ബെംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണെന്ന് റിപ്പോർട്ട്. ഡി കെ ശിവകുമാറിന്റെ ആസ്തി 1,400 കോടിയിലധികം രൂപയാണെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
1,413 കോടി രൂപയുടെ ആസ്തി ഡി കെ ശിവകുമാറിനുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണ്. കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,267 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്. 1,156 കോടി രൂപയാണ് പ്രിയ കൃഷ്ണയുടെ ആസ്തി.
അതേസമയം, റിപ്പോർട്ടിൽ പ്രതികരണവുമായി ഡി കെ ശിവകുമാർ രംഗത്തെത്തി. താൻ അതിസമ്പന്നനുമല്ല ദരിദ്രനുമല്ലെന്നായിരുന്നു റിപ്പോർട്ടിനോട് ശിവകുമാർ പ്രതികരിച്ചത്. ദീർഘനാളത്തെ തന്റെ സമ്പാദ്യമാണത്. അത് തന്റെ വ്യക്തിഗത സമ്പാദ്യമാണ്. അത് അങ്ങനെ തന്നെ സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

