2023 ലെ ലോകസുന്ദരി മത്സരം; ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

ന്യൂഡൽഹി: 2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ. 27 വർഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. 71-ാമത് ലോകസുന്ദരി മത്സരമാണ് ഇന്ത്യയിലേക്കു എത്തുന്നത്. ഈ വർഷം നവംബറിൽ മത്സരം നടക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, മത്സരത്തിന്റെ തീയതികൾ എന്നാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത് 1996 ലാണ്. അത്തവണത്തെ ലോകസുന്ദരി കിരീടം ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു. റീത്ത ഫറിയയാണ് അന്ന് വിജയിച്ചത്. ആറു തവണയാണ് ഇന്ത്യ ലോകസുന്ദരി പട്ടം ചൂടിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) തുടങ്ങിയവരാണ് ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാർ.

2023 ലെ ലോകസുന്ദരി മത്സരത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. നിരവധി മത്സരങ്ങളാണ് മത്സരാർഥികൾക്കായി നടത്തുന്നത്. ഒരുമാസത്തോളം മത്സരങ്ങൾ ഉണ്ടാകും. ലോകത്തിൽ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യയെന്നും വീടുപോലയാണ് തനിക്ക് ഇന്ത്യയെന്നും നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്‌സ്‌ക വ്യക്തമാക്കി. മിസ് വേൾഡ് ഓർഗനൈസേഷന്റേതിനു സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു.