ചീറ്റകൾ ചാകുന്നത് പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ പരാജയമെന്ന് വിമർശിച്ച് സുപ്രീം കോടതി

ന്യൂ ഡൽഹി : കുനോ ദേശീയ ഉദ്യാനത്തിലുള്ള ചീറ്റകൾ ചാകുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. 40 % ചീറ്റകളും ചാകുന്നത് ഗുരുതര വീഴ്ചയാണെന്നും ഇവയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ചീറ്റകളെ ഒരുമിച്ച് താമസിപ്പിക്കാതെ വ്യത്യസ്ത ആവാസ വ്യവസ്ഥ നോക്കിക്കൂടെയെന്നും കോടതി ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യയിൽ എത്തിച്ച ഭൂരിഭാഗം ചീത്തയും മരിച്ചത് പ്രൊജക്റ്റ് ചീറ്റയുടെ പരാജയമാണെന്നും ഇത് അഭിമാന പ്രശ്നമാക്കരുതെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, ജെ ബി പാർഥിവാല, പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

എന്നാൽ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റിയാൽ ഭൂരിപക്ഷം ചീറ്റകളും ചാവുമെന്നത് നേരത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നതായി കേന്ദ്രമറിയിച്ചു. 8 ചീറ്റകളാണ് ഇത് വരെയും ചത്തത്. 15 ചീറ്റകൾ ബാക്കിയായതോടെ വലിയ പ്രതിഷേധമാണ് പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ഉയരുന്നത്. ചീറ്റകളുടെ റേഡിയോ കോളറിൽ നിന്നുള്ള അണുബാധയാകാം മരണകാരണമെന്ന് കരുതി ഇത് നീക്കി നിരീക്ഷിച്ചെന്ന് കേന്ദ്രം പറഞ്ഞു. എന്നാൽ റേഡിയോ കോളറല്ല മരണ കാരണമെന്ന് അത് മാറ്റി നിരീക്ഷിച്ചപ്പോൾ മനസിലായെന്നും കേന്ദ്രം കോടതി മുൻപാകെ പറഞ്ഞു