തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി വേണ്ടിവരും. മാത്രമല്ല മൂന്നുവര്‍ഷത്തെ മാര്‍ക്ക് കൂടി നോക്കിയുള്ള മാതൃക ആലോചിക്കാനും തീരുമാനമുണ്ട്. അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പകരം സംവിധാനത്തിന്റെ കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. കേരള സിലബസില്‍ പ്ലസ്ടു പരീക്ഷ തീര്‍ന്നതിനാല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിലടക്കം പിന്തള്ളപ്പെടുമോ എന്നതാണ് പ്രധാന ആശങ്ക. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയില്‍ പരമാവധി മാര്‍ക്ക് നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭൂരിപക്ഷം പേരും. 9, 10, പ്ലസ് വണ്‍ ക്ലാസുകളിലെ ആവറേജ് മാര്‍ക്ക് പരിഗണിച്ച് പ്ലസ് ടു സ്‌കോര്‍ നിശ്ചയിക്കുമെന്ന് കേള്‍ക്കുന്ന ബദലില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കേരള എഞ്ചിനീയറംഗില്‍ ആദ്യത്തെ 5000 റാങ്കില്‍ 2477 പേരും സിബിഎസ് ഇ പന്ത്രണ്ടാം ക്ലാസ്‌കാരായിരുന്നു. 2280 പേരാണ് കേരള ഹയര്‍ സെക്കണ്ടറിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്. പൊതുപരീക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ എങ്ങനെ സ്‌കോര്‍ നിശ്ചയിക്കുമെന്നതാണ് പ്രധാന പ്രശ്‌നം. 21 നുള്ളില്‍ കീമിന് അപേക്ഷ നല്‍കുകയും വേണം.
2021-06-02

