മെട്രോമാൻ ഇ ശ്രീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു? അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ ശ്രീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇ ശ്രീധരനൊപ്പം സുശീൽ കുമാർ മോദി, സർബാനന്ദ സോനോവാൾ, രാം മാധവ് തുടങ്ങിയവരെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

കേന്ദ്ര മന്ത്രിസഭയുടെ പുന:സംഘടനയാണ് ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. ഘടകകക്ഷികളിൽ ഉൾപ്പെട്ട ജെഡിയുവിന് കൂടി പ്രാധാന്യം നൽകിക്കൊണ്ട് 10 പേരെ ഉൾപ്പെടുത്തിയുള്ള പട്ടിക ആയിരിക്കും കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കായി തയ്യാറാക്കുക.

ജനറൽ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പട്ടിക പ്രധാനമന്ത്രിയ്ക്ക് കൈമാറും. പിന്നീട് പ്രധാനമന്ത്രിയാണ് കേന്ദ്രമന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്താമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക.