ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് മേധാവി തയാറാക്കിയ റിപ്പോര്‍ട്ട് ചോര്‍ന്നത് അതീവ ഗൗരവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. കേരള പൊലീസ് കാര്യങ്ങള്‍ ലാഘവത്തോടെയാണ് എടുത്തതെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഏതെങ്കിലും സാധാരണ ഉദ്യോഗസ്ഥനില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം, ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെ കുറിച്ച് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഗൗരവത്തിലെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതു പോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശമുണ്ട്. അതിനിടെ, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷാവിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാളെ വൈകിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തിന് തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പരിപാടികളുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ്കുമാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് വ്യക്തമാക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രിക്കു നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

