നിർമ്മാണ ചെലവ് 1,260 കോടി രൂപ; ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ചെന്നൈ: ചെന്നൈ അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര വ്യോമഗതാഗതമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കുകയും ചെയ്തു.

1,260 കോടി രൂപയാണ് ടെർമിനലിന്റെ നിർമ്മാണ ചെലവ്. നിലവിൽ നിർമാണത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ പാസഞ്ചർ കപ്പാസിറ്റി 3.5 കോടിയായി ഉയരും. ടെർമിനലിന്റെ നവീകരണം പിന്നീട് പൂർത്തിയാക്കും. മൊത്തം മുതൽമുടക്ക് 2,437 കോടി രൂപയാണ്.

2,20,972 ചതുരശ്ര മീറ്ററാണ് ടെർമിനലിന്റെ വിസ്തീർണ്ണം. 100 ചെക്ക്-ഇൻ കൗണ്ടറുകൾ, 17 ലിഫ്റ്റുകൾ, 17 എസ്‌കലേറ്ററുകൾ, ആറ് ബാഗേജ് റിക്ലെയിം ബെൽറ്റുകൾ എന്നിവയാണ് ടെർമിനലിലുള്ളത്.

അതേസമയം, ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള മുതൽക്കൂട്ടാണ് പുതിയ ടെർമിനലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഇത് സഹായകമാകുമെന്നും നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.