സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി വിൻസിയെയും തിരഞ്ഞെടുത്തു

തിരുവനന്തപുരം : 53 മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനായി മമ്മൂട്ടിയെയും രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിയായി വിൻസി അലോഷ്യസിനെയും തിരഞ്ഞെടുത്തു.

ലിജോ ജോസഫ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്തെ മയക്കത്തിന് തന്നെയാണ് മികച്ച ചിത്രത്തിനുള്ള അവാർഡ്. 44 ചിത്രങ്ങൾ അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന പുരസ്കാരത്തിലെ ജേതാക്കളെ തിരഞ്ഞെടുത്തത് ബംഗാളി നടനും സംവിധായകനുമായ ഗൗതം ഘോഷാണ്. പുരസ്കാര ജേതാക്കളുടെ പ്രഖ്യാപനം നടത്തിയത് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ്.

മികച്ച സംവിധായകനുള്ള അവാർഡ് അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ സ്വന്തമാക്കി. അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറിനും എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും സ്പെഷ്യൽ ജൂറി പരാമർശം ലഭിച്ചു. മികച്ച ഗായിക മൃദുല വാര്യരും മികച്ച ഗായകൻ കപിൽ കബലനുമാണ്. ആറാമത്തെ തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്.