Highlights (Page 39)

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത യോഗം ചേരാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. ജൂൺ 12-ന് ബിഹാറിലെ പട്നയിൽ വെച്ച് ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്താനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യത്തിൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച് വരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയായുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ജൂണിൽ കൂടിക്കാഴ്ച തീരുമാനിച്ചത്. നിതിഷ് കുമാർ നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ ഒറ്റക്കെട്ടായുള്ള തീരുമാനമുണ്ടായതെന്നാണ് വിവരം. തുടർന്നും ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അതേസമയം, ജൂണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയോടെ ബിജെപി ഇതരസഖ്യത്തിനായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ തയ്യാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ പിടിയിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യരംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റമാണ്. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രവർത്തനങ്ങളെയും അദ്ദേഹം ഉയർത്തിക്കാട്ടി. കൊച്ചി ലിസി ആശുപത്രിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പൊലീസിന്റെ പ്രവർത്തനങ്ങളിൽ ജനവിരുദ്ധമായ സമീപനം ഉണ്ടായപ്പോൾ സർക്കാർ കടുത്ത നിലപാട് എടുത്തു. ജനകീയ സേനയായി പൊലീസ് സേന മാറി. ദുരന്ത ഘട്ടങ്ങളിൽ പൊലീസ് സേന ആശ്വാസമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽ അവധിയ്ക്ക് ശേഷം സ്‌കൂൾ തുറക്കാനൊരുങ്ങുകയാണ്. കുട്ടികളുടെ സ്‌കൂളിലേക്കും തിരികെയുമുള്ള യാത്രയാണ് സ്‌കൂൾ തുറന്നു കഴിഞ്ഞാലുള്ള രക്ഷിതാക്കളുടെ പ്രധാന ആശങ്ക. സ്‌കൂളുകൾ തുറക്കാൻ ഒരുങ്ങുമ്പോൾ മാതാപിതാക്കളുടെ ഈ ആശങ്ക മാറ്റുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് രക്ഷിതാക്കൾക്കായി എംവിഡി ‘വിദ്യാ വാഹൻ’ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനം ഉപയോഗിച്ച് തന്റെ കുട്ടി സഞ്ചരിക്കുന്ന സ്‌കൂൾ വാഹനത്തിന്റെ വിവരങ്ങൾ അറിയുന്നതിനാണ് ഈ ആപ്പ്.

ആപ്പിന്റെ പ്രവർത്തനം എങ്ങനെയെന്ന് നോക്കാം.

  1. പ്ലേ സ്റ്റോറിൽ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം. ഡൗൺ ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് ഉള്ള ലിങ്ക് ചുവടെ കൊടുക്കുന്നു.
  2. റജിസ്റ്റർഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് വിദ്യാ വാഹൻ ആപ്പിൽ ലോഗിൻ ചെയ്യാം.
  3. മൊബൈൽ നമ്പർ വിദ്യാ വാഹൻ ആപ്പിൽ റജിസ്റ്റർ ചെയ്ത് തരേണ്ടത് വിദ്യാലയ അധികൃതർ ആണ്.
  4. ഒരു രക്ഷിതാവിന് ഒന്നിലധികം വാഹനവുമായി തന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെങ്കിൽ അത് വിദ്യാലയ അധികൃതർക്ക് ചെയ്ത് തരാൻ സാധിക്കും.
  5. ആപ്പിൽ പ്രവേശിച്ചാൽ രക്ഷിതാവിന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് കാണാം.
  6. locate ചെയ്യേണ്ട വാഹനത്തിന്റെ നേരെയുള്ള ബട്ടൺ അമർത്തിയാൽ രക്ഷിതാവിന് തന്റെ കുട്ടി സഞ്ചരിക്കുന്ന വാഹനം ഒരു മാപ്പിലൂടെ ട്രാക്ക് ചെയ്യാം.
  7. വാഹനം ഓടുകയാണോ എന്നും, വാഹനത്തിന്റെ location, എത്തിച്ചേരുന്ന സമയം എന്നിവ Mvd/സ്‌കൂൾ അധികാരികൾക്കും രക്ഷിതാവിനും കാണാം
  8. ആപ്പിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്‌കൂൾ അധികാരി എന്നിവരെ ഫോൺ മുഖാന്തിരം വിളിക്കാം.
  9. വാഹനം ഓടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണെങ്കിൽ ഡ്രൈവറെ വിളിക്കാൻ സാധിക്കില്ല.
  10. കൃത്യമായ data കിട്ടുന്നില്ല എങ്കിൽ ‘Refresh’ ബട്ടൺ അമർത്തുക.
  11. വിദ്യ വാഹൻ സംബന്ധിച്ച സംശയങ്ങൾക്ക് troll free നമ്പർ ആയ 1800 599 7099 എന്ന നമ്പറിൽ വിളിക്കാം.
  12. ആപ് ഇൻസ്റ്റാൾ ചെയ്ത് റജിസ്റ്റർ ചെയ്യുന്നതിന് അതാത് സ്‌കൂൾ അധികാരികളെ ബന്ധപ്പെടുക.

കൊച്ചി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. രാഷ്ട്രപതിയെ ചടങ്ങിലേക്ക് വിളിക്കാതിരുന്നത് മോശമായിപ്പോയെന്ന് ശശി തരൂർ വ്യക്തമാക്കി. ആ അഭിപ്രായമുള്ളതുകൊണ്ടാണ് ചടങ്ങ് കോൺഗ്രസ് ബഹിഷ്‌ക്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഉദ്ഘാടനത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു.

മെയ് 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കുന്നത്. പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വയ്ക്കുന്നത്. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി, ശിവസേന, എൻസിപി, എസ് പി, ആർജെഡി സിപിഐ, സിപിഎം, മുസ്ലിംലീഗ്, ജാർഖണ്ഡ്, മുക്തി മോർച്ച, നാഷണൽ കോൺഫറൻസ്, കേരളാ കോൺഗ്രസ് എം, ആർഎസ്പി, രാഷ്ട്രീയ ലോക്ദൾ, വിടുതലൈ ചിരുതൈഗൽ കച്ചി, എംഡിഎംകെ ഉൾപ്പെടെ 19 പാർട്ടികളാണ് സംയുക്ത പ്രസ്താവന പുറത്തിക്കിയത്.

വാഷിംഗ്ടൺ: അമേരിക്കയിൽ ഉയർന്ന വ്യാപനശേഷിയുള്ള റിങ് വേം (ringworm) അഥവാ ടീനിയ (tinea) എന്ന ഫംഗൽ രോഗം സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 28, 47 വയസ്സുള്ള രണ്ട് സ്ത്രീകളിലാണ് രോഗബാധ കണ്ടെത്തിയത്. സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗൽബാധ ഒരു പകർച്ചവ്യാധിയായി മാറാൻ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാൻ ഇപ്പോൾ സജ്ജമല്ലെന്നും സിഡിസിയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിങ് വേം എന്നത് ഫംഗസ് മൂലം ചർമ്മത്തിൽ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ്. രോഗബാധിതരായ സ്ത്രീകൾക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊറിഞ്ഞു തടിച്ചിട്ടുണ്ടെന്നും കഴുത്തിലും നിതംബത്തിലും തുടയിലും വയറിലും വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.വെന്നും വിദഗ്ധർ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച രണ്ട് ,്ത്രീകളുടെയും കുടുംബാംഗങ്ങളും ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

റിങ് വേമിന്റെ ചില പ്രധാന ലക്ഷണങ്ങളാണ് ചൊറിച്ചിൽ, വട്ടത്തിലുള്ള തിണർപ്പ്, ചർമ്മം ചുവന്ന് തടിക്കൽ, രോമം നഷ്ടമാകൽ തുടങ്ങിയവ. ഫംഗൽ ബാധയുണ്ടായവരുമായി അടുത്ത് ഇടപഴകുന്നതിലൂടെയാണ് ഈ അണുബാധ പകരുന്നത്.

ലണ്ടന്‍: രാജ്യത്ത് പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാവും. കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയില്‍നിന്ന് 1,39,539 വിദ്യാര്‍ഥികളും അവരുടെ ആശ്രിതരായി 38,990 പേരുമാണ് ബ്രിട്ടനിലെത്തിയത്.

അതേസമയം, നൈജീരിയന്‍ വിദ്യാര്‍ഥികളുടെ ആശ്രിതരായി 60,923 പേരാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് 28,061 വിദ്യാര്‍ഥികളും 9,055 ആശ്രിതരും കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെത്തി. ബംഗ്ലദേശില്‍ നിന്ന് 15,637 വിദ്യാര്‍ഥികള്‍, 7027 ആശ്രിതര്‍, ശ്രീലങ്കയില്‍ നിന്ന് 5715 വിദ്യാര്‍ഥികള്‍് 5441 ആശ്രിതര്‍ എന്നിങ്ങനെയാണ് ബ്രിട്ടനിലെത്തിയത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനിമുതല്‍ ആശ്രിതരെ കൊണ്ടുവരാനാകില്ല.

കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം. ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവര്‍മാനാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ അറിയിച്ചത്. ബ്രിട്ടനില്‍ തൊഴില്‍ തരപ്പെടുത്തുന്നതിനുള്ള പിന്‍വാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട സെന്‍ട്രല്‍ വിസ്താ പദ്ധതിയില്‍ ആദ്യമായി ഉദ്ഘാടനം പൂര്‍ത്തിയാക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. മോദി തന്നെ തറക്കല്ലിട്ട പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം തന്നെ നിര്‍വഹിക്കുന്നതിനാല്‍ ഈ മാസം 28-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്‌ക്കരിക്കുമെന്നാണ് പറയുന്നത്. 970 കോടി രൂപ ചെലവഴിച്ചാണ് പാര്‍ലമെന്റിന്റെ പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായ എച്ച്സിപി ഡിസൈന്‍ നാലുനിലകളിലായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പന ചെയ്തിരിക്കുന്നത്. ടാറ്റാ പ്രൊജക്ട്സ് ആണ് നിര്‍മ്മാതാക്കള്‍. ലോക്സഭയില്‍ 883 ലീറ്റുകളും രജ്യസഭയില്‍ 300സീറ്റുകളുമുണ്ട്. നിലവില്‍ യഥാക്രമം 543 സീറ്റും 250സീറ്റുമായിരുന്നു. 1,280 പേര്‍ക്കുവരെ ലോക്സഭയില്‍ ഇരിക്കാനാകും. എംപിമാര്‍ക്കും വിഐപികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി മന്ദിരത്തിന് മൂന്ന് പ്രധാനകവാടങ്ങളാണുള്ളത്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം വ്യക്തമാക്കാനായി നിര്‍മ്മിച്ച ഭരണഘടനാഹാള്‍ ആണ് കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. സ്പീക്കറുടെ സീറ്റിനു സമീപം ചരിത്രപ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും. ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രിയുടെ വിശാലകാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും, നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നതാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. നവ ഇന്ത്യ കെട്ടിപ്പെടുക്കുന്നതില്‍ നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും നാഗരികതയെയും ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള മനോഹരമായ ശ്രമമാണിത്. റെക്കോര്‍ഡ് സമയത്തിലുള്ള ഇതിന്റെ നിര്‍മ്മാണത്തില്‍ 60,000 ത്തോളം തൊഴിലാളികളുടെ ശ്രമങ്ങളുണ്ട്’ അമിത് ഷാ വ്യക്തമാക്കി. സാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ പ്രധാനമന്ത്രി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന്, നമ്മുടെ ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. അമൃത് മഹോത്സവ വേളയില്‍ തന്നെ പുതിയ പാര്‍ലമെന്റ് കെട്ടിടം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. മോദി സ്വന്തം പണം കൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ”മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രി മൂന്നാമനുമാണ്. ഭരണഘടന പരമായ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് അറിയില്ല. ഇത് മോദിജി സ്വന്തം പണം ഉപയോഗിച്ച് നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല”- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു, എ.എ.പി, എന്‍.സി.പി, ശിവസേന (ഉദ്ധവ് പക്ഷം), ജെ.ഡി.യു, സിപിഎം തുടങ്ങിയ പാര്‍ട്ടികളാണ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ വിസ്ത പദ്ധതി

രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് ഹൗസ്, നോര്‍ത്ത് ആന്‍ഡ് സൗത്ത് ബ്ലോക്ക്, ഇന്ത്യാ ഗേറ്റ്, നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവ ഉള്‍പ്പെടുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്ത് 3.2 കിലോമീറ്ററില്‍ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഏരിയ ആണ് സെന്‍ട്രല്‍ വിസ്ത. നിലവിലുള്ള പാര്‍ലമെന്റ് കെട്ടിടത്തിന് അടുത്തായി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത പുനുദ്ധാരണ പദ്ധതി.
20,000 കോടി രൂപയാണ് ചെലവിലാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 1,000 കോടി രൂപ പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാനാണ് ഉപയോഗിച്ചത്. 2020 സെപ്റ്റംബറില്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ ടാറ്റ പ്രോജക്ട്‌സ് 861.90 കോടി രൂപയ്ക്ക് ആണ് സ്വന്തമാക്കിയത്. ഡിസൈനര്‍മാരെ 2019 ഒക്ടോബറില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ കമ്പനിയായ എച്ച്‌സിപി ഡിസൈനാണ് കെട്ടിടം രൂപകല്പന ചെയ്യാന്‍ തിരഞ്ഞെടുത്തത്. കേന്ദ്ര ഭവന നിര്‍മ്മാണ വകുപ്പിനാണ് നിര്‍മ്മാണ മേല്‍നോട്ടം. 64,500 ചതുരശ്ര മീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ത്രികോണാകൃതിയിലുള്ള കെട്ടിട സമുച്ചയമാകും പുതിയ സെന്‍ട്രല്‍ വിസ്ത. പാര്‍ലമെന്റില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകള്‍ ഉണ്ടാകും. 51 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ 50,000-ത്തോളം ജീവനക്കാര്‍ക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് ജോലി ചെയ്യാവുന്നതാണ്. പുതിയ കോണ്‍ഫറന്‍സ് സെന്ററുകളുമുണ്ടാകും. ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഭൂഗര്‍ഭ മെട്രോ പാതയും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാന്‍ പ്രത്യേക തുരങ്കവും പദ്ധതിയുടെ ഭാഗമാണ്.

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ വന്‍ തുക അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്മാര്‍ട് മീറ്റര്‍ പദ്ധതി ടെണ്ടര്‍ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ല. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരും എന്നായിരുന്നു കണക്ക്. ഇതു ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ആയിരുന്നു ആലോചന.

അതേസമയം, വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദശിച്ചത്. വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കാരിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് കേന്ദ്രസര്‍ക്കാര്‍ ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കൊണ്ടുവന്നതെന്നും ഇതിന് വഴങ്ങേണ്ട എന്നുമായിരുന്നു സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

ഉപയോഗ ശേഷം പണം നല്‍കുന്ന നിലവിലെ സമ്പ്രദായം ഈ സംവിധാനം വരുന്നതോടെ അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ മീറ്ററില്‍ പണമില്ലെങ്കില്‍ വീട്ടില്‍ താനേ കറണ്ടില്ലാതാകും. സ്മാര്‍ട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും. അതിനാല്‍ തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനം.

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനം ലോക്കാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ച ശേഷമെ വിട്ടുനൽകാവുവെന്ന് കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പൊതുസ്ഥലങ്ങളിൽ മാലിന്യം എറിയുന്നവരിൽ നിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. മുനിസിപ്പൽ ആക്ടിൽ ഇത്തരക്കാർക്കെതിരെ 10,000 രൂപവരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും കോടതി അറിയിച്ചു.

മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം ജന്മദിനം. പതിവ് പോലെ തന്നെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രി പിറന്നാൾ ദിനം കടന്നു പോകുന്നത്. തിരുവനന്തപുരത്ത് രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും നടക്കും.

1945 മാർച്ച് 21നാണ് ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്റെ പിറന്നാൾ. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 ന് ആണെന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു അദ്ദേഹം തന്റെ യഥാർത്ഥ പിറന്നാൾ ദിനം എന്നാണെന്ന് വ്യക്തമാക്കിയത്.