കശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം; പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

അയോധ്യയില്‍ നിന്ന് ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാന്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. അയോധ്യ, വൈഷ്ണോ ദേവി, പ്രയാഗ്രാജ്, വാരണസി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.

ഉത്തര്‍ ദര്‍ശന്‍ എന്ന പേരിട്ടിരിക്കുന്ന ഈ പാക്കേജിന് 20,850, 31,135 എന്നിങ്ങനെയാണ് നിരക്കുകള്‍. 11 പകലും 10 രാത്രിയുമാണ് യാത്ര നീണ്ടുനില്‍ക്കുക. മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെയായിരിക്കും യാത്ര. അസമിലെ ദിബ്രുഗഢില്‍ നിന്നാണ് ഈ ഭാരത് ഗൗരവ് ട്രെയിന്‍ പുറപ്പെടുക.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് വൈഷ്ണോ ദേവി ക്ഷേത്രത്തിലുള്ളത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ റെയില്‍വേ 2021-ല്‍ ഭാരത് ഗൗരവ് എന്ന പദ്ധതി ആരംഭിച്ചത്.