2024 ലോക്സഭാ തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ സംയുക്ത യോഗം ചേരാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംയുക്ത യോഗം ചേരാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. ജൂൺ 12-ന് ബിഹാറിലെ പട്നയിൽ വെച്ച് ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്താനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യത്തിൽ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച് വരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയായുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ജൂണിൽ കൂടിക്കാഴ്ച തീരുമാനിച്ചത്. നിതിഷ് കുമാർ നേരത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാൻ ഒറ്റക്കെട്ടായുള്ള തീരുമാനമുണ്ടായതെന്നാണ് വിവരം. തുടർന്നും ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

അതേസമയം, ജൂണിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയോടെ ബിജെപി ഇതരസഖ്യത്തിനായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ തയ്യാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.