Highlights (Page 46)

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബ് സർക്കാരാണ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഒരു കോടി രൂപ സഹായധനം നൽകുമെന്നാണ് പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആണ് ധനസഹായം നൽകണമെന്ന് ഉത്തരവിട്ടത്. പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിൽ നാലു പേർ പഞ്ചാബ് സ്വദേശികളാണ്.

അതേസമയം, കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എൻഐഎ സംഘവും, ബോംബ് സ്‌ക്വാഡും സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസിൽ എൻഐഎ അന്വേഷണം നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടര്‍ വാഹന വകുപ്പിന്റെ 726 എഐ ക്യാമറകള്‍ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറകള്‍ കണ്ടെത്തുന്ന കുറ്റങ്ങള്‍ക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവില്‍ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതല്‍ പിഴ ഈടാക്കും. കേരളത്തിലെ റോഡുകള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കും. ബോധവല്‍ക്കരണത്തിന് ആവശ്യമായ സമയം നല്‍കണമെന്ന അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കിയത്. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷം 40,000 അപകടമാണ് കേരളത്തില്‍ നടക്കുന്നത്. നാലായിരത്തിലധികം പേര്‍ അപകടങ്ങളില്‍ മരിക്കുന്നു. ഇതില്‍ 58 ശതമാനവും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. 25 ശതമാനം കാല്‍നട യാത്രക്കാരാണ്. മരണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തതിനാലാണ്. സര്‍ക്കാര്‍ ഗതാഗത മേഖലയില്‍ പുതിയ ഒരു ചട്ടവും കൊണ്ടു വന്നിട്ടില്ല. നിലവിലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്. നിയമം പാലിക്കുന്നവര്‍ എഐ ക്യാമറയെ പേടിക്കേണ്ട. എഐ ക്യാമറ വരുന്നതോടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 236 കോടി ചെലവാക്കി 726 ക്യാമറകളാണ് കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. കെല്‍ട്രോണിനായിരുന്നു പൂര്‍ണ ചുമതല.

ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റർ ‘ഡിജിറ്റൽ ഹൈവേ’ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാതകളിൽ ഒപ്ടിക് ഫൈബർ കേബിളുകൾ (ഒഎഫ്സി) ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ ഹൈവേ യാഥാർഥ്യമാക്കുന്നത്.

എൻഎച്ച്എഐയുടെ കീഴിലുള്ള നാഷണൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് ദേശീയപാതകളിലുടനീളം യൂട്ടിലിറ്റി കോറിഡോറുകൾ സ്ഥാപിക്കും. 2025-ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കാനും പദ്ധതിയിടുന്നു. രാജ്യത്തെ ഉൾപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുകയും വരാനിരിക്കുന്ന 5ജി, 6ജി സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയപാതകളിൽ ഒഎഫ്സി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെലികോം/ ഇന്റർനെറ്റ് സേവനങ്ങൾക്കായി പ്ലഗ് ആൻഡ് പ്ലേ അല്ലെങ്കിൽ ഫൈബർ ഓൺ ഡിമാൻഡ് മോഡൽ ഒഎഫ്സി നെറ്റ് വർക്ക് അനുവദിക്കും. യോഗ്യരായ ഉപയോക്താക്കൾക്ക് ഒരു വെബ് പോർട്ടലിലൂടെ നിശ്ചിത വിലയിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഇക്കാര്യം സംബന്ധിച്ച് ടെലികോം വകുപ്പുമായും ട്രായിയുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടിയ വൈദ്യുതി ഉപയോഗം 2022 ഏപ്രിൽ 28 ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രിൽ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാൽ ഈ ആഴ്ച പതിനൊന്നാം തീയതി മുതൽ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുൻകാല റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി കേരളത്തിലെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഏപ്രിൽ 13 ന് വൈദ്യുതി ഉപഭോഗം 100.30 ദശലക്ഷം യൂണിറ്റും വൈദ്യുതി ആവശ്യകത 4903 മെഗാവാട്ടും ആയി. രണ്ടും സർവ്വകാല റെക്കോർഡ് ആണ്. വൈദ്യുതി ആവശ്യകത ഏപ്രിൽ, മേയ് മാസങ്ങളിൽ യഥാക്രമം 4700 മെഗാവാട്ട്, 4600 മെഗാവാട്ട് എന്നിങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ടുള്ള ആസൂത്രണമാണ് നടത്തിയത്. ഇപ്പോൾ പ്രതീക്ഷകൾക്കപ്പുറത്ത് വൈദ്യുതി ആവശ്യകത കൂടിയതായി കാണുന്നു. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉല്പാദനം ക്രമീകരിക്കുന്നതിന് വലിയ അണക്കെട്ടുകളിൽ ജൂൺ 1 ന് ശേഷം ഏകദേശം 20 ദിവസത്തേക്കുള്ള ഉല്പാദനം നടത്താൻ പര്യാപ്തമായ കരുതൽ ശേഖരം കണക്കിലെടുത്തുള്ള ആസൂത്രണം നടത്തിയിട്ടുണ്ടെന്ന് വൈദ്യുത മന്ത്രി പറഞ്ഞു.

ഏകദേശം 8 ശതമാനത്തോളം കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗവും, 12 ശതമാനത്തോളം കൂടിയ വൈദ്യുതി ആവശ്യകതയിൽ വർധനവ് വന്നിട്ടും വൈദ്യുതി നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താതെ തന്നെ നമുക്ക് മാനേജ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആഭ്യന്തര വൈദ്യുതി ഉത്പാദനം ക്രമീകരിച്ചുകൊണ്ടും, കേന്ദ്ര വൈദ്യുതി വിഹിതം, ഹ്രസ്വകാല, ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ, പവർ ബാങ്കിംഗ് സംവിധാനം എന്നീ മാർഗ്ഗങ്ങളിലൂടെ ഇത്തവണത്തെ വേനൽക്കാലത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപയോഗവും അധിക ഊർജ്ജ ആവശ്യകതയും നിറവേറ്റാൻ സാധിക്കുന്നതാണ്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈകുന്നേരം 6 മുതൽ 11 വരെയുള്ള സമയത്തെ വർദ്ധിച്ച ആവശ്യകതയ്ക്കനുസൃതമായി സംസ്ഥാനത്തിന് പുറത്തുനിന്ന് വലിയ വില നൽകി വൈദ്യുതി വാങ്ങി എത്തിച്ച് വിതരണം ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യവ്യാപകമായി നിലവിലുള്ള കൽക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കൽക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിർദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവിൽ വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തിൽ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താൽ പ്രതിസന്ധി മറികടക്കുന്നത് ബുദ്ധിമുട്ടാകും. എന്നാൽ മാന്യ ഉപഭോക്താക്കൾ അൽപ്പമൊന്ന് മനസ്സുവച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാകുന്നതേയുള്ളു. ഇസ്തിരിപ്പെട്ടി, വാട്ടർ പമ്പ് സെറ്റ്, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6 മുതൽ 11 വരെ ഉപയോഗിക്കാതിരിക്കുന്നതു വഴി ഈ പ്രതിസന്ധി നേരിടാൻ നമുക്ക് കഴിയും. വസ്ത്രങ്ങൾ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകൽ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

സെഗ്മന്റ് എനിതിംഗ് മോഡല്‍ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ച് മെറ്റ. ഇതില്‍ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയുന്നതിനുള്ള ഓപ്ഷനുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പല മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കി. മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് പ്രധാന പദ്ധതിയെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ നേരത്തെ തന്നെ മെറ്റഉപയോഗിച്ചിരുന്നു. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക മോഡറേഷനും സാം എഐ പ്രയോജനപ്പെടുത്താനാവും.

കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴക്കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്നും, ജാമ്യം അനുവദിക്കരുതെന്നും ഇഡി വാദിച്ചു.

അതേസമയം, കൊച്ചി പിഎംഎല്‍എ കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കേസ് കൊണ്ടുപോകാനാണ് തന്നെ കരുവാക്കുന്നത്. സമാനമായ കേസില്‍ നേരത്തെ തനിക്ക് ജാമ്യം കോടതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്.ക്തമാക്കിയിരുന്നു.

എന്നാല്‍, ശിവശങ്കറാണ് ലൈഫ് മിഷന്‍ കോഴക്കേസിലെ മുഖ്യപ്രതിയെന്നാണ് ഇഡി കോടതിയെ ബോധിപ്പിച്ചത്. സമാനമായ കേസില്‍ തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന ശിവശങ്കര്‍ ഇഡിയെ അറിയിച്ചെങ്കിലും രണ്ടും രണ്ടു കേസാണെന്നാണ് ഇഡി വ്യക്തമാക്കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ലൈഫ് മിഷന്‍ കേസ് വരുന്നതെന്നും ഇത് വേറെ കേസായാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.

കൊച്ചി: മാലിന്യ സംസ്‌കരണ സംവിധാനം കർശനമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ 54 ലക്ഷം രൂപ പിഴ ഈടാക്കി. കോർപ്പറേഷൻ പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസം നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തുന്നവരിൽ നിന്നും പിഴ ഈടാക്കിയത്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റൈ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും, വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെയും അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള രണ്ടു സ്‌ക്വാഡുകൾ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ കൊച്ചി കോർപ്പറേഷൻ ഒഴികെയുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നത് ഏപ്രിൽ 30 വരെ മാത്രം അനുവദിക്കാനും യോഗത്തിൽ തീരുമാനമായി. അതിനുള്ളിൽ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണം.

തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി ശരിയായ രീതിയിൽ മാലിന്യ സംസ്‌കരണ പരിപാടികൾ നടപ്പിലാക്കേണ്ടതിന്റെ നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണം. ശരിയായ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു.

വ്യാപകമായ രീതിയിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്യാമ്പയിൻ വരുംദിവസങ്ങളിൽ സംഘടിപ്പിക്കണം. വിവിധ നഗരസഭകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിൽ മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂർ മുനിസിപ്പാലിറ്റികളിൽ ക്യാമ്പയിൻ കാര്യക്ഷമമായി നടക്കുന്നതായും യോഗം വിലയിരുത്തി.

കൊച്ചി നഗരത്തിൽ നിലവിലുളള പ്രതിസന്ധിയെ തുടർന്ന് അവശേഷിക്കുന്ന അജൈവ മാലിന്യങ്ങൾ ഒറ്റ തവണയായി നീക്കം ചെയ്യുന്നതിനുള്ള സാധ്യത കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി ചേർന്ന് പരിശോധിക്കും. വഴിയരികിൽ മാലിന്യം നിക്ഷേപിക്കുന്നത് പിടിക്കുന്നതിന് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കണം. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രചരണ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദർശന വിപണന മേള ഏപ്രിൽ 30 ന് മുമ്പായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, സാധ്യമായിടങ്ങളിലിൽ സിസിടിവി ക്യാമറ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് തലത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുകയും, തെരഞ്ഞെടുക്കപ്പെടുന്ന ഹരിത കർമസേന അംഗങ്ങളെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനകരായി നിയോഗിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായും പൂർണമായും നടപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ സമർപ്പിച്ച കർമപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. ഓൺലൈനായി ചേർന്ന യോഗത്തിൽ എംഎൽഎമാരായ ടി. ജെ വിനോദ്, കെ ബാബു, പി വി ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭ അധ്യക്ഷന്മാർ, സെക്രട്ടറിമാർ മറ്റു ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തൃശൂര്‍: എല്ലാ മതവിഭാഗങ്ങളിലും വര്‍ഗീയ സംഘടനകളുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ പിന്തുണച്ച് ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നാല്‍, ഇത്തരം സംഘടനകളുടെ ലക്ഷ്യമല്ല മതത്തിനുള്ളത്. മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് ഭാരതത്തെ അപഹസിക്കുന്നവരുടെ ഒരു സമൂഹം അന്താരാഷ്ട മാധ്യമത്തിലേക്ക് ഇവിടെ നിന്ന് പോകുന്നുണ്ട്. രാജ്യത്ത് ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നുവെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യ വലിയൊരു രാജ്യമാണ്. സ്വാഭാവികമായും ചില അസ്വാരസ്യങ്ങളുണ്ടാകും. അത്തരം സാഹചര്യത്തില്‍ നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം ആവശ്യമാണെങ്കില്‍ പ്രതിഷേധിക്കുകയും ചെയ്യണം. ഓര്‍ത്തഡോക്സ് സഭയുടെ വക്താവല്ല ഞാന്‍. എല്ലാവര്‍ക്കും വ്യക്തിസ്വാതന്ത്ര്യമുണ്ട്. എന്നാല്‍, എന്റെ വ്യക്തിസ്വാതന്ത്യം ഒരിക്കലും സഭയുടെ പൊതുധാരയ്ക്ക് എതിരാവില്ല. ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജിനെതിരായ ആരോപണങ്ങളില്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഔദ്യോഗികമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. ആളുകളുടെ വ്യക്തിത്വ വികസനത്തിനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ബഹുസ്വരതയുള്ള നാട്ടില്‍ ചില ഉരസുകളൊക്കെയുണ്ടാകാം. സ്ത്രീകളെ സംരക്ഷിക്കാനാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്നത്’- അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: കവി സുഗത കുമാരിയുടെ വീടായ ‘വരദ’ ഇപ്പോഴത്തെ ഉടമ കൈമാറാൻ തയാറായാൽ വില നൽകി സർക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സുഗത കുമാരിയുടെ വീട് അടിയന്തരമായി ഏറ്റെടുത്തു സ്മാരക മന്ദിരമാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രി കണ്ടിരുന്നു. ഈ സമയമാണ് സർക്കാർ ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്.

വിഷയത്തിലെ സാധ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സജി ചെറിയാന് ചുമതല നൽകി. സുഗതകുമാരിയുമായി ഏറെ ആത്മബന്ധമുള്ള ആളെന്ന നിലയിലാണു ‘വരദ’ ഏറ്റെടുക്കുന്ന വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂര്യ കൃഷ്ണമൂർത്തി വ്യക്തമാക്കുന്നത്. സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിയെയും മന്ത്രിയെയും കണ്ട് വിഷയം സംസാരിച്ചത് കണ്ണൂരിൽ വെച്ചാണ്.

ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്.

എക്സ്പ്രസ് വേ നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 8,300 കോടി രൂപ ചെലവിട്ടാണ് പദ്ധതി നിർമ്മിക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഡെറാഡൂണിന് സമീപമുള്ള ഹൈവേയുടെ അവസാന 20 കിലോമീറ്റർ ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജാജി നാഷണൽ പാർക്കിന്റെ ഇക്കോ സെൻസിറ്റീവ് സോണിലൂടെയാണ് ഇത് കടന്നുപോകുന്നത്. 340 മീറ്റർ ദത്ത് കാലി തുരങ്കം ഉൾപ്പെടുന്ന 12 കിലോമീറ്റർ എലിവേറ്റഡ് വന്യജീവി ഇടനാഴിയാണ് നിർമിക്കുന്നത്. ചുറ്റുമുള്ള വന്യജീവികളെ സംരക്ഷിക്കാനാണ് തുരങ്കം ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.

2020-ൽ ആണ് ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമാണത്തിന് അനുമതി നൽകി. ഗണേഷ്പൂർ-ഡെറാഡൂൺ റോഡിൽ (NH-72A) സ്ട്രെച്ചിലെ മൃഗങ്ങളുടെ ഇടനാഴിയിൽ പരിസ്ഥിതിക്ക് ഒരു നാശവും സംഭവിക്കില്ലെന്നും ഒരു തടസ്സവും ഉണ്ടാക്കില്ലെന്നും വിലയിരുത്തിയ ശേഷമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയത്.