Highlights (Page 209)

ന്യൂഡല്‍ഹി: കരസേനയുടെ നോര്‍ത്തേണ്‍ കമാന്റ് കമാന്റര്‍ ലഫ്.ജനറല്‍ വൈ.കെ ജോഷിയില്‍ നിന്ന് ബാഡ്ജുകള്‍ സ്വീകരിച്ച് നികിത കൗള്‍ സൈന്യത്തിന്റെ ഭാഗമായി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരചരമമടഞ്ഞ മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യയാണ് ലഫ്റ്റനന്റ് നികിത കൗള്‍.രാജ്യത്തിന് നല്‍കിയ സേവനത്തിന് മേജര്‍ധൗണ്ഡിയാലിന് ശൗര്യ ചക്രം നല്‍കിയാണ് രാജ്യം ആദരവര്‍പ്പിച്ചത്. വിവാഹംകഴിഞ്ഞ് ഒന്‍പത് മാസം മാത്രം കഴിഞ്ഞപ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണം. സൈന്യത്തിന്റെ ഭാഗമായി രാജ്യത്തിന് വേണ്ടി ജീവിക്കാന്‍ നികിത കൗള്‍ തീരുമാനിച്ചു. സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ പാസായ നികിത വൈകാതെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇന്ന് സൈന്യത്തില്‍ ലെഫ്റ്റനന്റായി ജോലിയില്‍ പ്രവേശിച്ചു.


കാര്‍വാര്‍: ”ബംഗളൂരുവില്‍നിന്ന് ഉത്തര കന്നടയിലേക്കു പോവുമ്പോള്‍ ഒരു ചെക് പോസ്റ്റ് പോലും നിങ്ങളെ തടഞ്ഞുനിര്‍ത്താനുണ്ടാവില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ആറു ചെക്‌പോസ്റ്റുകളില്‍ വിശദീകരണം നല്‍കിയല്ലാതെ കടന്നുപോവാനാവില്ല”-പറയുന്നത് കര്‍ണാടകയിലെ മന്ത്രിയാണ്, ശിവറാം ഹെബ്ബാര്‍.അഞ്ഞൂറു കുടുംബങ്ങള്‍ മാത്രമുള്ള കൊച്ചു ഗ്രാമമാണ് മാവിന മാനേ. രണ്ടാം തരംഗത്തില്‍ ഇവിടെ നൂറിലേറെപ്പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ആദ്യ തരംഗത്തില്‍ ഗ്രാമത്തെ കോവിഡ് ബാധിച്ചതേ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം തരംഗത്തില്‍ ഗ്രാമവാസികളില്‍ നല്ലൊരു പങ്കിനും രോഗം വന്നതോടെ ആശങ്ക പെരുത്തു.

ഗ്രാമത്തിലെ ഒരു കല്യാണ ചടങ്ങില്‍നിന്നാണ് രോഗ വ്യാപനമുണ്ടായത്. ഏപ്രില്‍ ആദ്യം നടന്ന കല്യാണത്തില്‍ ഗ്രാമത്തിനു പുറത്തുള്ളവരും പങ്കെടുത്തിരുന്നു. ഏപ്രില്‍ 19ന് പതിനഞ്ചു പേരില്‍ രോഗ ലക്ഷണം കണ്ടു. പെട്ടെന്നു തന്നെ എണ്ണം കൂടി, 108 പേര്‍ക്കാണ് ഏപ്രില്‍ മൂന്നാം വാരത്തില്‍ രോഗം സ്ഥിരീകരിച്ചത്.അന്തിച്ചു നില്‍ക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല, മാവിന മനേയ്ക്ക്. അവര്‍ സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഗ്രാമം ഒന്നാകെ അടച്ചു പൂട്ടി. ഇടവഴികള്‍ ഉള്‍പ്പൈട പൂര്‍ണമായും അടച്ചു. ഗ്രാമത്തിലൂടെ കടന്നുപോവുന്ന പ്രധാന നിരത്തില്‍ ആറു ചെക് പോസ്റ്റുകള്‍ അവര്‍ തന്നെ സ്ഥാപിച്ചു. അവിടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാവല്‍.

ശരിയായ കാരണം ഇല്ലാതെ ഒരാളെയും കടത്തിവിട്ടില്ല.കടുത്ത ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഒരാളും പ്രയാസപ്പെടാതിരിക്കാനും ഗ്രാമവാസികള്‍ ശ്രദ്ധിച്ചു. പ്രതിസന്ധിയില്‍ അവര്‍ പരസ്പരം സഹായമായി. അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സേവന സേനയുണ്ടാക്കി. മരുന്നും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും കൃത്യസമയത് എത്തിച്ചു. ആശാ വര്‍ക്കര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഓരോ വീട്ടിലും എത്തി രോഗികളെ പരിശോധിച്ചു.

മെയ് അവസാനം ആയപ്പോഴേക്കും ഒരാള്‍ക്കു പോലും രോഗം ഇല്ലാത്ത വിധത്തില്‍ ഗ്രാമത്തെ കോവിഡ് ഫ്രീ ആക്കിയതായി ടാക്‌സ് ഫോഴ്‌സ് അംഗങ്ങള്‍ പറയുന്നു. ഇതിന് നേരിട്ട് അഭിന്ദിക്കാന്‍ മന്ത്രിതന്നെ കഴിഞ്ഞ ദിവസം നേരിട്ടെത്തി. ഇത്തരത്തില്‍ ഓരോ ഗ്രാമവും പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിന് പിന്നെ അധികമൊന്നും ചെയ്യേണ്ടിവരില്ലെന്ന് ഹെബ്ബാര്‍ പറഞ്ഞു.യെല്ലാപൂരിലെ മാവിന മാനേയിലൂടെ കടന്നുപോയപ്പോള്‍ തനിക്കുണ്ടായ അനുഭവം ആണിതെന്ന് ഹെബ്ബാര്‍ പറയുന്നു.ഒരു ഗ്രാമം കോവിഡിനെ നേരിട്ടു വിജയിച്ച രീതിയാണിത്.

കൊവിഡ് കാലത്ത് വരുമാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തമായി സംരംഭം തുടങ്ങണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഫണ്ട് ഇല്ലാത്തതുകൊണ്ട് പിൻമാറുന്നവരുമുണ്ട്. എന്നാൽ സംരംഭകര്‍ക്കായുള്ള വിവിധ ലോണുകൾ പോലെ തന്നെ ബിസിനസ് തുടങ്ങാൻ വനിതകൾക്കും ലോൺ ലഭ്യമാണ്.

ബിസിനസ് വിപുലീകരിക്കാൻ ആവശ്യമായ സർക്കാർ പദ്ധതികൾ അറിഞ്ഞിരിക്കാം.

ഒരു കോടി രൂപ വരെ സ്റ്റാൻഡ് അപ്പ് ഇന്ത്യ ലോൺ

കൊറോണക്ക് ശേഷം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സര്‍ക്കാരിൻെറ സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി പ്രയോജനപ്പെടുത്താം. ഇതിനു കീഴിൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ലോൺ ലഭിയ്ക്കും. 2016 മുതൽ നിലവിൽ വന്ന സര്‍ക്കാരിൻെറ സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആണ് ഇത്രയും തുക ലോണായി ലഭിയ്ക്കുന്നത്. മികച്ച ബിസിനസ് ആശയം ഉണ്ടെങ്കിൽ സർക്കാർ തന്നെ സംരംഭകത്വ പരിശീലനം നൽകും. കടം വാങ്ങുന്നയാളുടെ ഗ്യാരൻറിയിൽ ആണ് ലോൺ നൽകുക എന്നതിനാൽ വായ്പയ്ക്ക് കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല.ഏഴു വർഷമാണ് പരമാവധി തിരിച്ചടവ് കാലാവധി .വനിതാ സംരംഭകരുടെ എല്ലാ വായ്പാ ആവശ്യങ്ങളും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. .ആദ്യമായി സംരംഭം തുടങ്ങുന്നവ‍ര്‍ക്കാണ് മുൻഗണന.18 വയസിനു മുകളിൽ പ്രായമുള്ള ആർക്കും ലോണിനായി അപേക്ഷിയ്ക്കാം.മൊത്തം മുടക്കുമുതലിൻെറ 10 ശതമാനം സ്വയം കണ്ടെത്തണം

​വരുമാനം കുറഞ്ഞവര്‍ക്കായി ഉദ്യോഗിനി ലോൺ

താഴ്ന്ന വരുമാനക്കാര്‍ക്ക് ഇളവുകളോടെ വായ്പ നൽകുന്നതാണ് ഉദ്യോഗിനി പദ്ധതി.ഈ സ്കീമിന് കീഴിൽ വായ്പ ലഭിക്കുന്നതിന് പ്രത്യേക വ്യവസ്ഥകളുണ്ട്. വായ്പയെടുക്കുന്നയാൾ 18 നും 55 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, കൂടാതെ കുടുംബത്തിൻെറ വാര്‍ഷിക വരുമാനം പ്രതിവർഷം 1.5 ലക്ഷത്തിൽ താഴെയായിരിക്കണം. ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കീഴിൽ മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും. വൈകല്യമുള്ളവര്‍ക്കും വിധവകൾക്കും വാര്‍ഷിക വരുമാന പരിധി ബാധകമാകില്ല. പദ്ധതിക്ക് കീഴിൽ വിവിധ ബാങ്കുകൾ ലോൺ നൽകുന്നുണ്ട്.

രണ്ടു ലക്ഷം രൂപ മുതൽ യൂണിയൻ നാരീ ശക്തി ലോൺ

ഒരു ബിസിനസ് ലോൺ എടുക്കാൻ ബാങ്കിനെ സമീപിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് യൂണിയൻ ബാങ്കിൻെറ യൂണിയൻ നാരീ ശക്തി പദ്ധതി സഹായകരമാകും. ഫാക്ടറി, ഓഫീസ് വെയർഹൗസ് എന്നിവ വാങ്ങാനോ നിർമ്മിക്കാനോ, പുതുക്കാനോ വനിതകൾക്ക് ഈ പദ്ധതി സഹായകരമാകും. പ്ലാൻറ്, മെഷിനറി, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും വായ്പാ തുക പ്രയോജനപ്പെടുത്താം. രണ്ടു ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് വായ്പ ലഭിക്കക. തിരിച്ചടവ് കാലാവധി 84 മാസം വരെയാണ്. 10 ലക്ഷത്തിന മകളിലള്ള വായ്പകൾക്ക് ഈട് നൽകേണ്ടി വന്നേക്കാം. തിരിച്ചടവിന് 12 മാസത്തെ മോറട്ടോറിയം ലഭിക്കും.

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി. 80 ശതമാനം മുസ്ലിംവിഭാ​ഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കും എന്ന അനുപാതമാണ് റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് 80:20 എന്ന അനുപാതം നിലവിൽ വന്നത്. ഇതിനെതിരെ ക്രൈസ്തവ സഭകൾക്കിടയിൽ വലിയ അതൃപ്തിയുണ്ടായിരുന്നു. നിലവിലുള്ള സ്കോളർഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

2011ലെ സെൻസസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവർ. ഇതിൽ 58.61 ശതമാനം മുസ്ലിം വിഭാ​ഗമാണ്. 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാ​ഗങ്ങളുമാണ്. ഈ സ്ഥിതിയിൽ 80:20 എന്ന അനുപാതം അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബിൽ നിന്നുമാണെന്നുള്ള ആരോപണം വീണ്ടും ശക്തമാവുകയാണ്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കാര്യം പരസ്യമായി പറയാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്തിലെ പല പ്രമുഖ ശാസ്ത്രജ്ഞരും ഇതേ കാര്യം പറയാൻ തുടങ്ങിയിരിക്കുന്നു. ഏറ്റവും പുതിയ റിപ്പോർട്ടിൽ വുഹാനിലെ ലാബിനെക്കുറിച്ചുള്ള വെളിപ്പെടുത്തലകൾ ഞെട്ടിപ്പിക്കുന്നതാണ്. കൊറോണ വൈറസിന് ഇത്രയധികം മാറ്റങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നും ലോകം ആശ്ചര്യപ്പെടുന്നു.

അമേരിക്കയുടെ ആരോപണങ്ങൾ ശരിവെച്ച് സംസാരിക്കുകയാണെങ്കിൽ, കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചൈനയിൽ നിന്നാണ് ലോകത്തെ അഞ്ച് പ്രധാന രോഗങ്ങൾ പടർന്നിരിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കുമെന്നതാണ് പ്രധാന ചോദ്യം.പ്രധാനമായും നാല് വൈറസുകളാണ് രോഗത്തിന് കാരണമായത്. SARS, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്ന വൈറസുകൾ. ഈ രോഗങ്ങളിളെത്തുടർന്ന് വലിയ തോതിലുള്ള മരണങ്ങളും സംഭവിച്ചിരിക്കുന്നു. ചൈനയിലെ ഭക്ഷണ ശീലത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

കാട്ടുമൃഗങ്ങളെയും വിഷമുള്ള മൃഗങ്ങളെയും കൊല്ലുകയും തിന്നുകയും ചെയ്യുന്നതാണ് ഈ ചോദ്യങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.പന്നിപ്പനി ചൈനയിൽ നിന്ന് ഉത്ഭവിച്ചതല്ലെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ ഇറച്ചി ചന്തകളെ പലതവണ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. SARS ഉം ഏവിയൻ ഫ്ലൂവും ഇപ്പോൾ കൊറോണ വൈറസും ലോകത്തെ മുഴുവൻ അപകടത്തിലാക്കി.

ചൈനയുടെ ഭക്ഷണശീലവും വൈറസും

ചൈനയിലെ ആളുകൾ സമുദ്രജീവികളുടേതടക്കം പാമ്പിനേയും പല്ലിയേയും വരെ കഴിക്കുന്നു. ചൈനീസ് നഗരങ്ങളിലെ ഇറച്ചി വിപണിയിൽ ഇവയെല്ലാം പരസ്യമായി കാണപ്പെടുന്നു. ചൈനയിലെ നഗരങ്ങളിലെ ജനസാന്ദ്രതയും അവിടത്തെ ഇറച്ചി വിപണിയും കാരണം അവിടെ നിന്ന് പുതിയ രോഗങ്ങൾ ഉയർന്നുവരുന്നു. ചൈനയിലെ ഇറച്ചി വിപണികളാണ് പുതിയ പല പകർച്ചവ്യാധികളുടെയും കാരണം. അടുത്ത കാലത്തായി, ഇത്തരം പല രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസുകൾ മൃഗങ്ങളുടെ മാംസത്തിൽ നിന്ന് മനുഷ്യന്റെ ശരീരത്തിലേക്ക് വരുന്നു, തുടർന്ന് ഈ അണുബാധ മനുഷ്യ ശരീരത്തിലൂടെ അതിവേഗം പടരുന്നു.

മാംസ വിപണിയിലെ മൃഗങ്ങളുടെ മാംസവും രക്തവും മനുഷ്യശരീരവുമായി സമ്പർക്കത്തിലാകുന്നതാണ് വൈറസ് പടരുന്നതിന്റെ ഏറ്റവും വലിയ കാരണമെന്ന വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് ശുചിത്വമില്ലാത്ത ചന്തകളിൽ നിന്നും. ഇത് എവിടെയും സംഭവിക്കാം. ഉദാഹരണത്തിന്, എബോള എന്ന വൈറസ് ആഫ്രിക്കയിൽ നിന്ന് ലോകമെമ്പാടും പടർന്നു. ചിമ്പാൻസിയിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് എബോള വൈറസ് എത്തിയത്. തുടർന്ന് ഈ വൈറസ് ലോകത്താകമാനം വളരെപ്പെട്ടന്നാണ് പടർന്നത്.

പക്ഷിപ്പനി

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പടരുന്ന വൈറൽ അണുബാധയാണ് ഏവിയൻ ഫ്ലൂ അല്ലെങ്കിൽ പക്ഷിപ്പനി. രോഗം ബാധിച്ച കോഴികളുമായോ മറ്റ് പക്ഷികളുമായോ വളരെ അടുത്തിടപെടുമ്പോഴാണ് ഈ രോഗം പടരുന്നത്. പ്രത്യേകിച്ചും കോഴികളുമായി നേരിട്ടുള്ള സമ്പർക്കത്തിൽ, ഈ രോഗം മനുഷ്യരിലേക്കും പടരുന്നു. മനുഷ്യരിൽ ഈ വൈറസ് വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെയാണ് എത്തുന്നത്.

ഇത്തരം പകർച്ചവ്യാധിയുടെ പല രൂപങ്ങളും വളരെക്കാലമായി ലോകത്തിന് മുന്നിൽ തുറന്ന് കാണപ്പെട്ടിരിക്കുന്നു. എച്ച് 5 എൻ 1 എന്ന വൈറസ് ആദ്യമായി ചൈനയിൽ പ്രത്യക്ഷപ്പെട്ടത് 1996 ലാണ്. ഇത് മാരകമായ വൈറസായാണ് കണക്കാക്കപ്പെടുന്നത്. 2000 ന് ശേഷം, ഏവിയൻ ഫ്ലൂ പലയിടത്തും പടരുന്ന രീതി എച്ച് 5 എൻ 1 ന് സമാനമായിരുന്നു. ഒരുപക്ഷേ ചൈനയാണ് പകർച്ചവ്യാധികൾ പടർത്തുന്നതെന്ന് അമേരിക്കയുടെ ആരോപണത്തെ ശരിവക്കുന്നതിൻ്റെ കാരണവും ഇതായിരിക്കാം.

SARS വൈറസ്

2002 നവംബറിലാണ് ചൈനയിൽ നിന്ന് SARS പകർച്ചവ്യാധി പടർന്നു പിടിക്കുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രദേശത്താണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. 2002 നവംബറിനും 2003 ജൂലൈയ്ക്കും ഇടയിൽ, തെക്കൻ ചൈനയിൽ SARS രോഗം പടർന്നു. പല രാജ്യങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക് ഈ പകർച്ചവ്യാധി ബാധിച്ചു, നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.

ഏറ്റവും കൂടുതൽ മരണം നടന്നത് ഹോങ്കോങ്ങിലായിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പകർച്ചവ്യാധിയുടെ മരണനിരക്ക് 9.6 ശതമാനമായിരുന്നു. രോഗം ലോകത്തെ 37 രാജ്യങ്ങളിലേക്കാണ് അന്ന് പടർന്നത്. പുതിയ കൊറോണ വൈറസും SARS കുടുംബത്തിലെ അംഗമാണ്. ഇന്നും SARS വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല.

SARS ന്റെ സമയത്ത്, ചൈനയുടെ മാംസ വിപണിയിലേക്കാണ് പലരും വിരൽ ചൂണ്ടിയത്. ലോകമെമ്പാടും ഇറച്ചി വ്യാപാരം വർദ്ധിക്കുകയാണെന്നും വിദഗ്ദ്ധർ പറയുന്നു. വനങ്ങൾ കുറയുകയാണ് പക്ഷേ വളർത്തു മൃഗങ്ങളുടെ കൃഷിയും എണ്ണവും വർദ്ധിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ, കാട്ടുമൃഗങ്ങളിലെ വൈറസുകൾ കാർഷിക മൃഗങ്ങളിലേക്ക് പടരുന്നു. അവിടെ നിന്ന് ഈ വൈറസുകൾ മനുഷ്യന്റെ ശരീരത്തിൽ എത്തുന്നു. പലതരം മൃഗങ്ങളുടെ മാംസംമാണ് ചൈനയിലെ ഇറച്ചി വിപണിയിൽ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ചൈനയിലെ വിഷപ്പാമ്പുകളുടെയും അതുപോലുള്ള ശരീരത്തിൽ വിഷമുള്ള മൃഗങ്ങളുടെ മാംസം വിൽക്കുന്ന വിപണികൾ. അതുകൊണ്ട് തന്നെ, പുതിയ വൈറസുകൾ അവിടെ നിന്ന് അതിവേഗം പടരുന്നു. ഇവയെല്ലാം പകർച്ചവ്യാധി ആയത് കൊണ്ട് തന്നെ, അവ ലോകമെമ്പാടും വ്യാപിക്കുന്നു.

പന്നിപ്പനി

പന്നിപ്പനി ഒരു പകർച്ചവ്യാധിയാണ്. മാത്രമല്ല അവഗണിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയന്നു വൈറസ് ബാധയാണിത്. കഴിഞ്ഞ വർഷം പന്നിപ്പനിയുടെ നിരവധി കേസുകൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തിരുന്നു. പന്നിപ്പനി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മാരക രോഗമാണ്. മരണത്തിന് വരെ കാരണമാകുന്നു. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗമുള്ളവർക്ക് ഇത് തികച്ചും അപകടകരമാണ്. കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് ഈ രോഗം വരാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറയുന്നു. ഇതിനുപുറമെ, പ്രതിരോധശേഷി കുറഞ്ഞവരും മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഈ രോഗത്തിന് ബാധിക്കാൻ സാധ്യത കൂടുതലാണ്. 2007-ൽ, പന്നിപ്പനി ഫിലിപ്പൈൻസിനെ രൂക്ഷമായാണ് ബധിച്ചത്.

കൊറോണ വൈറസ്

കൊറോണ വൈറസ് ഈ നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ പകർച്ചവ്യാധി ആയാണ് കണക്കാക്കപ്പെടുന്നത്. ഈ പകർച്ചവ്യാധിയുടെ മരണനിരക്ക് SARS, പന്നിപ്പനി എന്നിവയേക്കാൾ വളരെ കുറവാണെങ്കിലും, ഈ വൈറസ് വളരെപ്പെട്ടന്ന് പടർന്നു പിടിക്കുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം ഒരു പകർച്ചവ്യാധി ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ ആദ്യ സംഭവുമാണിത്.

കൊറോണ വൈറസ്, അതായത് കോവിഡുമായി ബന്ധപ്പെട്ട് മിക്കവാറും എല്ലാ പാശ്ചാത്യ രാജ്യങ്ങളും ചൈനക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. എന്നിരുന്നാലും, വുഹാൻ ലാബ് സിദ്ധാന്തത്തിന് കൂടുതൽ ശക്തിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.പകർച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചതിനാൽ മറ്റ് രാജ്യങ്ങളിലും അണുബാധ മോശമായി പടരാൻ കാരണമായതായും പല രാജ്യങ്ങൾ പറയുന്നു. ചൈനയിൽ നിന്ന് പുതിയ രോഗങ്ങൾ പടരുന്നതിന്റെ പ്രധാന കാരണം അവിടത്തെ ഭക്ഷ്യ വിപണിയാണെന്നും വിദഗ്ദ്ധർ ആരോപിക്കുന്നു.

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രം സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകളുടെ വില്പ്പന നിര്‍മ്മാതാക്കള്‍ക്ക് നല്കിയ നേട്ടത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്‌സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സീ5, നെറ്റ്ഫ്‌ലിക്‌സ് എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാകും തീയറ്റര്‍ റിലീസിന് ശേഷം ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുക. ഹിന്ദി പതിപ്പ് നെറ്റ്ഫ്‌ലിക്‌സിലും. വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്‌ലിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്ച്ചുഗീസ്, കൊറിയന്‍്, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തും. ഹിന്ദി സാറ്റലൈറ്റ് അവകാശം സീ സിനിമയ്ക്കും ബാക്കിയുള്ള പതിപ്പുകളുടെ അവകാശം ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകള്‍ക്കുമാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

ന്യൂയോർക്ക് ; ഇന്ത്യൻ സർക്കാരിനെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നുണ്ടെന്നും ഇതും യഥാർഥ ഭരണവും തമ്മിൽ വ്യത്യാസമുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ. ഇപ്പോൾ രണ്ടാം തരംഗം ആരംഭിച്ച ശേഷം 800 ദശലക്ഷം ആളുകൾക്കു സൗജന്യ ഭക്ഷണം നൽകി. 400 ദശലക്ഷം ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചു. ഇതാണ് ഈ സർക്കാർ ചെയ്തത്.

അമേരിക്കയിലെ ജനസംഖ്യയുടെ രണ്ടര ഇരട്ടിയിലധികം പേർക്കു ഭക്ഷണം നൽകുകയും യുഎസിലെ ജനസംഖ്യയേക്കാൾ കൂടുതൽ പേർക്കു ധനസഹായം നൽകുകയും ചെയ്യുന്നു. വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് അല്ലാതെ കൂടുതലൊന്നും ഞങ്ങൾ ചോദിക്കുന്നില്ല, വിവേചനമില്ല. യാഥാർഥ്യം ഇതായിരിക്കെ ഇന്ത്യയെ പ്രത്യേക രീതിയിൽ ചിത്രീകരിക്കാൻ രാഷ്ട്രീയശ്രമം നടക്കുന്നുണ്ട്.നിങ്ങൾക്ക് ഇതിനോടു യോജിക്കാം, വിയോജിക്കാം.

ജനാധിപത്യത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് അതിയായ ആത്മവിശ്വാസമുണ്ട്. ഇന്ത്യ ബഹുസ്വര സമൂഹമാണ്. മുൻകാലങ്ങളിൽ വോട്ടുബാങ്ക് രാഷ്ട്രീയത്തെ പലരും വളരെയധികം ആശ്രയിച്ചിരുന്നു. ഞങ്ങൾ അതിൽനിന്നു പുറത്തുപോയി. എല്ലാ അർഥത്തിലും ഇന്ത്യ വൈവിധ്യപൂർണമാണ്’– ജയ്ശങ്കർ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ഹൂവർ ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച ‘ഇന്ത്യ: അവസരങ്ങൾ, തന്ത്രപരമായ പങ്കാളിത്തത്തിനുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ എച്ച്.ആർ. മക്മാസ്റ്ററുമായുള്ള സംഭാഷണത്തിനിടെയാണു പരാമർശം.‘കോവിഡ് മഹാമാരി കാരണം ഇന്ത്യ വളരെ സമ്മർദത്തിലൂടെയാണു കടന്നുപോകുന്നത്. ഞങ്ങൾ കുറെ മാസങ്ങളായി സൗജന്യ ഭക്ഷണം നൽകുന്നുണ്ട്. യുഎസ് സന്ദർശനത്തിനായി ജയ്ശങ്കർ ഞായറാഴ്ചയാണു ന്യൂയോർക്കിലെത്തിയത്.

ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിന്ന്​ പ്രതിമാസം നാല്​ തവണയിൽ കൂടുതൽ പണം പിന്‍വലിക്കുകയാണെങ്കിൽ പിന്നീട്​ ഓരോ തവണ പണം പിന്‍വലിക്കു​മ്പോഴും 15 രൂപയും ജി. എസ്​. ടിയും നല്‍കണം. ജൂലൈ ഒന്ന്​ മുതല്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നും എസ്​.ബി.ഐ അറിയിച്ചു.ബേസിക്​ സേവിങ്​സ്​ ഡെപ്പോസിറ്റ്​ അക്കൗണ്ട്​ ഉടമകളുടെ ചെക്ക്​ബുക്ക്​ ചാര്‍ജുകളിലും മാറ്റം എസ്​.ബി.ഐ മാറ്റം വരുത്തിയിട്ടുണ്ട്. 10 പേജുള്ള ചെക്ക്​ബുക്കാണ്​ എസ്​. ബി. ഐ നിലവില്‍ സൗജന്യമായി പ്രതിവര്‍ഷം നല്‍കുന്നത്​. ഇതിന്​ ശേഷം 10 ലീഫുള്ളതിന്​ 40 രൂപയും 25 എണ്ണമുള്ളതിന്​ 75 രൂപയും നല്‍കണം. അടിയന്തരമായി ചെക്ക്​ബുക്ക്​ ലഭിക്കണമെങ്കില്‍ 50 രൂപയും നല്‍കണം.

എസ്‌ബി‌ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം വഴി 10,000 കോടി രൂപയുടെ വായ്പകൾ ഇതുവരെ നൽകിയിട്ടുണ്ടെന്ന് ബാങ്ക് അവകാശപ്പെടുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബി‌ഐ) പുതിയ ഭവന വായ്പ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ബാങ്കിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് പലിശ നിരക്കുകൾ 6.95% മുതൽ ആരംഭിക്കും.ക്രെഡിറ്റ് ഹിസ്റ്ററിയിലേയ്ക്കും മറ്റ് സാമ്പത്തിക വിവരങ്ങളിലേക്കും ഉപയോക്താക്കൾക്ക് തൽക്ഷണവും എളുപ്പത്തിലുള്ളതുമായ പ്രവേശനം നൽകുന്നതിന് എസ്‌ബി‌ഐ ഉടൻ തന്നെ അക്കൗണ്ട് അഗ്രഗേറ്റർ സിസ്റ്റം ആരംഭിക്കുമെന്നാണ് വിവരം.

ഒരൊറ്റ വിൻഡോയിലൂടെ വ്യക്തിഗത അല്ലെങ്കിൽ സ്ഥാപനത്തിന്റെ ക്രെഡിറ്റ് ചരിത്രം, നിക്ഷേപങ്ങൾ എന്നിവ പോലുള്ള വിവരങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്ന അക്കൗണ്ട് അഗ്രഗേറ്റർ (എഎ) ചട്ടക്കൂട് 2016ൽ റിസർവ് ബാങ്ക് അംഗീകരിച്ചിരുന്നു.ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം, എസ്‌ബി‌ഐ യോനോ ഇപ്പോൾ രണ്ട് റീട്ടെയിൽ വായ്പകൾ കൂടി കൂട്ടിച്ചേർത്തു. ഈ വായ്പകളുടെ തടസ്സരഹിതമായ പ്രോസസ്സിംഗിന്, രേഖകൾ ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നതിന് ബാങ്കിന് ഒരു സംവിധാനം ആവശ്യമാണ്.

അതിനാൽ എസ്‌ബി‌ഐ ഒരു ഡിജിറ്റൽ ഡോക്യുമെന്റ് എക്സിക്യൂഷൻ (ഡി‌ഡി‌ഇ) സംവിധാനം പരീക്ഷിച്ച് വരികയാണ്. ഇതിൽ ഡിജിറ്റൽ സിഗ്‌നേച്ചറുകളും മറ്റ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളും ഉൾപ്പെടുന്നു. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനകം ലഭ്യമായ ഇ-സ്റ്റാമ്പിംഗ് സംവിധാനവും ബാങ്ക് ഉപയോഗപ്പെടുത്തും. പുതിയ എസ്‌ബി‌ഐ ഉപഭോക്താക്കൾക്കും ഈ വായ്പകൾ നൽകാൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്.

ഡെറാഡൂണ്‍: ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ഐഎംഎ. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. രാംദേവിന്റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍് നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളിലെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്കിയ റംഡിസീവര്‍, ഫവിഫ്‌ലൂ തുടങ്ങിയ മരുന്നുകള്‍ പരാജയമാണെന്നുമാണ് രാംദേവ് പറഞ്ഞത്.പരാമര്‍ശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോര്‍ത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് രാംദേവിനു നല്കിയ കത്തില്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

ന്യൂഡൽഹി: 2021 മാർച്ച്‌ 31 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്നായി റിപ്പോർട്ട് ചെയ്തത് 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ബാങ്കുകളുടെ ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനത്തോളം വരുന്ന തുകയാണ് ഇത്. വിവരാവകാശ നിയമ പ്രകാരം റിസർവ് ബാങ്കിൽ നിന്നുമാണ് ഈ വിവരം ലഭ്യമായത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകൾ രാജ്യത്തെ 90 ധനകാര്യ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ലഭ്യമായ വിവരം.

78072 കോടി രൂപയുടെ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നത്. 39733 കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാമതും നിൽക്കുന്നു. തൊട്ടുപിന്നിൽ 32,224 കോടി രൂപയുടെ തട്ടിപ്പുമായി ബാങ്ക് ഓഫ് ഇന്ത്യയും 29,572 കോടി രൂപയുടെ തട്ടിപ്പുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ഉണ്ട്.

തട്ടിപ്പ് നടന്ന ആദ്യ അഞ്ചു ബാങ്കുകളിൽ നിന്ന് മാത്രമായി 206941 കോടി രൂപയാണ് നഷ്ടമായത്. സ്വകാര്യ ബാങ്കുകളിലേക്ക് വരുമ്പോൾ വായ്പാ തട്ടിപ്പ് കൂടുതലായി നടന്നത് ഐ.സി.ഐ.സി.ഐ ബാങ്കിലാണ് 5.3 ശതമാനം. യെസ് ബാങ്കിൽ 4.02 ശതമാനവും ആക്സിസ് ബാങ്കിൽ 2.54 ശതമാനവുമാണ് തട്ടിപ്പ് നടന്നത്.