസിക സമ്മർദം വർധിക്കുന്നതിനൊപ്പം അതിനെ മറികടക്കാൻ വ്യക്തി ഒരുങ്ങിയിരിക്കണമെന്നും അതിനുവേണ്ടി മുൻകൂറായിത്തന്നെ തയ്യാറാകണം. ഉറക്കത്തെ ബാധിക്കുമെന്നതിനാൽ സ്‌ക്രീൻ ടൈം കുറയ്ക്കണം. സംതുലിതമായ ജീവിതശൈലി പുലർത്തണമെങ്കിൽ, ഒരു കാര്യത്തിലും അമിതമായി ഒന്നും ചെയ്യരുത്. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ഒരു ശരീരം ആവശ്യമാണ്. അതിന് കുറച്ച് ചിട്ടകളൊക്കെ വേണം. സൂര്യപ്രകാശം അടിക്കണം, സ്ഥിരമായും പൂർണമായുമുള്ള ഉറക്കം വേണം. സ്‌ക്രീൻ ടൈം ഉറക്കത്തെ ബാധിക്കും. കട്ടിലിൽ തലവച്ചാൽ വെറും 30 സെക്കൻഡുകൾ കൊണ്ട് ഉറങ്ങാനാകുന്ന ശീലം എനിക്കുണ്ട്. ഉറക്കം എണീക്കുമ്പോൾ പൂർണമായും ഉണർന്നിരിക്കും. ഉറങ്ങുമ്പോൾ പൂർണമായും ഉറങ്ങിയിരിക്കും. അങ്ങനെയൊരു ചിട്ട വളർത്തിയെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡ് അത്ഭുതകരമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിന്റെ 109-ാം പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കർത്തവ്യപഥിൽ സ്ത്രീശാക്തീകരണമാണ് നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് റിപ്പബ്ലിക് ദിനപരേഡിലെ നാരീശക്തിയാണ്. കേന്ദ്ര സുരക്ഷാ സേനയുടെയും ഡൽഹി പോലീസിന്റെയും വനിതാ സംഘങ്ങൾ കർത്തവ്യപഥിൽ നടന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പരേഡിൽ നിരന്ന എല്ലാ കലാകാരും സ്ത്രീകളായിരുന്നു. 1,500 പെൺമക്കൾ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുത്തു. നാവികം, വ്യോമയാനം, സൈബർ, ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീശക്തി രാജ്യത്തെ സംരക്ഷിക്കുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകൾ എല്ലാ മേഖലകളിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. സ്ത്രീകൾ ഇന്ന് സാമ്പത്തിക ഭദ്രത കൈവരിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്ത് സ്വയം സഹായ സംഘങ്ങൾ വർദ്ധിച്ചു. രാജ്യത്തെ പ്രതിഭകളായ കായിര താരങ്ങളെ രാഷ്ട്രപതി ഭവനിൽ അർജുന അവാർഡ് നൽകി ആദരിച്ചു. അവിടെയും എല്ലാവരെയും അതിശയിപ്പിച്ചത് പെൺകുട്ടികളുടെ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

13 വനിതാ അത്ലറ്റുകൾക്കാണ് അർജുന അവാർഡ് ലഭിച്ചത്. ഇത് രാജ്യത്തിന് എക്കാലവും അഭിമാനമുണ്ടാക്കുന്നതാണ്. പദ്മ അവാർഡിന്റെ വിശ്വാസ്യത നാൾക്കുനാൾ വർധിക്കുകയാണെ്. പദ്മ അവാർഡ് വിതരണം ചെയ്യുന്നതിന്റെ രീതി തന്നെ പത്ത് വർഷം കൊണ്ട് ഏറെ മാറി. ഇപ്പോൾ ജനങ്ങളുടെ പദ്മ അവാർഡായി മാറി. 2014 നേക്കാൾ 28 ഇരട്ടി നാമനിർദേശങ്ങളാണ് ഇത്തവണ ലഭിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.

കരുത്തുറ്റ നീതിന്യായ വ്യവസ്ഥ വികസിത ഭാരതത്തിന്റെ ഭാഗമാണ്. പഴയകാലത്തെ നിയമങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ പ്രവർത്തിക്കുന്നു. പൊതുജനത്തിന് വിശ്വാസമുളള ഒരു നീതിന്യായ വ്യവസ്ഥ രൂപീകരിക്കുന്നതിനും സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നു. ജൻ വിശ്വാസ് ബിൽ ഈ ദിശയിലുള്ള ഒരു ചുവടുവയ്പാണ്. ആദ്യത്തെ മുസ്ലീം വനിതാ ജഡ്ജിയായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷൺ നൽകി ആദരിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് എത്തിയത്. സർക്കാർ സ്‌കൂളുകളിലെ 12 സംസ്ഥാന അവാർഡ് ജേതാക്കളും 27 പ്രശംസാ അവാർഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

സിക്കിം സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. യാത്രയിൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനവും സ്‌കൂൾ സന്ദർശനവും ഇവിടുത്തെ അദ്ധ്യാപകരുമായുള്ള ആശയവിനിമയവും സംഘം നടത്തും.

കേരള മോഡലിന്റെ പ്രത്യേകതകളെക്കുറിച്ചും സംഘം പഠനം നടത്തും. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂൾ സന്ദർശിക്കാൻ എത്തിയ സംഘവുമായി മന്ത്രി വി ശിവൻകുട്ടി ആശയവിനിമയം നടത്തുകയും ചെയ്തു. കേരള മാതൃകയെയും കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മതേതര ചട്ടക്കൂടിനെയും സംഘം അഭിനന്ദിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വനാടകത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ രണ്ട് പേർക്കെതിരെ നടപടി. അസിസ്റ്റന്റ് റജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് തുടങ്ങിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇരുവരെയും സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സസ്‌പെൻഷന് ഉത്തരവിട്ടത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. സംഭവത്തെക്കുറിച്ച് വിജിലൻസ് റജിസ്ട്രാർ അന്വേഷണം നടത്തുന്നുണ്ട്. അസിസ്റ്റന്റ് റജിസ്ട്രാർ സുധീഷ് ആണ് നാടകത്തിന്റെ സംഭാഷണം എഴുതിയത്.

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ എന്ന നാടകമാണ് വിവാദത്തിലായിരിക്കുന്നത്. ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തുമാണ് നാടകത്തിനെതിരെ പരാതി നൽകിയത്. പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി ലഭിച്ചിരിക്കുന്നത്.

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇമ്മാനുവൽ മാക്രോൺ. വലിയ പ്രഖ്യാപനങ്ങളാണ് ഇന്ത്യയിലെത്തിയ ഇമ്മാനുവൽ മാക്രോൺ നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു.

2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കുമെന്ന് മക്രോൺ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു,

ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കും. സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കും. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: പുതുപ്പള്ളിയിൽ ഇരുപത്തിയഞ്ച് നിർധന കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം വീടൊരുക്കി നൽകുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമദിനത്തിലാണ് നിർധന കുടുംബങ്ങൾക്ക് വീടൊരുക്കി നൽകുന്നത്. ഒരേ ദിവസമാണ് ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം പൂർത്തിയായത്. വാകത്താനം മുതൽ പാമ്പാടി വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമ ദിനം ജൂലൈ 18നാണ്.

ഉമ്മൻ ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിനു കീഴിൽ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് വീടുകളുടെ നിർമ്മാണം. അന്ന് നിർമ്മാണം പൂർത്തിയാക്കി വീടുകളുടെ താക്കോൽ കൈമാറുമെന്ന് എംഎൽഎയായ ചാണ്ടി ഉമ്മനും അറിയിച്ചിട്ടുണ്ട്.

അതേസമയം, പുതുപ്പള്ളിയിൽ നിർമ്മിക്കുന്ന ഇരുപത്തിയഞ്ച് വീടുകൾക്കു പുറമേ ആശ്രയ ട്രസ്റ്റ് സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ചു വീടുകളുടെ നിർമ്മാണവും നടത്തുന്നുണ്ട്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ന്യൂസീലൻഡ് മന്ത്രിമാർ. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പൂർത്തീകരണത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവമാണെന്ന് ന്യൂസീലൻഡ് മന്ത്രിമാർ അറിയിച്ചു. 500 കൊല്ലത്തെ കാത്തിരിപ്പാണ് ഇതിലൂടെ സാധ്യമായതെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി. ന്യൂസീലൻഡ് മിനിസ്റ്റർ ഫോർ റെഗുലേഷൻ ഡേവിഡ് സീമോറും ന്യൂസീലൻഡിന്റെ മിനിസ്റ്റർ ഫോർ എത്നിക് കമ്യൂണിറ്റീസ് മെലീസ്സ ലീയുമായി പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത്.

ജയ് ശ്രീറാം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ ഇന്ത്യാക്കാരേയും താൻ അഭിനന്ദിക്കുന്നുവെന്ന് ഡേവിഡ് സീമോർ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വമികവാണ് രാമക്ഷേത്ര നിർമ്മാണത്തിന് കാരണം. ക്ഷേത്രം അതിഗംഭീരമാണ്, ഇനിയൊരു ആയിരം കൊല്ലം ഈ ക്ഷേത്രം നിലനിൽക്കും. ലോകമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ ഇന്ത്യയിലെ നൂറ് കോടിയിലേറെ വരുന്ന ജനതയ്ക്ക് തുണയേകുന്ന പ്രധാനമന്ത്രി മോദിയ്ക്ക് കരുത്തും കഴിവുമുണ്ടാകട്ടെയെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ മുൻപന്തിയിലെത്തിക്കാനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനും പ്രധാനമന്ത്രി മോദി അതിയായി ആഗ്രഹിക്കുന്നതായും ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന മികച്ച കാര്യങ്ങളാണ് അദ്ദേഹത്തെ ലോകം മുഴുവൻ ബഹുമാനിക്കുന്നതിന് കാരണമെന്നും മെലീസ്സ ലീയു അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമാണ് ധന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. നികുതി ഭരണ സംവിധാനം പൂർണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. കെഎസ്ആർടിസിയും കെഎസ്ഇബിയും സപ്ലൈകോയും കെട്ടിടനിർമ്മാണ ക്ഷേമനിധി ബോർഡും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും തകർന്ന് തരിപ്പണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ സെറ്റിൽമെന്റിൽ അവസാനിക്കും. തൃശൂരിൽ സിപിഐഎം-ബിജെപി സഖ്യം വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും മറച്ചുവയ്ക്കാനാണ് കേന്ദ്ര സർക്കാരിനെതിരായ സമരം. അതിനു പിന്നാലെ പോകാൻ വേറെ ആളെ നോക്കണം. സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഡൽഹിയിൽ പോയി സമരം ചെയ്താൽ അതിന്റെ പിന്നാലെ പോകാൻ വേറെ ആളെ നോക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. ധന കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. കണക്ക് നൽകിയിട്ടും കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാൻ സർക്കാർ തയാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പ്രതിപക്ഷവും യുഡിഎഫ് എംപിമാരും സർക്കാരിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികൾ മാത്രമെ പറയൂ. കോൺഗ്രസ് വിരുദ്ധതയാണ് സിപിഎം ലക്ഷ്യം. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. ഇത് രണ്ടുമാണ് കൂടിയോജിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും റദ്ദാക്കി കെഎസ്ആർടിസി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചുവെന്നാണ് വിവരം. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടെൻണ്ടറുകൾ റദ്ദാക്കിയതെന്ന വിവരമാണ് പുറത്തു വരുന്നത്.

കെഎസ്ആർടിസി റദ്ദാക്കിയത് തിരുവനന്തപുരം നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം 13 ബസുകൾ, കൊച്ചി സ്മാർട്ട് സിറ്റി പ്രകാരം 20 ബസുകൾ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് 50 ഡീസൽ സൂപ്പർ ഫാസ്റ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ടെൻഡറുകളാണ്. കേരളത്തിലെ നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 ഇ-ബസുകൾ സ്വീകരിക്കാൻ സമ്മതം അറിയിച്ച് ഒക്ടോബർ നാലിന് ഗതാഗത വകുപ്പ് കത്തയച്ചിരുന്നു.

ധന വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചാൽ ബസുകൾ ലഭിക്കും. എന്നാൽ പുതിയ മന്ത്രിയുടെ തീരുമാനം വ്യക്തമാകുന്നതു വരെ ഈ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ്. പദ്ധതി പ്രകാരം, ബസുകൾ നേടുന്നതിന് ധനവകുപ്പ് പേമെന്റ് സെക്യൂരിറ്റി മെക്കാനിസം ഉണ്ടാക്കണം. ഇതിനായി കേന്ദ്ര സർക്കാരുമായി ചേർന്ന് 83 കോടിയുടെ കോർപ്പസ് ഫണ്ട് ഉണ്ടാക്കണം. അതിൽ 48 കോടി സംസ്ഥാന വിഹിതമാണ്. ബസുകൾ നൽകുന്ന കമ്പനിക്ക് വാടക വിഹിതം കൃത്യമായി നൽകുന്നതിനും, വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കുന്നതിനും സർക്കാർ ഗ്യാരന്റിയാണ് കോർപ്പസ് ഫണ്ട്.

ന്യൂഡൽഹി: ജനുവരി ഇരുപത്തി രണ്ടിന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ചു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അര ദിവസം അവധി നൽകുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ തത്സമയ സംപ്രേഷണം കാണാനാണ് അവധി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യാ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ജീവനക്കാർക്ക് ചില സംസ്ഥാന സർക്കാരും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും മുഖ്യമന്ത്രി മോഹൻ യാദവ് പൊതുഅവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ജനുവരി 22ന് രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് ഉച്ചവരെ അവധി നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ എല്ലാ ഓഫീസുകളും അന്നേ ദിവസം ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും ധനകാര്യസ്ഥാപനങ്ങളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ജനുവരി 22-ന് ഉച്ചയ്ക്ക് 2:30 വരെ പ്രവർത്തിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകുന്നതിന് വേണ്ടിയാണ് അവധി നൽകുന്നതെന്നും ധനകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടുണ്ട്.