അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. മൂന്നു മാസം മുതൽ 12 മാസം വരെയാണ് സമയപരിധിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അന്വേഷണങ്ങൾ നീണ്ടുപോകാതിരിക്കാൻ ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിക്കാൻ തീരുമാനിച്ചത്. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശകൾ ഒരു മാസത്തിനകം നൽകണം, ഒരു വ്യക്തിയെ കുറിച്ചോ സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ രഹസ്യ അന്വേഷണം ആരംഭിച്ചാൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഡയറക്ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കണം, കൈക്കൂലി വാങ്ങുമ്പോൾ കൈയോടെ പിടികൂടിയാൽ 6 മാസത്തിനകം കുറ്റപത്രം നൽകണമെന്നും ഉത്തരവിൽ വിശദീകരിക്കുന്നുണ്ട്.

കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണവും കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണവുമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. കോടതി നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.