തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ ലോക്ഡൗണ്‍ വീണ്ടും തുടങ്ങുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗമുള്ളവരുടെയും ക്വാറന്റീന്‍കാരുടെയും വീട്ടില്‍ പോകുന്ന വാര്‍ഡ് തല സമിതിക്കാര്‍ക്ക് വാര്‍ഡില്‍ സഞ്ചരിക്കാന്‍ പാസ് നല്‍കും. ഇവര്‍ക്ക് വാക്‌സിനും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ഭാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വെച്ചത്. എന്നാല്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോള്‍ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക്ഡൗണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം.
അന്തർജില്ലാ യാത്രകൾ ഒഴിവാക്കണം. ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യിൽ കരുതണം
വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗിയെ കാണൽ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാൻ അനുവാദമുള്ളൂ.
കാർമ്മികത്വം വഹിക്കുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്.
റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
ലോക്ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്.
വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം.
ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.
ബാങ്കുകള്‍ ഒന്നിടവിട്ട ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.
അതിഥി തൊഴിലാളികൾക്ക് നിർമ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസും കരാറുകാരൻ നൽകണം.
ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യസ്ഥാപന പ്രതിനിധികൾ ഗൃഹസന്ദർശനം നടത്തുന്നത് ഒഴിവാക്കണം.

