കൊച്ചി: കേരളത്തിൽ ചിലർ രാവും പകലും അധ്വാനിക്കുന്നത് സ്വർണക്കടത്ത് നടത്തുന്നതിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്ത് പോലെയുള്ള കാര്യങ്ങൾ യുവാക്കളിൽനിന്ന് മറച്ചുവെക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച യുവം-2023 പരിപാടിയെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അധികാരത്തിലിരിക്കുന്നവർ ചെറുപ്പക്കാരുടെ ഭാവികൊണ്ട് പന്താടുന്നത് എങ്ങനെയാണെന്ന് യുവാക്കൾക്ക് നന്നായറിയാം. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലത്ത് കേരളം വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. അത് മനസിലാക്കിയാണ് കേന്ദ്ര സർക്കാർ സൗജന്യ റേഷനും സൗജന്യ വാക്സിനും നൽകിയത്. കേന്ദ്ര സർക്കാർ ഇന്നും ജനങ്ങൾക്ക് സൗജന്യമായി വീട് നൽകുന്നു. മുദ്ര വായ്പ ലഭ്യമാക്കുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ജനങ്ങൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് നൽകുന്നതിനും വേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസന രംഗത്ത് കേരളത്തിലും കുതിപ്പുണ്ടായി. കണ്ണൂരിലും കൊച്ചിയിലും വിമാനത്താവളങ്ങൾ വന്നു. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിച്ചു. കൊച്ചി മെട്രോ വികസനത്തിനുള്ള പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. മത്സ്യമേഖലയുടെ ആധുനികവത്കരണത്തിന് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകി. കേരളത്തിൽ 800 കോടിയുടെ സഹായം നൽകി. മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിച്ചു. കിസാൻ ക്രെഡിറ്റ് കാർഡിൽ മത്സ്യമേഖലയെക്കൂടി ഉൾപ്പെടുത്തി. കേന്ദ്ര സേനകളിൽ ജോലി ലഭിക്കുന്നതിനുള്ള പരീക്ഷകൾ 13 ഭാഷകളിൽ എഴുതാൻ അവസരം ഒരുക്കിയെന്നും പ്രധാമന്ത്രി അറിയിച്ചു.
കേരളാ സർക്കാരിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലല്ല കേരള സർക്കാരിന്റെ ശ്രദ്ധ. തൊഴിൽ മേളകൾ നടത്തുന്നതിനോ സർക്കാർ ഒഴിവുകൾ നികത്തുന്നതിനോ കേരളത്തിലെ സർക്കാരിന് താത്പര്യമില്ല. കേരളത്തിലെ ജനങ്ങൾക്ക് നിരവധി വർഷങ്ങളായി തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നു. രണ്ടുകൂട്ടർ ചേർന്ന് കേരളത്തിലെ ജനങ്ങളെ കുരുതികൊടുക്കുകയാണ്. കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നു. ഇങ്ങനെ ചെയ്യുന്ന രണ്ട് ആശയങ്ങളെയും പരാജയപ്പെടുത്തേണ്ട സമയമായിരിക്കുന്നു. കേന്ദ്ര സർക്കാർ യുവാക്കളോട് ചേർന്നുനിൽക്കുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള വികസനം സാധ്യമാക്കുന്നു. മുൻ സർക്കാരുകൾ കുംഭകോണങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ബിജെപി സർക്കാർ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

