ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ (സ്ഥിരവിവരകണക്ക്) കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. 53ല്‍ 46 വോട്ട് നേടിയാണ് ഇന്ത്യ അംഗത്വം എടുത്തത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിവരം പുറത്തുവിട്ടത്. ഇതിനു പിന്നില്‍ പരിശ്രമിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ജനുവരി ഒന്നിന് ആരംഭിക്കുന്ന ഇന്ത്യയുടെ അംഗത്വ കാലാവധി നാലുവര്‍ഷമാണ്. അതേസമയം, റിപ്പബ്ലിക് ഓഫ് കൊറിയ (ദക്ഷിണ കൊറിയ), ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് രണ്ടു സീറ്റുകള്‍ക്കു വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്. ദക്ഷിണ കൊറിയയ്ക്ക് 23, ചൈനയ്ക്ക് 19, യുഎഇക്ക് 15 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.
രാജ്യാന്തര സ്ഥിരവിവര കണക്കുകള്‍ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന ഉന്നതതല സംഘടനയായ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ആണ് 24 അംഗ യുഎന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനെ തിരഞ്ഞെടുക്കുന്നത്.

