സംസ്ഥാനത്തുടനീളം എല്ലാ ജനവിഭാഗങ്ങളിലേക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെ-ഫോണ്‍). കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും മൊബൈല്‍ ഫോണുകളും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഇല്ലാതെ വലിയൊരു വിഭാഗം ജനങ്ങള്‍ വിഷമസ്ഥിതിയിലാവുകയുണ്ടായി. ആ പശ്ചാത്തലത്തിലാണ് ഒന്നാം പിണറായി സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്.
കെ ഫോണിനെ അറിയാം…
കെഎസ്ഇബിയും കെഎസ്ഐടിഐഎലും (കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് 2022 ജൂലായിലാണ് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് ലഭിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ലഭിച്ചു. കെ ഫോണിന്റെ നടത്തിപ്പിനായി വേണ്ടി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (BEL) നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട് റെയില്‍ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍ എന്നിവയും കണ്‍സോര്‍ഷ്യത്തിലുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് ആസൂത്രണം, നിര്‍വഹണം, നിയന്ത്രണം, സംഭരണം, മോണിറ്ററിംഗ് എന്നിവയുടെ ഉത്തരവാദിത്വം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ റെയില്‍ടെല്‍ എല്ലാ ഐടി ഘടകങ്ങളുടെയും വിതരണം, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിംഗ്, കമ്മീഷന്‍ ചെയ്യല്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ് എന്നീ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും.
സ്വകാര്യ സേവന ദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളിലെല്ലാം എത്തിപ്പെടുന്ന ബൃഹത്തായ നെറ്റ്‌വര്‍ക്കാണ് കെഫോണ്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം വിന്യസിക്കുന്ന കെ ഫോണിന്റെ ഡാര്‍ക്ക് ഫൈബര്‍ സേവനദാതാക്കള്‍ക്ക് പാട്ടത്തിന് നല്‍കും. ഈ ഫൈബര്‍ നെറ്റ്‌വര്‍ക്കിന്റെ സഹായത്തോടെ സേവനദാതാക്കള്‍ക്ക് അവരുടെ 4ജി/5ജി കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയും ചെയ്യാം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കുക, ട്രഷറിയുള്‍പ്പടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങള്‍ക്കായി പ്രത്യേകം ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് നല്‍കുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക, കോര്‍പ്പറേറ്റുകള്‍ക്കായി പ്രത്യേകം കണക്ഷനുകളും മള്‍ട്ടി പ്രോട്ടോകോള്‍ ലേബല്‍ സ്വിച്ചിങ്ങ് (എം.പി.എല്‍.എസ്) നെറ്റ്വര്‍ക്കും നല്‍കുക തുടങ്ങിയ വിപുലമായ വരുമാന പദ്ധതികളാണ് കെഫോണ്‍ വിഭാവനം ചെയ്തിരിക്കുന്നത്.
2600 കിമീ ദൂരമുള്ള കെ ഫോണ്‍ പദ്ധതിയുടെ പ്രധാനപ്പെട്ട ഒപിജിഡബ്ല്യൂ (OPGW) കേബിളിന്റെ ജോലികള്‍ 2519 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. 22876 കിമീ ദൂരമൂള്ള എഡിഎസ്എസ് കേബിള്‍ 19118 കിമീയും പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെഫോണിന്റെ സെന്റര്‍ ഹബ്ബായ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് സെന്റര്‍. ഇവിടെ നിന്ന് 376 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലുള്ള പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ വഴി കേരളത്തിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഇതില്‍ 373 പോയിന്റ് ഓഫ് പ്രസന്‍സ് കേന്ദ്രങ്ങള്‍ സജ്ജമായിട്ടുണ്ട്. മറ്റുള്ളവ താമസിയാതെ തയ്യാറാവും. നെറ്റവര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റ്വര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റ്‌വര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്വര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്
സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 75 ലക്ഷം കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ ഇന്റര്‍നെറ്റ് ലഭിക്കും. മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും വാണിജ്യ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കെഫോണ്‍ ഉപയോഗപ്പെടുത്താനാവും. ഇതോടൊപ്പം സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 30,000 ത്തോളം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തുമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനായി 2000 സൗജന്യ വൈഫൈ സ്‌പോട്ടുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ്‌വര്‍ക്കും കെഫോണ്‍ സജ്ജമാക്കുന്നുണ്ട്. ഏകദേശം 14,000 റേഷന്‍ കടകള്‍, 2,000-ലധികം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍, കേരള ബാങ്ക് പോലുള്ള മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വാണിജ്യ അടിസ്ഥാനത്തില്‍ കണക്ഷന്‍ നല്‍കും.
തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ BPL വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്ളതുമായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കാണ് ആദ്യം പരിഗണന നല്‍കുക.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, കോളേജ് വിദ്യാര്‍ഥികളുള്ള പട്ടികവര്‍ഗ-പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്‌കൂള്‍ വിദ്യാര്‍ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40%മോ അതിലധികമോ അംഗവൈകല്യമുള്ളതുമായ കുടുംബങ്ങള്‍ക്ക് പിന്നീട് പരിഗണന നല്‍കും.
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്‌കൂള്‍ വിദ്യാര്‍ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.
മുന്‍ഗണനാക്രമത്തില്‍ ഈ 5 വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വെച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോണ്‍ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കും.
ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ച് പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ എഫ്.എ.ക്യു സെക്ഷനും നിരക്കുകള്‍ മനസിലാക്കാന്‍ താരിഫ് സെക്ഷനും ആപ്പിലുണ്ടാവും.

