Highlights (Page 37)

തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനം തുടങ്ങിയ ആദ്യ ദിവസത്തെ ഗതാഗത നിയമലംഘനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

എ ഐ ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുൻപുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങൾ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി. എന്നാൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ന് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂർ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ. ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാൾ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണിത്. സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും ആന്റണി രാജു അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ ശ്രമം നടത്തുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയ ബാധ്യത പാർട്ടിയിലെ മന്ത്രിമാർക്കുണ്ടെന്ന പി.എ മുഹമ്മദ് റിയാസിന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെല്ലാം നല്ലതുപോലെ പ്രതികരിക്കുന്നുണ്ട്. രാഷ്ട്രീയപരമായ കാര്യങ്ങൾ മന്ത്രിമാർ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാരായതിനാൽ അവർ രാഷ്ട്രീയം സംസാരിക്കാൻ പാടില്ലെന്ന നിലപാട് സിപിഎമ്മിനില്ല. മന്ത്രിമാർ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് പ്രതികരിക്കണമെന്നത് പാർട്ടി നിലപാടാണ്. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂട്ടായ്മയോടെ മുന്നോട്ട് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്. മുഹമ്മദ് റിയാസുമായി വിഷയം ചർച്ച ചെയ്തു. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റ് തലങ്ങളിലേക്ക് എത്തിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേപ്ടൗൺ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്ക്കു പുറത്ത് ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ മറുപടി പറയാൻ താൽപര്യപ്പെടുന്നില്ലെന്നും ഇന്ത്യയിലേക്കു മടങ്ങിവന്നശേഷം താൻ ശക്തമായി ഇതേക്കുറിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ എത്തിയതാണ് അദ്ദേഹം. രാഹുൽ ഗാന്ധി യുഎസിൽ നടത്തിയ പരാമർശത്തെ കുറിച്ച് കേപ്ടൗണിലെ ഇന്ത്യൻ സമൂഹം ചോദിച്ചപ്പോൾ മറുപടി നൽകവെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

ചിലർ പറഞ്ഞ കാര്യങ്ങളെ താൻ ശക്തമായി എതിർക്കുന്നു. എന്നാൽ ഇപ്പോൾ തനിക്ക് അതിന് എതിരായി സംസാരിക്കാനാകില്ല. തിരികെ ഇന്ത്യയിലെത്തട്ടെ. ഇന്ത്യയിൽ എത്തിയതിനു ശേഷം നിങ്ങൾ നോക്കൂ താൻ എന്താണ് പറയാൻ പോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിദേശത്തു പോയി രാഷ്ട്രീയം കളിക്കാതിരിക്കാൻ താൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഇക്കാര്യത്തിൽ ഒരു വാഗ്വാദത്തിന് താൻ ഒരുക്കമാണ്, പക്ഷേ തിരികെ ഇന്ത്യയിലെത്തട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയത്തേക്കാൾ വലിയ സംഭവങ്ങളുണ്ട്. മറ്റൊരു രാജ്യത്ത് പോകുമ്പോൾ അത് ഓർമയിൽ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ജനാധിപത്യ സംസ്‌കാരത്തിന് ദേശതാൽപര്യത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന പൊതു ഉത്തരവാദിത്തമുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ശനിയാഴ്ച പ്രവർത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പാഠ്യേതര പ്രവർത്തനങ്ങളെയും ശനിയാഴ്ച പ്രവർത്തി ദിനമാക്കുന്നത് ബാധിക്കില്ല. സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയപ്രകാരമാണ് 220 അധ്യയനദിനങ്ങളാക്കുന്നത്. ഏത് അധ്യാപക സംഘടനയ്ക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സർക്കാർ പ്രാധാന്യം നൽകുന്നതിനാലാണ് 210 പ്രവർത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകർത്താവാകണമെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ബാലസോര്‍: ഒഡീഷ ട്രെയിന്‍ അപകടത്തെത്തുടര്‍ന്ന് താറുമാറായ തീവണ്ടിഗതാഗതം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുവെന്ന് റെയില്‍വെ അറിയിച്ചു. തീവണ്ടി ഗതാഗതം ബുധനാഴ്ച രാവിലെയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പ്രതികരിച്ചിരുന്നു.

ആയിരത്തിലധികം ജോലിക്കാര്‍ രാത്രിയും പകലുമായി സ്ഥലത്ത് ജോലിചെയ്യുന്നുണ്ട്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകള്‍, നാല് ക്രെയിനുകള്‍ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കിയിട്ടുണ്ട്. പാളങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്‌നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനടക്കം വ്യോമസേനാ ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ പര്‍വതമാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയില്‍ റോപ്വേ പദ്ധതി സാധ്യതാ പഠനം പൂര്‍ത്തിയായതായി ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.

‘ഇടുക്കി ഡാമിനു മുകളില്‍ നിര്‍മിക്കുന്ന റോപ്വേ ജില്ലയിലെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കും. രണ്ടു സ്ഥലങ്ങളിലും പഠനം നടത്തിയ കണ്‍സല്‍റ്റന്‍സികള്‍ സമര്‍പ്പിക്കുന്ന പ്രോജക്ട് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള നാഷനല്‍ ഹൈവേയ്‌സ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ലിമിറ്റഡ് ആണ് അന്തിമ അനുമതി നല്‍കുന്നതും പദ്ധതി നടപ്പിലാക്കുന്നതുമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

വട്ടവട – കുണ്ടള, ഇടുക്കി അണക്കെട്ട് എന്നിവിടങ്ങളാണു സാധ്യതാ ലിസ്റ്റിലുള്ളത്. ഇടുക്കിയില്‍ ട്രാക്ക്റ്റ്‌ബെല്‍ കണ്‍സല്‍റ്റന്‍സിയും മൂന്നാര്‍ വട്ടവടയില്‍ റൈറ്റ്‌സ് എന്ന ഏജന്‍സിയുമാണു പഠനം നടത്തിയത്. അതേസമയം, ജില്ലയില്‍ പദ്ധതി അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപി ദേശീയപാതാ മന്ത്രാലയത്തിനു കഴിഞ്ഞ വര്‍ഷം കത്തു നല്‍കിയിരുന്നു. സംസ്ഥാനത്തിന് അനുവദിച്ച 4 പദ്ധതികളില്‍ രണ്ടെണ്ണം ഇടുക്കി ജില്ലയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. മലയോര പാതകളില്‍ ആധുനിക ഗതാഗത സംവിധാനം സുഗമമാക്കുക എന്നതാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്.

ന്യൂഡല്‍ഹി: ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണ്. മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുത് എന്നും കപില്‍ ഗേവും സംഘവും ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാന്‍ കായിക മന്ത്രാലയം മേരി കോം അധ്യക്ഷയായ ആറംഗസമിതിയെ നിയോഗിച്ചിരുന്നു. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍മന്ദിറിലുള്ളത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയത്. കര്‍ഷക നേതാക്കളുടെ ചര്‍ച്ചയെ തുടര്‍ന്നാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന ശുപാര്‍ശയുമായി കേന്ദ്ര നിയമ കമ്മീഷന്‍. തടവ് ശിക്ഷയുടെ കാലാവധി വര്‍ധിപ്പിക്കണമെന്നും കര്‍ശന വ്യവസ്ഥകളോടെയേ നിയമം നടപ്പാക്കാവൂ എന്നും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

അതേസമയം, നിലവിലുള്ള കേസുകളിലെ നടപടികളും നിര്‍ത്തിവെയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യം പുന:പരിശോധിക്കുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ചില മാറ്റങ്ങളോടെ നിയമം നിലനിര്‍ത്തണമെന്നാണ് 22 ആം നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

‘ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്‍ത്തണം. പിഴ ശിക്ഷയും വേണം. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമേ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടൂള്ളൂ. നിയമം നടപ്പാക്കുന്നതിന് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം വേണം. മറ്റു രാജ്യങ്ങള്‍ നിയമം റദ്ദാക്കിയത് കൊണ്ട് ഇന്ത്യയില്‍ നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതാണ്’- കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. എന്നാല്‍, ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോഗ്രാമിന്റെ സിലിണ്ടറുകള്‍ക്ക് 83.50 രൂപ കുറയും. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയാകും. നേരത്തെ ഇത് 1856.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1875.50 ആകും. മുംബൈയില്‍ 1725 ആയിരിക്കും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് നല്‍കേണ്ടി വരിക. ചെന്നൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 1937 ആകും.

അതേസമയം, ന്യൂഡല്‍ഹിയില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1003 രൂപയാണ്. കൊല്‍ക്കത്തയില്‍ ഇവയ്ക്ക് 1029 രൂപയും മുംബൈയില്‍ 1002.5 രൂപയുമാണ് വില. ചെന്നൈയില്‍ 1018.5 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില.

കൊച്ചി: ഹൈക്കോടതിയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന സർക്കാരിനു വിട്ട് ഹൈക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരാണ് ഹർജി പരിഗണിച്ചത്.

വിഷയം സർക്കാർ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തീരുമാനം സർക്കാരിന് വിട്ടത്. ഹൈക്കോടതിയിൽ മികവു തെളിയിച്ചവരുടെ പെൻഷൻ പ്രായം 56ൽ നിന്നും 58 വയസ്സായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാരാണ് ഹർജി നൽകിയത്. സർക്കാർ തീരുമാനം വരുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ആവശ്യം ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.

60 വയസ്സാണ് ആണ് മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ വിരമിക്കൽ പ്രായം. പല സർക്കാർ സർവീസുകളിലും വിരമിക്കൽ പ്രായം 60 ആണെന്നും ഹർജിയിൽ പറയുന്നുണ്ട്.