കോട്ടയം: ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ജീവിതത്തിന്റെ ഭാഗമാക്കിയ രാജപ്പന് അന്താരാഷ്ട്ര പുരസ്‌ക്കാരം. തായ്‌വാനാണ് രാജപ്പന്റെ നിസ്വാർത്ഥമായ സേവനത്തിന് ആദരവ് നൽകിയത്. തായ്‌വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡാണ് കുമരകത്തെ കായൽ സംരക്ഷകനായ രാജപ്പനെ തേടിയെത്തിയത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് രാജപ്പനെന്നും തായ്‌വാൻ പ്രശംസാപത്രത്തിൽ വ്യക്തമാക്കുന്നു.
ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ രാജപ്പനെ കുറിച്ച് പുറംലോകമറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയാണ്. പ്രതിമാസ പരിപാടിയായ മൻ കീ ബാത്തിൽ രാജപ്പനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അരയ്ക്കു താഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്നതിനെ പ്രശംസിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വർഷങ്ങളായി രാജപ്പൻ കുമരകത്തെ കായലിൽ വള്ളത്തിൽ സഞ്ചരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ കുപ്പികൾ വിറ്റ് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത് തന്നെ.
രാജപ്പനെ കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ സ്വന്തമായി വീടോ വള്ളമോ ഇല്ലാതിരുന്ന അദ്ദേഹത്തിന് പല സ്ഥലങ്ങളിൽ നിന്നും സഹായമെത്തിയിരുന്നു. സ്വന്തമായൊരു വള്ളവും എൻജിനുമെന്ന രാജപ്പന്റെ സ്വപ്‌നം അങ്ങനെ നിറവേറി. ചെറുപ്പത്തിൽ പോളിയോ ബാധിച്ചാണ് രാജപ്പന്റെ കാലുകൾ തളർന്നത്. ജലസ്രോതസുകൾ മലിനമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് രാജപ്പൻ വള്ളത്തിൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും പെറുക്കുന്നതിനായി ഇറങ്ങിയത്. ഇത് തന്നെ അദ്ദേഹം തന്റെ ഉപജീവന മാർഗമായി സ്വീകരിക്കുകയും ചെയ്തു. കായലിൽ നിന്നും ശേഖരിക്കുന്ന കുപ്പികൾ കച്ചവടക്കാർക്ക് വിറ്റ് അതിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് അദ്ദേഹം ജീവിക്കുന്നത്.

