ന്യൂഡൽഹി: 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി സംരക്ഷണവും കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 2030 ഓടെ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന കാര്യം അഞ്ചുവർഷം നേരത്തെ ആക്കിയതായി അദ്ദേഹം വ്യക്തമാക്കി. 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഊർജ്ജ ആവശ്യം നിറവേറ്റാൻ നൂതന നയങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എഥനോൾ വിതരണത്തിനുള്ള ഇ-100 പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുൻഗണനാ വിഷയമാണ് എഥനോൾ. കർഷകരെ സഹായിക്കാനും പരസ്ഥിതി ആഘാതം കുറയ്ക്കാനും എഥനോൾ നയം സഹായിക്കും. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയപ്പോൾ 1.5 ശതമാനം എഥനോൾ മാത്രമാണ് പെട്രോളിൽ ചേർത്തിരുന്നത്. നിലവിൽ അത് 8.5 ശതമാനമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
320 കോടി ലിറ്റർ എഥനോൾ കച്ചവടമാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. രാജ്യത്തെ കരിമ്പ് കർഷകർക്കാണ് എഥനോൾ വ്യവസായത്തെ പ്രോസ്സാഹിപ്പിക്കുന്നത് വഴി നേട്ടം ലഭിക്കുക. പഞ്ചസാര ഉൽപാദനം കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് എഥനോൾ നിർമ്മാണം പ്രധാനമായും നടക്കുന്നത്. എന്നാൽ ധാന്യങ്ങളിൽ നിന്ന് എഥനോൾ നിർമ്മിക്കുന്ന ഡിസ്റ്റിലറികൾ വന്നതോടെ എഥനോൾ വ്യവസായം മറ്റിടങ്ങളിലേക്കും വ്യാപിച്ചു. എഫനോളിൽ ഓക്‌സിജൻ കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ എൻജിനിൽ പെട്രോളിന്റെ ജ്വലനം കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കും. വാഹനങ്ങൾ പുറന്തള്ളുന്ന പുക കുറയുന്നത് വഴി അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ കഴിയും. കരിമ്പിൽ നിന്നും ധാന്യങ്ങളിൽ നിന്നുമാണ് എഥനോൾ ഉത്പാദിപ്പിക്കുന്നത്.

