സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് ക്ഷാമം

തിരുവനന്തപുരം : സംസ്ഥാനത്ത് പള്‍സ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. വീട്ടില്‍ ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കുള്‍പ്പെടെ ശരീരത്തിലെ ഓക്‌സിന്‍ നില കണ്ടെത്താന്‍ ഉപയോഗിക്കുന്നതാണ് പള്‍സ് ഓക്‌സി മീറ്റര്‍. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പോ ഇതിന് പിന്നിലുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. വിരലുകളില്‍ ഘടിപ്പിച്ച് ഓക്‌സിജന്‍ നില പരിശോധിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ കൂടി കരുതുന്നതു നല്ലതാണെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് വില്‍പന കുതിച്ചുയര്‍ന്നത്. 600 1000 രൂപയ്ക്കു പൊതുവിപണിയില്‍ ലഭിച്ചിരുന്ന പള്‍സ് ഓക്‌സിമീറ്ററുകള്‍ക്ക് 3000 രൂപ വരെയായി വില വര്‍ദ്ധിച്ചു. പരാതി വ്യാപകമായതോടെ പള്‍സ് ഓക്‌സിമീറ്റര്‍ കേരളത്തിലെത്തിക്കുന്ന നിര്‍മാതാക്കളെ കണ്ടെത്താന്‍ സംസ്ഥാനത്തെ മുഴുവന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ സര്‍ക്കുലര്‍ അയച്ചു.