Highlights (Page 207)

ഹൂസ്റ്റൻ: അൽഷിമേഴ്സ് രോഗത്തിനുള്ള മരുന്നിന് അംഗീകാരം നൽകി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഏജൻസിയുടെ സ്വതന്ത്ര ഉപദേശക സമിതിയുടെയും അൽഷിമേഴ്സിന്റെ ചില വിദഗ്ധരുടെയും എതിർപ്പ് അവഗണിച്ചാണ് ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം. രണ്ടു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് അൽഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നിന് അംഗീകാരം ലഭിച്ചത്.

അഡുഹെൽ എന്ന ബ്രാൻഡ് നാമത്തിലുള്ള അഡുകാനുമാബ് എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആളുകളിലുള്ള വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മരുന്ന്. ചിന്താപ്രശ്നങ്ങൾ പരഹരിക്കാനുള്ള കഴിവ് ഈ മരുന്നിനുണ്ട്. ഡിമെൻഷ്യ ലക്ഷണങ്ങൾക്കു പകരം അൽഷിമേഴ്സ് രോഗ പ്രക്രിയയെ ഇല്ലാതാക്കാനുള്ള ആദ്യത്തെ അംഗീകൃത ചികിത്സയാണിത്.

അമേരിക്കൻ ഐക്യനാടുകളിലെ ആറ് ദശലക്ഷം ആളുകൾക്കും ആഗോളതലത്തിൽ ഏകദേശം 30 ദശലക്ഷം ആളുകൾക്കും അൽഷിമേഴ്സ് രോഗബാധയുണ്ട്. 2050 ഓടെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ, യുഎസിൽ അംഗീകരിച്ച അഞ്ച് മരുന്നുകൾക്ക് വിവിധ അൽഷിമേഴ്സ് ഘട്ടങ്ങളിൽ ബുദ്ധിമാന്ദ്യം കുറയ്ക്കാനാവും. അംഗീകൃത ഏതെങ്കിലും മരുന്നുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന രോഗികളിൽ നിന്ന് അഡുകാനുമാബിന് വളരെയധികം ആവശ്യമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്.

modi

ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്നയോജന പ്രകാരം അഞ്ചുകിലോ വീതം സൗജന്യമായി ധാന്യം നല്കുന്ന പദ്ധതി 80 കോടി കുടുംബങ്ങള്‍ക്ക് ഗുണം കിട്ടുന്നതാണ്. ഇത് ദീപാവലി വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്.മാത്രമല്ല, 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്‌സിന് നല്കുമെന്നും മോദി പറഞ്ഞു.പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നല്കാം. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.

ന്യൂഡൽഹി: കോവിഡ് വൈറസ് മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ഘടകമായി ഡിആർഡിഒ. കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ നിരവധി പ്രവർത്തനങ്ങളാണ് ഡിആർഡിഒ രാജ്യത്ത് നടത്തി വരുന്നത്. കോവിഡ് രോഗം എളുപ്പത്തിൽ ഭേദമാവാൻ സഹായിക്കുന്ന 2 ഡിജി മരുന്ന്, ഓക്സിജൻ വിതരണ സംവിധാനം, നിർമ്മിത ബുദ്ധി ഉപയോഗിച്ച് കോവിഡ് രോഗം കണ്ടെത്തൽ എന്നിങ്ങനെ നീളുന്ന ഡിആർഡിഒയുടെ സേവനങ്ങൾ.

ഡൽഹി, അഹമ്മദാബാദ്, ലക്നൗ, വരാണസി, ഗാന്ധി നഗർ, ഹൽദ്വാനി, ഋഷികേശ്, ജമ്മു, ശ്രീനഗർ തുടങ്ങി കോവിഡ് വ്യാപനം രൂക്ഷമായ 9 സ്ഥലങ്ങളിൽ ഡിആർഡിഒ താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്. പാനിപ്പത്തിൽ അടുത്ത താത്ക്കാലിക ആശുപത്രി ഡിആർഡിഒ ഉടൻ ആരംഭിക്കും. കോവിഡ് നെഗറ്റീവായവരെ സുരക്ഷിതരാക്കാനായി നെഗറ്റീവ് പ്രഷർ ടെന്റുകൾളും ഡിആർഡിഒ ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 നെഗറ്റീവായവരിൽ വായുവിലൂടെ വീണ്ടും രോഗം പകരുന്നത് തടയാൻ നെഗറ്റീവ് പ്രഷർ ടെന്റുകൾ സഹായിക്കും.

പരമാവധി ഓക്സിജൻ പ്ലാന്റുകൾ വേഗത്തിൽ നിർമ്മിക്കുമെന്നും ഡിആർഡിഒ അറിയിച്ചിരുന്നു. ഡിആർഡിഒക്ക് കീഴിലെ ഐഎൻഎംഎസ് ലാബും മരുന്നു കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറിയും ചേർന്നാണ് 2 ഡിജി (2deoxy-D-glucose) എന്ന മരുന്ന് കണ്ടെത്തിയത്. ഈ മരുന്ന് കോവിഡ് രോഗികൾക്ക് നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് രോഗികൾക്ക് എളുപ്പത്തിൽ രോഗശമനം നേടാൻ ഈ മരുന്ന് സഹായകമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡിആർഡിഒക്ക് കീഴിലെ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് (CAIR) കോവിഡ് 19 രോഗം എളുപ്പത്തിൽ കണ്ടെത്താനുള്ള മാർഗവും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വൈറസ് സംശയിക്കുന്നവരുടെ നെഞ്ചിന്റെ എക്സ്‌റേകൾ പരിശോധിച്ചാണ് എഐ രോഗം സ്ഥിരീകരിക്കുന്നത്. ആർടിപിസിആർ പോലുള്ള പരിശോധനകളുടെ ഫലം ലഭിക്കാൻ കുറഞ്ഞത് മണിക്കൂറുകളെടുക്കുമെങ്കിൽ നിർമിത ബുദ്ധി നിമിഷങ്ങൾക്കകം കോവിഡ് സ്ഥിരീകരിക്കും. കോവിഡ് രോഗി കാര്യമായ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ രോഗം സ്ഥിരീകരിക്കാനാകുമെന്നതാണ് ഈ രീതിയുടെ പ്രധാന സവിശേഷത. 96.73 ശതമാനം കൃത്യത ഈ പരിശോധനാ രീതിയ്ക്ക് ഉണ്ടെന്നും ഡിആർഡിഒ പറയുന്നു.

ന്യൂഡൽഹി: സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അഭിമാന നേട്ടം കരസ്ഥമാക്കി കേരളം. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പ്രദേശങ്ങളിൽ കേരളം മുൻനിരയിൽ ഇടം നേടി. കേരളത്തിന് പുറമെ നാലു സംസ്ഥാനങ്ങളും മുൻനിര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ തുടങ്ങിയ സ്ഥലങ്ങളാണ് കേരളത്തോടൊപ്പം മുൻനിര സ്ഥാനം നേടിയത്. പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സ് (പി.ജി.ഐ.) പ്രകാരമുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

2019-2020 വർഷത്തെ പി.ജി.ഐ. പ്രകാരം A++ ഗ്രേഡ് എന്ന നേട്ടമാണ് കേരളവും തമിഴ്‌നാടും പഞ്ചാബും ചണ്ഡിഗഡും ആൻഡമാൻ നിക്കോബാർ ദ്വീപും കരസ്ഥമാക്കിയത്. ഭരണത്തിന്റെയും നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്ന 24 സ്ഥലങ്ങൾ ഏറ്റവും ഉയർന്ന സ്‌കോർ ആയ 360 ൽ 80 ശതമാനത്തിൽ താഴെ മാത്രമാണ് നേടിയിരിക്കുന്നതെന്ന് പട്ടികയിൽ വ്യക്തമാകുന്നു. പി.ജി.ഐ. നിർണ്ണയിക്കുന്നത് 70 ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഡൽഹി, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പുതുച്ചേരി, ദാദ്ര ആൻഡ് നഗർ ഹവേലി തുടങ്ങിയ പ്രദേശങ്ങൾ പട്ടികയിൽ A+ വിഭാഗമാണ് നേടിയത്. ഏറ്റവും മികച്ച ഭരണ വിഭാഗത്തിൽ ഉയർന്ന സ്‌കോർ പഞ്ചാബ് സ്വന്തമാക്കി.

ബീഹാറും മേഘാലയയുമാണ് അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും താഴെയുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 2019-20 കാലയളവിൽ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിനും ഒഡീഷയ്ക്കും മികച്ച പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 10% പോയിന്റ് മെച്ചപ്പെടുത്തി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവ ഭരണ പ്രക്രിയയുടെ വിഭാഗത്തിൽ കുറഞ്ഞത് 20 ശതമാനം പോയിന്റ് മെച്ചപ്പെടുത്തുത്തുകയും ചെയ്തു.

കവരത്തി: അഡ്മിനിസ്‌ട്രേറ്റർ കൊണ്ട് വന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ തിങ്കളാഴ്ച്ച ജനകീയ നിരാഹാര സമരം ആഹ്വാനം ചെയ്ത് ദ്വീപ് നിവാസികൾ. സേവ് ലക്ഷദ്വീപ് ഫോറവും ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടാനാണ് തീരുമാനം. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണ്.

നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. പ്രമേഹം പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടി വന്നാൽ സംവിധാനമൊരുക്കണമെന്ന് ആരോഗ്യ പ്രവർത്തകരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിഷേധം കണക്കിലെടുത്ത് ദ്വീപിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം ചേരുകയാണെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദ്ദേശം. പത്തു വർഷങ്ങൾക്ക് ശേഷമാണ് ദ്വീപ് ഹർത്താലിന് സമാനമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിക്കുന്നത്. 2010 ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നെങ്കിലും മുഴുവൻ ദ്വീപുകളിലും ഒരുമിച്ച് കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ആദ്യമായാണെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.

ന്യൂഡൽഹി: 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷണവും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 2030 ഓടെ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന കാര്യം അഞ്ചുവർഷം നേരത്തെ ആക്കിയതായി അദ്ദേഹം വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഊർജ്ജ ആവശ്യം നിറവേറ്റാൻ നൂതന നയങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ വിതരണത്തിനുള്ള ഇ-100 പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുൻഗണനാ വിഷയമാണ് എഥനോൾ. കർഷകരെ സഹായിക്കാനും പരസ്ഥിതി ആഘാതം കുറയ്ക്കാനും എഥനോൾ നയം സഹായിക്കും. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയപ്പോൾ 1.5 ശതമാനം എഥനോൾ മാത്രമാണ് പെട്രോളിൽ ചേർത്തിരുന്നത്. നിലവിൽ അത് 8.5 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

320 കോടി ലിറ്റർ എഥനോൾ കച്ചവടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. രാജ്യത്തെ കരിമ്പ് കർഷകർക്കാണ് എഥനോൾ വ്യവസായത്തെ പ്രോസ്സാഹിപ്പിക്കുന്നത് വഴി നേട്ടം ലഭിക്കുക. പഞ്ചസാര ഉൽപാദനം കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് എഥനോൾ നിർമ്മാണം പ്രധാനമായും നടക്കുന്നത്. എന്നാൽ ധാന്യങ്ങളിൽ നിന്ന് എഥനോൾ നിർമ്മിക്കുന്ന ഡിസ്റ്റിലറികൾ വന്നതോടെ എഥനോൾ വ്യവസായം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. എഫനോളിൽ ഓക്‌സിജൻ കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ എൻജിനിൽ പെട്രോളിന്റെ ജ്വലനം കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും. വാഹനങ്ങൾ പുറന്തള്ളുന്ന പുക കുറയുന്നത് വഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ കഴിയും. കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നുമാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്.

ഷാന്‍, സാധന സര്‍ഗ്ഗം, പത്മശ്രീ മാലിനി അശ്വതി, രാജ് പണ്ഡിറ്റ് എന്നിവരടങ്ങുന്ന 35 അംഗ ഗായകരുമായി കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വെര്‍ച്ച്വല്‍ മ്യൂസിക്ക് ഫെസ്റ്റ്. കോവിഡ് ബാധിച്ച അനാഥര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അഭയാര്‍ത്ഥികള്‍, കുടിയേറ്റ തൊഴിലാളികള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, കലാകാരന്‍മാര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് സഹായം എത്തിക്കാന്‍ തുക കണ്ടെത്താനാണ് എക്ക് സാത്ത്, ഇന്ത്യ വില്‍ റൈസ് എഗൈന്‍ (ഒരുമിച്ച്, ഇന്ത്യ വീണ്ടും ഉദിച്ച് ഉയരും) എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത് . മുതിര്‍ന്ന അഭിനേതാവ് അനുപം ഖേറിന്റെ നേതൃത്വത്തിലുള്ള അനുപം ഖേര്‍ ഫൗണ്ടേഷന്‍,

സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി, അഭിനേത്രി പല്ലവി ജോഷിയുടെ നേതൃത്വത്തില്‍ അയാം ബുദ്ധ ഫൗണ്ടേഷന് എന്നിവര്‍ ഗ്ലോബല്‍ കശ്മീരി പണ്ഡിറ്റ് ഡയസ്‌പോറയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സോനു നിഗം, അല്‍ക യാഗ്‌നിക്, ശില്‍പ റാവു, കൈലാഷ് ഖേര്‍, ഷാന്‍, ഹരിഹരന്‍, ഡാലര്‍ മെഹന്തി, അനുപ് ജലോട്ട, പാപ്പോണ്‍, പങ്കജ് ഉദാസ്, പ്രസൂണ്‍ ജോഷി, പത്മശ്രീ സുരേഷ് വാഡ്കര്‍, സാധന സര്‍ഗമ, പത്മശ്രീ മാലിനി അശ്വതി, ജതിന്‍ ആന്‍ഡ് രാഹുല്‍ പണ്ഡിറ്റ്, സ്വപ്നില്‍ ബണ്ഡോര്‍ക്കര്‍, സുഖാന്ത ദത്തേ, അനുരാധ, സുനയന, ശ്രേയ കൗള്, ആനന്ദ് ശര്‍മ്മ,തലത് അസീസ്, അനു മാലിക്ക്, മനോജ് മുംതാശിര്‍, നീരജ പണ്ഡിറ്റ് എന്നിങ്ങനെയുള്ള 35 ഗായകരാണ് സംഗീത പരിപാടിയില്‍ പങ്കെടുത്തത്.

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ ശ്രീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇ ശ്രീധരനൊപ്പം സുശീൽ കുമാർ മോദി, സർബാനന്ദ സോനോവാൾ, രാം മാധവ് തുടങ്ങിയവരെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

കേന്ദ്ര മന്ത്രിസഭയുടെ പുന:സംഘടനയാണ് ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഘടകകക്ഷികളിൽ ഉൾപ്പെട്ട ജെഡിയുവിന് കൂടി പ്രാധാന്യം നൽകിക്കൊണ്ട് 10 പേരെ ഉൾപ്പെടുത്തിയുള്ള പട്ടിക ആയിരിക്കും കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കായി തയ്യാറാക്കുക.

ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പട്ടിക പ്രധാനമന്ത്രിയ്ക്ക് കൈമാറും. പിന്നീട് പ്രധാനമന്ത്രിയാണ് കേന്ദ്രമന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.

കോട്ടയം: ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതത്തിന്റെ ഭാഗമാക്കിയ രാജപ്പന് അന്താരാഷ്ട്ര പുരസ്‌ക്കാരം. തായ്‌വാനാണ്‌ രാജപ്പന്റെ നിസ്വാർത്ഥമായ സേവനത്തിന് ആദരവ് നൽകിയത്. തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡാണ് കുമരകത്തെ കായൽ സംരക്ഷകനായ രാജപ്പനെ തേടിയെത്തിയത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് രാജപ്പനെന്നും തായ്‌വാൻ പ്രശംസാപത്രത്തിൽ വ്യക്തമാക്കുന്നു.

ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ രാജപ്പനെ കുറിച്ച് പുറംലോകമറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയാണ്. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ രാജപ്പനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അരയ്ക്കു താഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്നതിനെ പ്രശംസിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വർഷങ്ങളായി രാജപ്പൻ കുമരകത്തെ കായലിൽ വള്ളത്തിൽ സഞ്ചരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ കുപ്പികൾ വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ.

രാജപ്പനെ കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ സ്വന്തമായി വീടോ വള്ളമോ ഇല്ലാതിരുന്ന അദ്ദേഹത്തിന് പല സ്ഥലങ്ങളിൽ നിന്നും സഹായമെത്തിയിരുന്നു. സ്വന്തമായൊരു വള്ളവും എൻജിനുമെന്ന രാജപ്പന്റെ സ്വപ്‌നം അങ്ങനെ നിറവേറി. ചെറുപ്പത്തിൽ പോളിയോ ബാധിച്ചാണ് രാജപ്പന്റെ കാലുകൾ തളർന്നത്. ജലസ്രോതസുകൾ മലിനമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് രാജപ്പൻ വള്ളത്തിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. ഇത് തന്നെ അദ്ദേഹം തന്റെ ഉപജീവന മാർഗമായി സ്വീകരിക്കുകയും ചെയ്തു. കായലിൽ നിന്നും ശേഖരിക്കുന്ന കുപ്പികൾ കച്ചവടക്കാർക്ക് വിറ്റ് അതിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് അദ്ദേഹം ജീവിക്കുന്നത്.

വിശാഖപട്ടണം: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി ഇന്ത്യന്‍ നേവല്‍ ഷിപ്പ് ഐരാവത് വ്യാഴാഴ്ച വിശാഖപട്ടണത്ത് എത്തി.ഏഴ് ക്രയോജനിക്ക് ഓക്‌സിജന്‍ ടാങ്കുകളിലായി 158 മെട്രിക് ടണ്‍ ദ്രവ മെഡിക്കല്‍ ഓക്‌സിജന്‍, 2722 ഓക്‌സിജന്‍ സിലിണ്ടറുകള്‍, പത്ത് വെന്റിലേറ്ററുകള്‍ ഉള്‍പ്പടെ മറ്റ് കൊവിഡ് ദുരിതാശ്വാശ വസ്തുക്കള്‍ എന്നിവ ഷിപ്പില്‍ ഉണ്ട്. നേരത്തെ, മേയ് പത്തിന് ഐ.എന്‍.എസ് ഐരാവത് എട്ട് ക്രയോജനിക് ഓക്‌സിജന്‍ ടാങ്കറുകള്‍, നാലായിരത്തോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍, സിംഗപ്പൂരില്‍ നിന്നുളള നിര്‍ണായക മെഡിക്കല്‍ ഉപകരണങ്ങള്‍/സാധനങ്ങള്‍ എന്നിവയുമായി വിശാഖപട്ടണത്ത് എത്തിയിരുന്നു. കൊവിഡ് കേസുകളിലെ വര്‍ദ്ധനവ് കണക്കിലെടുത്ത് ഓക്‌സിജന്‍ ആവശ്യകതകള്‍ നിറവേറ്റുന്നതിനുളള ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് നാവികസേന ഓപ്പറേഷന്‍ സമുദ്രസേതു-2 ആരംഭിച്ചത്.