ഹൂസ്റ്റൻ: അൽഷിമേഴ്സ് രോഗത്തിനുള്ള മരുന്നിന് അംഗീകാരം നൽകി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. ഏജൻസിയുടെ സ്വതന്ത്ര ഉപദേശക സമിതിയുടെയും അൽഷിമേഴ്സിന്റെ ചില വിദഗ്ധരുടെയും എതിർപ്പ് അവഗണിച്ചാണ് ഫുഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം. രണ്ടു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് അൽഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നിന് അംഗീകാരം ലഭിച്ചത്.
അഡുഹെൽ എന്ന ബ്രാൻഡ് നാമത്തിലുള്ള അഡുകാനുമാബ് എന്ന മരുന്നിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ആളുകളിലുള്ള വൈജ്ഞാനിക തകർച്ചയെ മന്ദഗതിയിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ മരുന്ന്. ചിന്താപ്രശ്നങ്ങൾ പരഹരിക്കാനുള്ള കഴിവ് ഈ മരുന്നിനുണ്ട്. ഡിമെൻഷ്യ ലക്ഷണങ്ങൾക്കു പകരം അൽഷിമേഴ്സ് രോഗ പ്രക്രിയയെ ഇല്ലാതാക്കാനുള്ള ആദ്യത്തെ അംഗീകൃത ചികിത്സയാണിത്.
അമേരിക്കൻ ഐക്യനാടുകളിലെ ആറ് ദശലക്ഷം ആളുകൾക്കും ആഗോളതലത്തിൽ ഏകദേശം 30 ദശലക്ഷം ആളുകൾക്കും അൽഷിമേഴ്സ് രോഗബാധയുണ്ട്. 2050 ഓടെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ, യുഎസിൽ അംഗീകരിച്ച അഞ്ച് മരുന്നുകൾക്ക് വിവിധ അൽഷിമേഴ്സ് ഘട്ടങ്ങളിൽ ബുദ്ധിമാന്ദ്യം കുറയ്ക്കാനാവും. അംഗീകൃത ഏതെങ്കിലും മരുന്നുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന രോഗികളിൽ നിന്ന് അഡുകാനുമാബിന് വളരെയധികം ആവശ്യമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്.