ചണ്ഡിഗഡ്: കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഭീകരവാദത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കാനഡ രാഷ്ട്രീയ അഭയം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കും ഭീകരർക്കും കാനഡ അഭയം നൽകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ മുൻ ശ്രമങ്ങളെ അദ്ദേഹം എടുത്തു പറയുകയും ചെയ്തു. കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഹിന്ദു ആരാധനാലയങ്ങൾക്കും നേരെ മുൻപ് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കനേഡിയൻ സർക്കാർ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
അട്ടിമറിപ്രവർത്തനങ്ങളെ ട്രൂഡോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഒഴികഴിവ് പറഞ്ഞ് തള്ളിക്കളയുകയാണ്. ഇന്ത്യക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭീകരരെ കൈമാറാൻ കാനഡയുടെ മേൽ രാജ്യാന്തര സമ്മർദം ശക്തമാക്കണം. 2018 ഫെബ്രുവരിയിൽ അമൃത്സറിൽ വച്ച് കേന്ദ്ര സർക്കാരിനു വേണ്ടി പഞ്ചാബ് മുഖ്യമന്ത്രി എന്ന നിലയിൽ ട്രൂഡോയെ കണ്ടപ്പോൾ, നടപടിക്കായി ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക കൈമാറിയിരുന്നു. എന്നാൽ, കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ട്രൂഡോ തീവ്രവാദ ഗാലറിയിൽ നിന്ന് കളിക്കുമ്പോൾ അതിശയിക്കാനില്ലെന്നും അമരിന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

