Highlights (Page 40)

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ കനത്ത കാറ്റിലും മഴയിലും 109-ലേറെ മരങ്ങള്‍ വിവിധയിടങ്ങളിലായി കടപുഴകി വീണു. ആനന്ദ റാവു സര്‍ക്കിളില്‍ മരം വീണ് ആഡംബര കാര്‍ തകര്‍ന്നു. കുമാര കൃപ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനും ബൈക്കിനും മുകളിലേക്ക് മരണം വീണു.

അതേസമയം, മഹാലക്ഷ്മി ലേയൗട്ടില്‍ 22 വീടുകളില്‍ വെള്ളം കയറി. മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയില്‍ അഞ്ചടിയോളം ഉയരത്തില്‍ വെള്ളം കയറി രണ്ടരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കടയിലെ ഏതാനും ആഭരണങ്ങളും ഫര്‍ണിച്ചറുകളും ഒലിച്ചുപോയതായി കടയുടമ പ്രിയ അറിയിച്ചു.മഹാലക്ഷ്മി ലേയൗട്ടിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് കാറുകള്‍ക്കും 15 ഇരുചക്രവാഹനങ്ങളും ഒലിച്ചുപോയി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 25,000 സഹായധനം പ്രഖ്യാപിച്ചിരുന്നുവെന്നും ഇത്തവണയും കുറഞ്ഞത് അത്രയെങ്കിലും ആവശ്യമുണ്ടെന്നും എം.എല്‍.എ. ഗോപാലയ്യ അറിയിച്ചു.

കൊച്ചി: കൊട്ടാരക്കരയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത്‌ ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് നോട്ടീസ് അയച്ചത്.

കൊല്ലം മുളങ്കാടകം സ്വദേശി അഡ്വക്കേറ്റ് മനോജ് രാജഗോപാൽ ആണ് വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി നൽകിയത്.

മെയ് 10നാണ് വന്ദനാ ദാസ് കൊല്ലപ്പെടുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ആണ് വന്ദനയെ യുപി സ്കൂൾ അധ്യാപകനായ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിഷയത്തിൽ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

എറണാകുളം: ലിഡാർ സർവേ നടത്താനൊരുങ്ങി റെയിൽവേ. സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആക്കുന്നതിന്റെ ഭാഗമായാണ് ഈ മാസം അവസാനത്തോടെ റെയിൽവേ ലിഡാർ സർവ്വേ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് സർവേ.

ഭൂപരമായ പ്രത്യേകതകളെല്ലാം സർവ്വേയിൽ കൃത്യമായി രേഖപ്പെടുത്തും. അതിവേഗ ട്രെയിനുകൾ ഓടിക്കാനായി വളവുകൾ പരമാവധി നിവർത്തുന്നതിന് വേണ്ടിയാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ലിഡാർ സർവേ നടത്തുന്നത്.

ഒക്ടോബർ മാസത്തോടെ സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. ഹൈദരാബാദിലെ ആർവി അസോസിയേറ്റ്സാണ് സർവേ നടത്തുന്നത്. പിന്നീട് രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് തീരുമാനം. മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ ലൈനിന്റെ 35 ശതമാനവും വളവുകളാണ്. 626 വളവുകളിൽ 200 എണ്ണം കൊടും വളവുകളാണ്. ഇത്രയും വളവുകളുള്ള മെയിൻ റെയിൽവേ ലൈൻ ശൃംഖല മറ്റൊരു സംസ്ഥാനത്തുമില്ല.

തിരുവനന്തപുരം: 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെഎസ്ആർടിസി ഇക്കാര്യം അറിയിച്ചത്.

ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവ വിരുദ്ധമാണെന്നും കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും കെഎസ്ആർടിസി നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെഎസ്ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ
KSRTC ബസ്സുകളിൽ സ്വീകരിക്കും.

ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് നിർദ്ദേശം നൽകി.

ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെഎസ്ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നത്.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.

കെ. സുരേന്ദ്രന്റെ പ്രസ്താവന

‘എസ്എഫ്‌ഐ നേതാവിന്റെ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത് കോണ്‍ഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിന്‍സിപ്പാലാണ്. ഇതില്‍ നിന്നും സംഭവത്തിലെ കോണ്‍ഗ്രസ്- സിപിഎം ബന്ധം വ്യക്തമാണ്. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തില്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സര്‍വകലാശാല രജിസ്ട്രാര്‍ പരാതി നല്‍കിയിട്ടുണ്ട്. യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സര്‍വകലാശാലയ്ക്ക് നല്‍കിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എബിവിപിയും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭാഗത്ത് നിന്നും പ്രതിക്ക് വേണ്ടി സമ്മര്‍ദ്ദം ഉയരുന്നുണ്ട്.’

ന്യൂഡല്‍ഹി: അമേരിക്കയിലും ഓസ്ട്രേലിയയിലുമടക്കം നരേന്ദ്ര മോദി എത്തിച്ചേരുന്ന ഇടങ്ങളില്‍ ജനങ്ങള്‍ തടിച്ചുകൂടുന്നതിനാല്‍ മോദിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തങ്ങള്‍ക്ക് വലിയ തലവേദനയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും. ടോക്കിയോയില്‍ ക്വാഡ് സമ്മേളനത്തിനിടെയായിരുന്നു മൂന്ന് നേതാക്കളും തമ്മിലുള്ള ആശയവിനിമയം.

അടുത്ത മാസം നടക്കാനിരിക്കുന്ന മോദിയുടെ യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായ പൊതുപരിപാടിക്ക് ഇപ്പോള്‍ത്തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നന്നെും മോദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യുഎസിലെ പ്രമുഖ വ്യക്തികള്‍ ടിക്കറ്റുകള്‍ക്കായി അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈഡന്‍ മോദിയോട് പറഞ്ഞു.

അതേസമയം, മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സിഡ്നിയിലും വലിയ ജനത്തിരക്കാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ചൂണ്ടിക്കാട്ടി. സിഡ്നിയില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മോദിയുടെ പൊതുപരിപാടിയില്‍ പരമാവധി ഇരുപതിനായിരം പേര്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, അതിലും എത്രയോ അധികം പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതിക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തേക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അനുസ്മരിക്കുകയും ചെയ്തു.

തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി ജിജോയ് പി ആര്‍. മന്ത്രി ആര്‍. ബിന്ദുവാണ് പുതിയ നിയമന വിവരം അറിയിച്ചത്.

മന്ത്രിയുടെ അറിയിപ്പ്

പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്.ടി.ഐ.ഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് പി ആറിനെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി നിയമിച്ചു. ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനും ആയ ജിജോയ്, പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണ് വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയുള്ള പുതിയ ഡയറക്ടര്‍ നിയമനം. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. അമ്പത്തഞ്ച് ചലച്ചിത്രങ്ങളിലും നാല്പത് നാടകങ്ങളിലും ഇരുപത്തഞ്ച് ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമണിഞ്ഞിട്ടുണ്ട്. നാല് വന്‍കരകളിലായി നാന്നൂറ് അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. നാലു വര്‍ഷക്കാലം സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളര്‍ഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതല്‍ എഫ്.ടി.ഐ.ഐ അധ്യാപകനാണ്. ഇന്ത്യക്കകത്തും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകള്‍ നയിച്ചതടക്കം അന്താരാഷ്ട്ര തലത്തില്‍ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും ചലച്ചിത്രപഠിതാക്കള്‍ക്കും മുതല്‍ക്കൂട്ടാകും.

ന്യൂഡല്‍ഹി: ഇന്ത്യയിലെ മ്യൂസിയങ്ങള്‍ ആഗോള സാംസ്‌കാരിക വിനിമയ മാധ്യമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഇന്റര്‍നാഷണല്‍ മ്യൂസിയം എക്‌സ്‌പോ-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുവാക്കള്‍ക്ക് കണ്ടുപോകാനുള്ള ഇടങ്ങള്‍ മാത്രമല്ല മ്യൂസിയങ്ങള്‍. തൊഴില്‍ അവസരങ്ങളുടെ ഹബ്ബ് കൂടിയാണ് ഇവ. പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ വനവാസി സമൂഹത്തിന്റെ ധീരമായ സംഭാവനകളുടെ സ്മരണയ്ക്കായി 10 പ്രത്യേക മ്യൂസിയങ്ങള്‍ നിര്‍മ്മിക്കും. ഗോത്രവര്‍ഗ വൈവിധ്യത്തിന്റെ സമഗ്രമായ കാഴ്ച ഒരുക്കുന്ന സവിശേഷ സംരംഭമായിരിക്കുമിത്. അധിനിവേശ ശക്തികളുടെ ആക്രമണത്തില്‍ പൗരാണികമായ പല കൈയെഴുത്ത് പ്രതികളും ഗ്രന്ഥശാലകളും കത്തിക്കപ്പെട്ടു, ഇത് ഭാരതത്തിന് മാത്രമല്ല, മുഴുവന്‍ ലോകത്തിനും മനുഷ്യരാശിക്കും വലിയ നഷ്ടമാണ്. അമൃത് മഹോത്സവത്തില്‍ ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മള്‍. സാംസ്‌കാരിക രേഖകളുടെ സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനുള്ള ശരിയായ ശ്രമങ്ങള്‍ നടക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ അവബോധമില്ലായ്മയ്ക്ക് കാരണമായി’- അദ്ദേഹം ചൂണ്ടിക്കാട്ടി.

47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായാണ് അന്താരാഷ്ട്ര മ്യൂസിയം എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ‘മ്യൂസിയങ്ങള്‍, സുസ്ഥിരത, ക്ഷേമം’ എന്നതാണ് ഈ വര്‍ഷത്തെ തീം. ഇന്റര്‍നാഷണല്‍ മ്യൂസിയം എക്‌സ്‌പോയുടെ ചിഹ്നം, ‘എ ഡേ അറ്റ് ദി മ്യൂസിയം’ എന്ന ഗ്രാഫിക് നോവല്‍, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറി, കര്‍ത്തവ്യപഥിന്റെ പോക്കറ്റ് മാപ്പ്, മ്യൂസിയം കാര്‍ഡുകള്‍ എന്നിവയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു.

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28-ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് കെട്ടിടം രാജ്യത്തിന് സമർപ്പിക്കുക. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി ലോക്‌സഭാ സ്പീക്കർ ഓം ബിർള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണം നൽകിയെന്നണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ഇക്കഴിഞ്ഞ മാർച്ച് മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണ പുരോഗതി വിലയിരുത്താൻ മന്ദിരത്തിലെത്തിയിരുന്നു.

രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെ ഉൾക്കൊള്ളാൻ പുതിയ പാർലമെന്റിന് സാധിക്കും. പുതിയ പാർലമെന്റ്. 970 കോടി രൂപയാണ് പാർലമെന്റിന്റെ നിർമ്മാണ ചെലവ്. ടാറ്റ പ്രോജക്ട്‌സ് ആണ് കെട്ടിടം നിർമ്മിച്ചത്. 64,500 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. വലിയ ആഘോഷ പരിപാടികളാണ് പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടാകുകയെന്നാണ് വിവരം.

ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ ചരിത്രത്തിന് നാല് ഗുജറാത്തികള്‍ കാര്യമായ സംഭവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ശ്രീ ഡല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമിത്ഷായുടെ വാക്കുകള്‍

‘ഗാന്ധിജിയുടെ പ്രയത്നങ്ങളെത്തുടര്‍ന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് രാജ്യം ഒന്നായി. രാജ്യത്ത് ജനാധിപത്യം പുനരുജ്ജീവിപ്പിച്ചത് മൊറാര്‍ജി ദേശായി ആയിരുന്നു. ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നത് നരേന്ദ്രമോദി കാരണമാണ്. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമായതിനാലാണ് രാജ്യത്തിന് അഭിമാനമായി മാറുന്നത്. ഈ നാല് ഗുജറാത്തികളും വലിയ കാര്യങ്ങള്‍ നേടിയെടുത്തു. അവര്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുമുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ട്. 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍, ലോകത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാല്‍, ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര നാണയനിധിയടക്കം രാജ്യത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആര്‍ക്കും അനാവശ്യ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊടുത്തു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ തടസങ്ങളില്ലാതെ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനഃരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതും എത്തി. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തന്നെ പ്രധാനമന്ത്രി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു. തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലാത്ത നിലപാട് സ്വീകരിച്ചു. ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.’