പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനം ലോക്കാക്കും; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ വാഹനം ലോക്കാക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ച ശേഷമെ വിട്ടുനൽകാവുവെന്ന് കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പൊതുസ്ഥലങ്ങളിൽ മാലിന്യം എറിയുന്നവരിൽ നിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും കോടതി നിർദേശിച്ചു. മുനിസിപ്പൽ ആക്ടിൽ ഇത്തരക്കാർക്കെതിരെ 10,000 രൂപവരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും കോടതി അറിയിച്ചു.

മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.