പ്യോങ്‍യാങ്: കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമെന്ന ചൂണ്ടിക്കാട്ടി സംശയം തോന്നുന്ന പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.അതിർത്തി കടന്ന് ദീർഘദൂരം പറക്കുന്ന കഴിയുന്ന പക്ഷികളും തോക്കിനിരയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പറന്നെത്തുന്ന പക്ഷികളിൽ നിന്ന് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ശക്തമാകാൻ സാധ്യതയുണ്ടെന്ന ഭയത്തെ തുടർന്നാണ് ഉത്തരകൊറിയൻ ഏകാധിപതിയുടെ തീരുമാനം. അതിർത്തി പ്രദേശമായ ഹെയ്‌സാനിൽ പൂച്ചയെ വളർത്തിയ കുടുംബത്തെ 20 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിരുന്നതായി ‘ഡെയ്‌ലി എൻകെ’ റിപ്പോർട്ട് ചെയ്‌തു.കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നത്.

