Highlights (Page 45)

ന്യൂഡല്‍ഹി: ഗാല്‍വാന്‍ നദിക്കരയില്‍ ഇന്ത്യയുടെ ഭാഗത്തെ റോഡ് നിര്‍മ്മാണം ചൈന എതിര്‍ത്തതിനെ തുടര്‍ന്നാണ് 2020 മേയ് അഞ്ചിന് ഇരു രാജ്യത്തെ സൈനികര്‍ തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇപ്പോഴും സ്ഥലത്ത് നിലനിന്ന സംഘര്‍ഷം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. പാകിസ്ഥാനിലൂടെയടക്കം കടന്നുപോകുന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് എന്നത് ഇന്ത്യയ്ക്കെതിരെയുള്ള ചൈനയുടെ പ്രതിരോധം കൂട്ടാനുള്ള ശ്രമമായിരുന്നു.

ഇന്ത്യയുടെ ചുറ്റിനുമുള്ള രാജ്യങ്ങളില്‍ നയതന്ത്ര ബന്ധമുണ്ടാക്കിയെടുത്തിരിക്കുകയാണ് ചൈന. പാകിസ്ഥാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പാക്കാന്‍ സാമ്പത്തികവും സൈനികവുമായ സഹായം നല്‍കി ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇവിടങ്ങളില്‍ സൈനികശക്തി പ്രകടിപ്പിക്കാനുള്ള ചൈനയുടെ ഈ ശ്രമം ആശങ്കകള്‍ക്ക് വകവച്ചിട്ടുണ്ട്. സാമ്പത്തികമായി തകര്‍ച്ചയെ നേരിടുന്ന ഈ രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥയെ വരെ നേരിട്ട് ചൈനയുടെ നയം സ്വാധീനിക്കുകയുമാണ്. ‘ചൈനയുടെ ഉയര്‍ച്ചയും അതില്‍ ലോകത്തിനുണ്ടാകുന്ന പ്രത്യാഘാതവും’ എന്ന വിഷയത്തില്‍ പ്രസംഗിക്കവെ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ സൂചിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ചൈന പിന്തുടരുന്ന പ്രകോപനപരമായ നിലപാടും മേഖലയില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളും അദ്ദേഹം വ്യക്തമാക്കി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയെ ദ്രുതഗതിയില്‍ വികസിപ്പിക്കുന്നത് ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും ജനറല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രാതിര്‍ത്തികളില്‍ ചൈന നിരന്തരം സൃഷ്ടിക്കുന്ന ഭീഷണിയെ അതേ നാണയത്തില്‍ തന്നെയാണ് ഇന്ത്യ നേരിടുന്നത്. ചൈന ബന്ധം സ്ഥാപിക്കുന്ന ഇതേ രാജ്യങ്ങളുമായി പരമാവധി സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധം മെച്ചപ്പെടുത്തുകയും ചൈനയുമായി നിരന്തരം എതിര്‍പ്പുണ്ടാകുന്ന തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ഏഷ്യാ-പസഫിക് മേഖലയിലെ രാജ്യങ്ങളുമായും ആഴത്തിലേറിയ മികച്ച ബന്ധം ഉണ്ടാക്കിയെടുക്കാനും ഇന്ത്യയ്ക്കായിട്ടുണ്ട്.

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. ഇതുവരെ റെയർ ഗ്രൂപ്പ് ഉൾപ്പെടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്കെത്തിച്ചു നൽകാൻ പോലീസിന് കഴിഞ്ഞിട്ടുണ്ട്. രക്തദാനത്തിന് സന്മനസ് ഉളളവർ പേര്, രക്ത ഗ്രൂപ്പ്, ജില്ല എന്നിവ 9497990500 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

കേരള പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. രക്ത ദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.

ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്‌ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെടും.

തിരുവനന്തപുരം: എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമക്കാർക്കും സിവിൽ എൻജിനിയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. പ്രായപരിധി 27 വയസ്.

തെരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധർ പരിശീലനവും മാർഗനിർദേശങ്ങളും നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സർക്കാർ അംഗീകൃത സ്റ്റൈപൻഡും നൽകും. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഹരിതകേരളം മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓൺലൈൻ സംവിധാനം www.careers.haritham.kerala.gov.in മുഖേന മെയ് 5 വരെ അപേക്ഷിക്കാം.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തീര്‍ഥാടനത്തിനായി തുറന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി ഗംഗോത്രി ക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ നടത്തിയതോടൊപ്പം തീര്‍ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടനം പുനരാരംഭിച്ചത്. യാത്രയുടെ ഭാഗമായി ശക്തമായ സുരക്ഷയാണ് എല്ലാ സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 25-ന് കേദാര്‍നാഥും 27-ന് ബദരിനാഥും തീര്‍ഥാടനത്തിനായി തുറക്കും. കേദാര്‍നാഥ് തുറക്കുന്നതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ 20 ക്വിന്റല്‍ പൂക്കള്‍ കൊണ്ട് അലങ്കൃതമാക്കിയിരുന്നു.

പതിനേഴ് ലക്ഷത്തോളം പേരാണ് ഇത്തവണ ചാര്‍ധാം യാത്രക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ചാര്‍ധാം യാത്രയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ സഞ്ചാരികളെ ട്രാക്ക് ചെയ്യാനും തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് ഒഴിവാക്കാനായി തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ടോക്കണുകള്‍ നല്‍കും.

കൊച്ചി: കേരളത്തിൽ ചിലർ രാവും പകലും അധ്വാനിക്കുന്നത് സ്വർണക്കടത്ത് നടത്തുന്നതിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്ത് പോലെയുള്ള കാര്യങ്ങൾ യുവാക്കളിൽനിന്ന് മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച യുവം-2023 പരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നത് എങ്ങനെയാണെന്ന് യുവാക്കൾക്ക് നന്നായറിയാം. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലത്ത് കേരളം വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. അത് മനസിലാക്കിയാണ് കേന്ദ്ര സർക്കാർ സൗജന്യ റേഷനും സൗജന്യ വാക്സിനും നൽകിയത്. കേന്ദ്ര സർക്കാർ ഇന്നും ജനങ്ങൾക്ക് സൗജന്യമായി വീട് നൽകുന്നു. മുദ്ര വായ്പ ലഭ്യമാക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ജനങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് നൽകുന്നതിനും വേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിലും കുതിപ്പുണ്ടായി. കണ്ണൂരിലും കൊച്ചിയിലും വിമാനത്താവളങ്ങൾ വന്നു. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിച്ചു. കൊച്ചി മെട്രോ വികസനത്തിനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. മത്സ്യമേഖലയുടെ ആധുനികവത്കരണത്തിന് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകി. കേരളത്തിൽ 800 കോടിയുടെ സഹായം നൽകി. മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിച്ചു. കിസാൻ ക്രെഡിറ്റ് കാർഡിൽ മത്സ്യമേഖലയെക്കൂടി ഉൾപ്പെടുത്തി. കേന്ദ്ര സേനകളിൽ ജോലി ലഭിക്കുന്നതിനുള്ള പരീക്ഷകൾ 13 ഭാഷകളിൽ എഴുതാൻ അവസരം ഒരുക്കിയെന്നും പ്രധാമന്ത്രി അറിയിച്ചു.

കേരളാ സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലല്ല കേരള സർക്കാരിന്റെ ശ്രദ്ധ. തൊഴിൽ മേളകൾ നടത്തുന്നതിനോ സർക്കാർ ഒഴിവുകൾ നികത്തുന്നതിനോ കേരളത്തിലെ സർക്കാരിന് താത്പര്യമില്ല. കേരളത്തിലെ ജനങ്ങൾക്ക് നിരവധി വർഷങ്ങളായി തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നു. രണ്ടുകൂട്ടർ ചേർന്ന് കേരളത്തിലെ ജനങ്ങളെ കുരുതികൊടുക്കുകയാണ്. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നു. ഇങ്ങനെ ചെയ്യുന്ന രണ്ട് ആശയങ്ങളെയും പരാജയപ്പെടുത്തേണ്ട സമയമായിരിക്കുന്നു. കേന്ദ്ര സർക്കാർ യുവാക്കളോട് ചേർന്നുനിൽക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കുന്നു. മുൻ സർക്കാരുകൾ കുംഭകോണങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ബിജെപി സർക്കാർ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹം ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച വളരെ മികച്ചതായിരുന്നുവെന്നാണ് ബിഷപ്പുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ബിഷപ്പുമാർ വെളിപ്പെടുത്തി. താജ് ഹോട്ടലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ച്ചയിൽ നരേന്ദ്ര മോദിയോടൊപ്പം ഉണ്ടായിരുന്നു. മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക (ഓർത്തഡോക്‌സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്ബിൽ (ലത്തീൻ കത്തോലിക്ക സഭ), കുര്യാക്കോസ് മാർ സേവേറിയൂസ് (ക്‌നാനായ സിറിയൻ സഭ, ചിങ്ങവനം) തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും പ്രത്യേകമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഇരുവരും വൈകിയതാണ് പ്രത്യേക കൂടിക്കാഴ്ച്ച നടക്കാൻ കാരണം. എന്ത് കാര്യങ്ങൾക്കും സഭാ നേതൃത്വത്തിന് തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി ബിഷപ്പുമാരെ അറിയിച്ചു. എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സമീപിക്കാമെന്നും മതമേലദ്ധ്യക്ഷന്മാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊർജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് 200 രൂപ മുടക്കിയാല്‍ പുത്തന്‍ സമാര്‍ട്ട് ലൈസന്‍സ് സ്വന്തമാക്കാം. എന്നാല്‍, പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറുമ്‌ബോള്‍ പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല.

പരിവാഹന്‍ വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ ലൈസന്‍സ് തപാലിലൂടെ ലഭിക്കണമെന്നുള്ളവര്‍ തപാല്‍ ഫീസും അടയ്ക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തേക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള 120 രൂപയും തപാല്‍ക്കൂലിയും നല്‍കേണ്ടി വരും.

മെയ് മുതല്‍ വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പെറ്റ് ജി കാര്‍ഡിലേക്ക് മാറും. ഏഴ് സുരക്ഷാ സംവിധാനങ്ങളാണ് ഈ കാര്‍ഡിലും ഒരുക്കിയിട്ടുള്ളത്. എടിഎം കാര്‍ഡുകളുടെ മാതൃകയില്‍ പേഴ്സില്‍ സൂക്ഷിക്കാവുന്ന തരത്തിലാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിനാല്‍ തന്നെ അക്ഷരങ്ങള്‍ മായില്ല. പ്രത്യേക നമ്ബര്‍, അള്‍ട്രവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, സൈഡുകളില്‍ മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറം മാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭ്യമാകുന്ന ക്യൂആര്‍കോഡ് എന്നിവ ഇതിലെ പ്രത്യേകതകളാണ്.

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവി തയാറാക്കിയ റിപ്പോര്‍ട്ട് ചോര്‍ന്നത് അതീവ ഗൗരവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. കേരള പൊലീസ് കാര്യങ്ങള്‍ ലാഘവത്തോടെയാണ് എടുത്തതെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും സാധാരണ ഉദ്യോഗസ്ഥനില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം, ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെ കുറിച്ച് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതു പോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശമുണ്ട്. അതിനിടെ, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാവിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നാളെ വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങൾക്ക് ഇക്കാര്യത്തിൽ നിരവധി സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകൾ സ്ഥാപിച്ചെന്നാണ് സർക്കാർ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചെലവും ഉൾപ്പെടെ വിശദമായ കണക്ക് പുറത്തുവിടാൻ സർക്കാരിന് ബാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയത്. ക്യാമറകൾ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെൽട്രോൺ ഉപകരാറുകൾ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ കമ്പനികൾക്ക്? അതിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തിൽ ഉപകരാറുകൾ നൽകിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളിൽ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതികവിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകൾ സംഘപരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എഐ ക്യാമറയെ സംബന്ധിച്ച് സർക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നൽകുന്നത്.

പൊതുഖജനാവിൽ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകൾ എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങൾ പകർത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകൾ ഈ ക്യാമറകൾക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടെ ചോർന്നുവെന്നാണ് വിവരം. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സുരക്ഷാ റിപ്പോർട്ട് നൽകിയിരുന്നത്. എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ റിപ്പോർട്ട് ചോർന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോർച്ചയുടെ സാഹചര്യത്തിൽ പുതിയ സുരക്ഷാ സ്‌കീം തയ്യാറാക്കാനും ആരംഭിച്ചു.

പ്രധാനമന്ത്രി കേരളത്തിൽ എത്തിചേരുന്നത് മുതൽ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാൽ സ്വീകരിക്കേണ്ട ബദൽ മർഗങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ചോർന്ന സുരക്ഷാ സ്‌കീമിൽ ഉണ്ടായിരുന്നു. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്‌ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു.