കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണം; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങൾക്ക് ഇക്കാര്യത്തിൽ നിരവധി സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 236 കോടി രൂപ ചെലവഴിച്ച് 726 ക്യാമറകൾ സ്ഥാപിച്ചെന്നാണ് സർക്കാർ പറയുന്നത്. അതായത് 33 ലക്ഷത്തോളമാണ് ഒരു ക്യാമറയുടെ വില. ഇത്രയും തുക ഒരു ക്യാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാമറകളുടെ യഥാർഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചെലവും ഉൾപ്പെടെ വിശദമായ കണക്ക് പുറത്തുവിടാൻ സർക്കാരിന് ബാധ്യതയുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെയാണ് ക്യാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ചുമതലപ്പെടുത്തിയത്. ക്യാമറകൾ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെൽട്രോൺ ഉപകരാറുകൾ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ കമ്പനികൾക്ക്? അതിൽ വിദേശ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തിൽ ഉപകരാറുകൾ നൽകിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ ക്യാമറകളിൽ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എ.ഐ സാങ്കേതികവിദ്യ? ഇങ്ങനെ എ.ഐ ക്യാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും സർക്കാർ മറുപടി നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ കറൻസിയിൽ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകൾ സംഘപരിവാർ സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എഐ ക്യാമറയെ സംബന്ധിച്ച് സർക്കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നൽകുന്നത്.

പൊതുഖജനാവിൽ നിന്നും ഇത്രയും വലിയ തുക ചെലവഴിച്ച് സ്ഥാപിക്കുന്ന ക്യാമറകൾ എഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രകടിപ്പിച്ചതും ഏറെ ഗൗരവതരമാണ്. ദൃശ്യങ്ങൾ പകർത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകൾ ഈ ക്യാമറകൾക്ക് ഉണ്ടോയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.