കൊച്ചി: ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹം ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തിയത്. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സഭയുടെ ആശങ്കകൾ തന്റെ ശ്രദ്ധയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച വളരെ മികച്ചതായിരുന്നുവെന്നാണ് ബിഷപ്പുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സഭയുടെ ആശങ്കകളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ബിഷപ്പുമാർ വെളിപ്പെടുത്തി. താജ് ഹോട്ടലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണനും കൂടിക്കാഴ്ച്ചയിൽ നരേന്ദ്ര മോദിയോടൊപ്പം ഉണ്ടായിരുന്നു. മാർ ജോർജ്ജ് ആലഞ്ചേരി (സിറോ മലബാർ സഭ), ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക (ഓർത്തഡോക്‌സ് സഭ), ജോസഫ് മാർ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാർ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാർ ഔജിൻ കുര്യാക്കോസ് (കൽദായ സുറിയാനി സഭ), കർദ്ദിനാൾ മാർ ക്ലീമിസ് (സിറോ മലങ്കര സഭ), ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്ബിൽ (ലത്തീൻ കത്തോലിക്ക സഭ), കുര്യാക്കോസ് മാർ സേവേറിയൂസ് (ക്‌നാനായ സിറിയൻ സഭ, ചിങ്ങവനം) തുടങ്ങിയവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായും പ്രത്യേകമായിട്ടായിരുന്നു കൂടിക്കാഴ്ച്ച നടന്നത്. ഇരുവരും വൈകിയതാണ് പ്രത്യേക കൂടിക്കാഴ്ച്ച നടക്കാൻ കാരണം. എന്ത് കാര്യങ്ങൾക്കും സഭാ നേതൃത്വത്തിന് തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി ബിഷപ്പുമാരെ അറിയിച്ചു. എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ സമീപിക്കാമെന്നും മതമേലദ്ധ്യക്ഷന്മാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊർജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

