Highlights (Page 208)

whatsapp

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിന്റെ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് നിരന്തരം നോട്ടിഫിക്കേഷന്‍ നല്‍കി ഉപയോക്താക്കളെ ഇത് അംഗീകരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത് സമര്‍്പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.രാജ്യത്ത് പുതിയ ഡേറ്റ സംരക്ഷണ നിയമം വരുന്നതിന് മുമ്പ് പരമാവധി ആളുകളെക്കൊണ്ട് സ്വകാര്യതാ നയം അംഗീകരിപ്പിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് വാട്‌സാപ്പ് നീക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയോട് (ഡിസിജിഐ) അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ).വാക്‌സിന്റെ കൂടുതല്‍ പരിശോധന, വിശകലനം തുടങ്ങിവയ്ക്കുള്ള അനുമതി പൂനെ കേന്ദ്രീകരിച്ചുള്ള വാക്‌സിന്‍ നിര്‍മാണ കേന്ദ്രവും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ മാസത്തില്‍ 10 കോടി കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. നോവാവാക്‌സ് വാക്‌സിന്റെ ഉത്പാദനവും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്പുട്‌നിക് വാക്‌സിന്റെ 30 ലക്ഷം ഡോസാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹൈദരാബാദിലെത്തിയത്.

കൊച്ചി : കോവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സഹായങ്ങള്‍ നല്‍കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. പ്രസ്തുത കാലയളവ് മുതല്‍ കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റായവര്ക്ക് 5000 രൂപയും പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോ മീറ്റര്‍്, വിറ്റാമിന് ഗുളികകള്‍, അനുബന്ധ മരുന്നുകള്‍, ഗ്ലൗസുകള്‍, മാസ്‌കുകള്‍ എന്നിവ അടങ്ങിയ കോവിഡ് കിറ്റും നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ സംഘടന നല്കും. ചലച്ചിത്ര രംഗത്ത് പ്രവര്ത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ജോലി ആവശ്യമാണെങ്കില് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ / മറ്റ് 19 യൂണിയന് ഓഫീസുകളിലോ / ഫെഡറേഷന്‍ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കും . ജീവന്‍രക്ഷാ ഔഷധങ്ങള്‍ കഴിക്കുന്ന അംഗങ്ങള്‍ക്ക് നേരത്തെ നല്കിയത് പോലെ മരുന്നുകള്‍ കണ്‍സ്യുമര്‍ ഫെഡ് മെഡിക്കല്‍ ഷോപ്പുകള്‍ വഴി ഫെഫ്ക സൗജന്യമായി നല്കും . എന്നാല്‍, സംഘടന നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കോവിഡ് ചികില്‍സാ സഹായം ലഭിച്ചവര്‍്ക്കും നിലവില്‍ കോവിഡ് സഹായ ധനം കൈപ്പറ്റിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നതല്ല.
ഫെഫ്കയുടെ രണ്ടാം ഘട്ട സഹായ പദ്ധതികളിലും എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് ബി ഉണ്ണികൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്പരം ക്ഷേമം തിരക്കിയും സൗഹൃദം പങ്കിട്ടും പിന്തുണ നല്കിയും മഹാമാരിയുടെ ഈ ദുര്‍ഘട കാലഘട്ടത്തെ അതിജീവിക്കണമെന്ന് അദ്ദേഹം ഓര്‍്മ്മപ്പെടുത്തി.

തിരുവനന്തപുരം: കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി എന്ന പേര് ഇനി കേരളത്തിന് മാത്രം. എന്നാല്‍, ഈ ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി. കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ, അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു.

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി വേണ്ടിവരും. മാത്രമല്ല മൂന്നുവര്‍ഷത്തെ മാര്‍ക്ക് കൂടി നോക്കിയുള്ള മാതൃക ആലോചിക്കാനും തീരുമാനമുണ്ട്. അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനത്തിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസില്‍ പ്ലസ്ടു പരീക്ഷ തീര്‍ന്നതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയില്‍ പരമാവധി മാര്‍ക്ക് നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂരിപക്ഷം പേരും. 9, 10, പ്ലസ് വണ്‍ ക്ലാസുകളിലെ ആവറേജ് മാര്‍ക്ക് പരിഗണിച്ച് പ്ലസ് ടു സ്‌കോര്‍ നിശ്ചയിക്കുമെന്ന് കേള്‍ക്കുന്ന ബദലില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരള എഞ്ചിനീയറംഗില്‍ ആദ്യത്തെ 5000 റാങ്കില്‍ 2477 പേരും സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്‌കാരായിരുന്നു. 2280 പേരാണ് കേരള ഹയര്‍ സെക്കണ്ടറിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ സ്‌കോര്‍ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. 21 നുള്ളില്‍ കീമിന് അപേക്ഷ നല്‍കുകയും വേണം.

ന്യൂഡല്‍ഹി: കോവിഡ് രോഗത്തെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍. ജൂലൈ-ആഗസ്റ്റ് മാസത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നും വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ‘ഓഗസ്റ്റ് മാസത്തോടെ മാസം 20 മുതല്‍ 25 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും. പ്രതിദിനം ഒരുകോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം’ കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാനായ എന്‍. കെ അറോറ പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെകും കൂടുതല്‍ വാക്‌സിനുകള്‍ ഈ സമയത്ത് എത്തിക്കും, കൂടാതെ റഷ്യയുടെ വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിനും രാജ്യത്ത് നിര്‍മിക്കും. ഇതോടെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കപ്പെടും. ഇതുവരെ 23 കോടി ഡോസ് വാക്‌സിനുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 21.5 കോടിയാണ് ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതില്‍ നിന്നും ഉപയോഗിച്ചത്.രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരികയാണ്.

morning walk

പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമില്ല.തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുടെ കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികൾക്കും ഉൽപ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം. 2021 ജൂൺ 7 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാം.വ്യാവസായിക സ്ഥാപനങ്ങൾക്കും ഉൽപാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.
പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷൻ ഫ്രണ്ട് ലൈൻ തൊഴിലാളികളായി പരിഗണിക്കും. പഠനാവശ്യങ്ങൾക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും നൽകും.നാല്പതു വയസ്സിന് മുകളിലുള്ളവർക്ക് എസ്.എം. എസ് അയക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും. ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

vaccine

തൃശൂര്‍: കോവിഡ് പ്രതിരോധവാക്‌സിന്‍ അടുത്തുണ്ടെങ്കില്‍ കണ്ടെത്താന്‍ വാക്‌സിന്‍ ബെല്‍ റെഡി. തിരുവനന്തപുരത്തെ ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ സോഫ്‌ട്വെയര്‍ എന്‍ജിനിയറായ പഴയന്നൂര്‍ സ്വദേശി ടി.ആര്‍. വിനോദ് തയ്യാറാക്കിയ വെബ്‌സൈറ്റില്‍ [https://vaccinebell.in ] സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനം, ജില്ല, ആശുപത്രി (ആരോഗ്യകേന്ദ്രം) എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.കൊവിന്‍ വെബ്‌സൈറ്റ് വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്‌സിന്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സിന്‍ സ്റ്റോക്കുണ്ടോയെന്നറിയാന്‍ കഴിയില്ല.

എന്നാല്‍ വാക്‌സിന്‍ ബെല്ലില്‍ മൊബൈല്‍ നമ്പരോ ഇ-മെയില്‍ വിലാസമോ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെത്തിയാല്‍ സന്ദേശം ലഭ്യമാകും. രണ്ട് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ലഭ്യതയെക്കുറിച്ച് അറിയണമെങ്കില്‍ അത്തരത്തിലും രജിസ്റ്റര്‍ ചെയ്യാം. സൗജന്യമായാണോ വാക്‌സിന്‍ ലഭിക്കുന്നതെന്നും എത്ര ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്നും രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് വാട്‌സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ സന്ദേശം ലഭിക്കും.





പ്യോങ്‍യാങ്: കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമെന്ന ചൂണ്ടിക്കാട്ടി സംശയം തോന്നുന്ന പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.അതിർത്തി കടന്ന് ദീർഘദൂരം പറക്കുന്ന കഴിയുന്ന പക്ഷികളും തോക്കിനിരയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പറന്നെത്തുന്ന പക്ഷികളിൽ നിന്ന് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ശക്തമാകാൻ സാധ്യതയുണ്ടെന്ന ഭയത്തെ തുടർന്നാണ് ഉത്തരകൊറിയൻ ഏകാധിപതിയുടെ തീരുമാനം. അതിർത്തി പ്രദേശമായ ഹെയ്‌സാനിൽ പൂച്ചയെ വളർത്തിയ കുടുംബത്തെ 20 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരുന്നതായി ‘ഡെയ്‌ലി എൻ‌കെ’ റിപ്പോർട്ട് ചെയ്‌തു.കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നത്.

കോവിഡ് പരിശോധന വേഗത്തിലാക്കാനായി ‘സലൈന്‍ ഗാര്‍ഗിള്‍ ആര്‍ടി-പിസിആര്‍’ മാര്‍ഗവുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) കീഴില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ എന്‍വയേണ്‍മെന്റല്‍ എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഇഇആര്‍ഐ). സലൈന്‍ ലായനി നിറച്ച കലക്‌ഷന്‍ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഈ സലൈന്‍ ലായനി ഗാര്‍ഗിള്‍ (തൊണ്ടയിലൊഴിച്ച് കുലുക്കുഴിയുക) ചെയ്തതിനുശേഷം ഇതേ ട്യൂബിലേക്കു തന്നെ ശേഖരിക്കും. തുടര്‍ന്ന് ട്യൂബ് ലാബിലെത്തിച്ചു സാധാരണ താപനിലയില്‍, എന്‍ഇഇആര്‍ഐ തയാറാക്കിയ പ്രത്യേക ലായനിയില്‍ സൂക്ഷിക്കും. ലായനി ചൂടാക്കിയാണ് പരിശോധന നടത്തുന്നത്.

നിലവില്‍ സ്രവ സാംപിള്‍ ശേഖരിച്ചു പരിശോധന നടത്തുന്നതിനേക്കാള്‍ എളുപ്പവും ചെലവു കുറഞ്ഞതും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതുമാണു പുതിയ രീതിയെന്ന് എന്‍ഇഇആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിര്‍നാര്‍ പറഞ്ഞു. രോഗികള്‍ക്കു ബുദ്ധിമുട്ടില്ലാതെ നേരിട്ടു തന്നെ സാംപിള്‍ ശേഖരിക്കാന്‍ കഴിയും. മൂന്നു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയാം. ഗ്രാമീണ, ഗോത്ര മേഖലകളിലും പരിശോധനയ്ക്ക് ഏറെ അനുയോജ്യമായ മാര്‍ഗമാണിതെന്നും ഡോ. കൃഷ്ണ പറഞ്ഞു.