Highlights (Page 20)

ബംഗളൂരു: നിർണായക വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ച് ഇന്ത്യയുടെ ആദ്യ സൗര്യ ഗവേഷണ പേടകമായ ആദിത്യ എൽ-1. സൂര്യകണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പേടകത്തിലെ സ്റ്റെപ്‌സ് ( സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൽ സ്‌പെക്ട്രോമീറ്റർ) എന്ന ഉപകരണം ശേഖരിക്കുന്നത്. സ്റ്റെപ്‌സ് എന്നത് ആദിത്യ സോളാർ വിൻഡ് പാർട്ടികിൾ എക്‌സ്പിരിമെന്റിന്റെ ഭാഗമാണ്. സെപ്റ്റംബർ പത്ത് മുതലാണ് സ്റ്റെപ്‌സ് പ്രവർത്തനനിരതമായത്.

ഭൂമിയിൽ നിന്ന് 50,000 കിലോ മീറ്റർ അകലെയുള്ള വിവരങ്ങളാണ് ഇവ ശേഖരിക്കുന്നത്. സൗരവാതത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളും അടക്കമുള്ള ഊർജ്ജ കണങ്ങളെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങൾ ഇത് ശേഖരിക്കും. ഭൂമിയ്ക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ സ്റ്റെപ്‌സ് കൈമാറുന്ന വിവരങ്ങൾ ഐഎസ്ആർഒയെ സഹായിക്കുന്നതാണ്.

സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ വൺ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പിഎസ്എൽവി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുൂടെ ലക്ഷ്യമിടുന്നത്

അഞ്ച് വർഷവും എട്ട് മാസവുമാണ് ദൗത്യത്തിന്റെ കാലാവധി. സൂര്യന്റേയും ഭൂമിയുടേയും ആകർഷണവലയത്തിൽ പെടാത്ത ഹാലോ ഓർബിറ്റിലാണ് ഉപഗ്രഹം സഞ്ചരിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലഗ്രാഞ്ച് പോയന്റ് 1 (എൽ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക.

ഇമേജിങ് ടെലസ്‌കോപ്പ് (എസ്.യു.ഐ.ടി), വിസിബിൾ ലൈൻ എമിഷൻ കൊറോണ ഗ്രാഫ് (വി.ഇ.എൽ.സി), സോളാർ അൾട്രാ വയലറ്റ് ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ (എച്ച്യഇ.എൽ.1.ഒ.എസ്), ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്‌സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പി.എ.പി.എ.), മാഗ്‌നറ്റോ മീറ്റർ, സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ (എസ്.ഒ.എൽ.ഇ.എക്‌സ്.എസ്) എന്നിങ്ങനെ ഏഴ് പേലോഡുകളാണ് ആദിത്യ എൽ 1 ൽ ഉള്ളത്.

സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്തതിനാലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ രജിസ്ട്രേഷൻ എന്ന തീരുമാനത്തിലെത്തിയത്. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിക്കുകയും സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനമായി.

കെഎസ്ആർടിസി വാഹനങ്ങൾ റെജിസ്റ്റർ ചെയുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ ഒന്ന്, രണ്ട് എന്നിങ്ങനെയാണ് വിഭജിച്ചത്. റീജിയണൽ ഓഫീസ് സെക്ടർ ഒന്നിൽ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും. സെക്ടർ രണ്ടിൽ സർക്കാർ അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷനാവും നടക്കുക ഇതിനായി ജീവനക്കാരെ പുനർവിന്യസിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി.

തനിക്കെതിരെയുള്ള വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നു എന്ന് ചാണ്ടി ഉമ്മൻ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പോലെ പ്രചരിപ്പിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ കുറെ നാളുകളായി കുടുംബത്തെ വേട്ടയാടുകയാണെന്നും ദേശാഭിമാനിയും കൈരളിയും കള്ള പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാണിസാറിന്റെ കുടുംബത്തെ ഉൾപ്പെടെ അവർ എന്തൊക്കെ പറഞ്ഞു ആക്ഷേപിച്ചു, എന്നിട്ട് ഇപ്പോൾ പറയുന്നത് എല്ലാം ചെയ്തത് കോൺഗ്രസ്സുകാരാണെന്ന്. സോളാർ കേസിൽ ഇനിയൊരു അന്വേഷണം വേണ്ട എന്ന് ചാണ്ടിഉമ്മൻ പറഞ്ഞിരുന്നു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്റെ സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സത്യപ്രതിജ്ഞയുടെ അന്ന് സോളാർ വിഷയം കൊണ്ടുവന്നത് അനാദരവായാണ് കാണുന്നത് എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രണ്ടുമാസം മുൻപ് ചാണ്ടി ഉമ്മൻ നടത്തിയ ചെറുകുടൽ പരാമർശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു. നമ്മുടെയെല്ലാം ചെറുകുടകളാണെന്നു തോന്നുന്നു ഒന്നര കിലോമീറ്റർ നീളമുണ്ട്‌ അദ്ദേഹത്തിന്റെ വെറും 300 മീറ്റർ മാത്രമാണുള്ളത് എന്നായിരുന്നു ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തി ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്താവന. തനിക്ക് നാവു പിഴ പറ്റിയത് ഇപ്പോൾ എഡിറ്റ് ചെയ്ത് വ്യാപകമായിപ്രചരിപ്പിക്കുന്നു എന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം.

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് ഏറെ വൈകാരികതയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റിലേയ്ക്ക് മാറുകയാണെങ്കിലും പഴയ കെട്ടിടം പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

ഒരുപാട് കയ്‌പ്പേറിയതും മധുരമുള്ളതുമായ ഓർമകൾ തങ്ങി നിൽക്കുന്ന കെട്ടിടത്തോടാണ് വിട പറയുന്നത്. നമ്മളെല്ലാവരും ഈ ചരിത്രപരമായ കെട്ടിടത്തോട് വിടപറയുകയാണ്. താൻ ആദ്യമായി ഈ മന്ദിരത്തിൽ അംഗമായി പ്രവേശിച്ചപ്പോൾ തനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചന്ദ്രയാൻ, ജി -20 വിജയങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും അണിയറ പ്രവർത്തകരെയും ഒരിക്കൽ കൂടി അഭിനന്ദിക്കുകയാണ്. നേട്ടം ഒരാളുടെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങളുടേതുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഇന്ത്യയിൽ ഒരു സുഹൃത്തിനെ ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുകയാണ്. ഇന്ത്യ ലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, സാദ്ധ്യതകൾ, 140 കോടി ജനങ്ങളുടെ ശക്തി എന്നിവയെല്ലാം രാജ്യത്തിന് ഒരു പുതിയ രൂപം നൽകിയിരിക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ലണ്ടൻ: യുകെയിൽ സന്ദർശക- വിദ്യാർഥി വിസ നിരക്കുകൾ ഉയർത്തി. വിദ്യാർഥി വിസയിൽ 127 പൗണ്ടാണ് (13,000 രൂപയിലേറെ) വർധിപ്പിച്ചത്. ഇതോടെ വിദ്യാർഥി വീസക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 490 പൗണ്ടായി.

ആറുമാസത്തിൽ താഴെയുള്ള സന്ദർശന വിസ ഫീസിൽ 15 പൗണ്ട് വർധിപ്പിച്ചു. 115 പൗണ്ട് (11,000ലധികം രൂപ) ആണ് സന്ദർശന വിസയ്ക്കുള്ള പുതിയ അപേക്ഷ ഫീസ്. പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുക ഒക്ടോബർ നാലു മുതലാകും. ഒക്ടോബർ നാലു മുതൽ എമിഗ്രേഷൻ ഫീസിലും വർധനവുണ്ടാകും.

പൊതുമേഖലയിലെ ശമ്പളം ഉയർത്തുക, സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് യുകെ വിസ നിരക്കുകൾ വർദ്ധിപ്പിച്ചത്. ജൂലൈയിൽ പ്രധാനമന്ത്രി ഋഷി സുനക് ഫീസ് നിരക്കിൽ വർധനവുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. മറ്റുവിഭാഗങ്ങളിലുള്ള വിസ നിരക്കുകളിലും വിവിധ സേവനങ്ങളിലുമെല്ലാം വർധനവുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയും പൂനെ എൻ.ഐ.വി.യുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്. നിപ വൈറസ് പരിശോധന നടത്തുന്നത് എങ്ങനെയെന്നും മന്ത്രി വിശദമാക്കി.

സാമ്പിളുകൾ എടുക്കുന്നതെങ്ങനെ?

എൻ 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രോഗലക്ഷണമുള്ള വ്യക്തികളുടെ മൂക്കിലേയും തൊണ്ടയിലേയും സ്രവങ്ങൾ, സിഎസ്എഫ്, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുന്നു. തുടക്ക സമയത്ത് രോഗലക്ഷണങ്ങൾ പലരിലും കാണാത്തതിനാൽ നിപ വൈറസിന്റെ പ്രാരംഭ ഘട്ടം വെല്ലുവിളി നിറഞ്ഞതാണ്. എങ്കിലും രോഗബാധിതരായ ആളുകൾക്കിടയിൽ അതിജീവന സാധ്യത വർധിപ്പിക്കുന്നതിനും മറ്റ് ആളുകളിലേക്ക് പകരുന്നത് തടയുന്നതിനും രോഗ വ്യാപനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും നേരത്തെയുള്ള പരിശോധന നിർണായകമാണ്. അതിനാൽ തന്നെ രോഗലക്ഷണങ്ങളില്ലാത്ത ഒരാളുടെ പരിശോധനാഫലം നെഗറ്റീവായാലും, അദ്ദേഹം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ആളായാൽ നിപയുടെ ഇൻകുബേഷൻ പരിധിയായ 21 ദിവസം ഐസൊലേഷനിൽ കഴിയണം.

ലാബിലേക്ക് അയക്കുന്നതെങ്ങനെ?

സംശയിക്കപ്പെടുന്നയാളുടെ സാമ്പിളുകളുടെ ശേഖരണം, ലാബിലേക്ക് കൊണ്ടുപോകൽ, സംഭരണം, സംസ്‌കരണം എന്നിവയിൽ മതിയായ ബയോ സേഫ്റ്റി മുൻകരുതലുകൾ സ്വീകരിക്കണം. ക്ലിനിക്കൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ സാമ്പിളുകൾ സുരക്ഷിതമായി ട്രിപ്പിൾ കണ്ടെയ്നർ പാക്കിംഗ് നടത്തുന്നു. ഇത് കോൾഡ് ചെയിനിൽ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായി ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് മുൻകൂർ അറിയിപ്പോടെ കൊണ്ടുപോകണം.

നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ?

നിപ വൈറസിനെ കണ്ടെത്താൻ പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർ.ടി.പി.സി.ആർ) പരിശോധനയാണ് നടത്തുന്നത്. എൻ.ഐ.വി. പൂനെയിൽ നിന്നും ലഭിക്കുന്ന റീയേജന്റ് കിറ്റുപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ആദ്യമായി സാമ്പിളുകളിൽ നിന്ന് ആർ.എൻ.എ.യെ വേർതിരിക്കുന്നു. ഇതിൽ നിപ വൈറസ് ജീൻ കണ്ടെത്തിയാൽ നിപ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിക്കും. ഈ പരിശോധനയ്ക്ക് 3 മുതൽ 4 മണിക്കൂറാണ് സമയമെടുക്കുന്നത്.

നിലവിൽ നിപ പരിശോധനകൾ കൃത്യസമയത്ത് നടത്താനും പരിശോധനാഫലം ലഭ്യമാക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്താനും സാധിക്കുന്നുണ്ട്. ഇതുവഴി നിപ വൈറസിനെ നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

ന്യൂയോർക്ക്: ലോകനേതാക്കൾക്കിടയിൽ ഏറ്റവും ഉയർന്ന അംഗീകാര റേറ്റിംഗുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് നടത്തിയ പ്രതിവാര ‘ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ ‘ സർവേയിലാണ് നരേന്ദ്ര മോദി ഈ നേട്ടം സ്വന്തമാക്കിയത്.

ജി 20 ഉച്ചകോടിയിലെ മികച്ച നയതന്ത്ര വിജയത്തിന് പിന്നാലെയാണ് മോദിയെ തേടി ഈ നേട്ടം എത്തിയത്. 76 ശതമാനം പേരാണ് നരേന്ദ്ര മോദിയെ പിന്തുണച്ചത്. 22 ലോകനേതാക്കളുടെ പട്ടികയിലാണ് മോദി ഒന്നാമത് എത്തിയത്. അതേസമയം, 18 ശതമാനം പേരാണ് മോദിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

പട്ടികയിലെ ആദ്യ പത്ത് നേതാക്കളുടെ പട്ടിക ചുവടെ ചേർക്കുന്നു

  1. നരേന്ദ്ര മോദി ( ഇന്ത്യ ) – 76%.
  2. അലെൻ ബെർസെ?റ്റ് ( സ്വി?റ്റ്‌സർലൻഡ് ) – 64%
  3. ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (മെക്സിക്കോ) -61%
  4. ലൂല ഡ സിൽവ ( ബ്രസീൽ ) – 49 %
  5. ആന്റണി ആൽബനീസ് ( ഓസ്‌ട്രേലിയ ) – 48 %
  6. ജോർജിയ മെലോനി ( ഇറ്റലി ) – 42 %
  7. ജോ ബൈഡൻ ( യു.എസ് ) – 40 %
  8. പെഡ്രോ സാഞ്ചസ് ( സ്പെയ്ൻ ) – 39 %
  9. 9. ലിയോ വരാഡ്കർ ( അയർലൻഡ് ) – 38 %
  10. ജസ്റ്റിൻ ട്രൂഡോ ( കാനഡ ) – 37 %

ദ്വാരകയിൽ യശോഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിന്റെ ആദ്യ ഘട്ടവും ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈൻ ദ്വാരക സെക്ടർ 21 ൽ നിന്നും ദ്വാരക സെന്റർ 25 ലെ പുതിയ മെട്രോ സ്റ്റേഷനിലേക്ക് നീട്ടുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് മീറ്റിംഗുകൾ കോൺഫെറെൻസുകൾ എക്സിബിഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. മൊത്തത്തിൽ 8. 9 ലക്ഷം ചതുരശ്ര മീറ്ററിലധികം പ്രൊജക്റ്റ് ഏരിയയും 1. 8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ ബിൽറ്റ് അപ് ഏരിയയും ഉള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ യോഗങ്ങൾക്കും, എക്സിബിഷനുകൾക്കും കോൺഫെറെൻസുകൾക്കും വേദിയാക്കാൻ ഉതകുന്നതാണ്. 73, 000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11, 000 പ്രതിനിധികളെ ഉൾകൊള്ളാൻ കഴിയുന്ന 13 മീറ്റിംഗ് റൂമുകൾ എന്നിവയുൾപ്പെടെ 15 കൺവെൻഷൻ റൂമുകൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ LED മീഡിയ ആണ് സ്ഥാപിച്ചിരുക്കുന്നതെന്നും അധികൃതർ പറഞ്ഞു.

കൺവെൻഷൻ സെന്ററിൽ പ്ലീനറി ഹാൾ ആണ് പ്രധാന ആഡിറ്റോറിയം. ഏകദേശം 6000 അതിഥികൾക്ക് ഇരിക്കുവാനുള്ള സൗകര്യമുണ്ട്, ഏറ്റവും നൂതനമായ ഔട്ടോ മെറ്റഡ് ഇരിപ്പിട സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. തനതായ പെറ്റൽ സീലിംഗ് ഉള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2,500 അതിഥികൾക്ക് ആതിഥേയത്വം വഹിക്കാനാകും. 500 പേർക്ക് ഇരിക്കാവുന്ന വിപുലീകൃത തുറന്ന സ്ഥലവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന 13 മീറ്റിംഗ് റൂമുകൾ വിവിധ സ്കെയിലുകളിലുള്ള വിവിധ മീറ്റിംഗുകൾ നടത്താൻ വിഭാവനം ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.ഇതോടുകൂടി ലോകത്തിലെ ഏറ്റവും വലിയ എക്സിബിഷൻ ഹാളുകളിലൊന്നിൽ യശോഭൂമി ഉടപ്പെടും.

ഇന്ത്യൻ സംസ്കാരത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടുകൊണ്ടുള്ള കൊത്തുപണികളാണ് കൺവെൻഷൻ സെൻ്ററിനുള്ളിൽ ചെയ്തിരിക്കുന്നത്. മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, റൂഫ്‌ടോപ്പ് സോളാർ പാനലുകൾ എന്നിവയുള്ള അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി മെട്രോ എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ഉയർത്തുമെന്നും യാത്രാ സമയം കുറയ്ക്കുമെന്നും അധികൃതർ അറിയിച്ചു

ലിബിയയിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഡാമുകൾ തകർന്ന് ഡെർനയിൽ പ്രളയമുണ്ടാവുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ ഇതുവരെ 11,000 ത്തിൽ കൂടുതൽ മരണമാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇപ്പോഴും രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെളിയിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് തീവ്രശ്രമം. 10,100 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും മരണസംഘ്യ കൂടാനാണ് സാധ്യത. ഇനിയും പതിനായിരത്തിൽ കൂടുതൽ പേരെ കണ്ടെത്താനുള്ളത് കൊണ്ട് തന്നെ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ വെള്ളിയാഴ്ച ഡെർന നഗരം അടച്ചു. നഗരത്തിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തകർ മാത്രമാണ് നിലവിൽ ഡെർനയിൽ തിരച്ചിൽ നടത്തുന്നത്.

ആഭ്യന്തര കലാപത്തിന്റെ കെടുതി തുടരുന്ന രാജ്യത്തില്‍ പ്രകൃതി ദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി എന്ന് വേണം പറയാൻ. ലിബിയയെ രണ്ടായി മുറിച്ചാണ് നിലവില്‍ ഭരണം നടക്കുന്നത്.സൈനിക കമാന്‍ഡര്‍ ഖലീഫ് ഹിഫ്താറിന്റെ നിയന്ത്രണത്തിലാണ് കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ന സ്ഥിതിചെയ്യുന്നത്. ട്രിപ്പോളി അടക്കമുള്ള പടിഞ്ഞാറന്‍ ലിബിയന്‍ നഗരങ്ങള്‍ മറ്റൊരു സായുധ ഗ്രൂപ്പിന് കീഴിലാണ്. 42 വര്‍ഷം ലിബിയ ഭരിച്ച മുവമ്മര്‍ ഗദ്ദാഫിനെ 2011ല്‍ നാറ്റോയുടെ സഹായത്തോടെ വിമതര്‍ വധിച്ചതോടെയാണ് ലിബിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയത്. അതിന്റെ കൂടെ ഇപ്പോൾ പ്രകൃതി ദുരന്തം കൂടിയായത് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് കനത്ത മഴയെതുടർന്ന് തകര്‍ന്നത്. ഡാനിയേല്‍ കൊടുങ്കാറ്റിനെ കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, മാത്രമല്ല ഡെര്‍ന നഗരത്തിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും മാറി താമസിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡാമുകളെ സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും നല്‍കിയിരുന്നില്ല. ഡാമുകള്‍ പൊട്ടി എത്തിയ വെള്ളമാണ് നഗരത്തെ അപ്പാടെ ദുരിതക്കയത്തിലാക്കിയത്.

ഡാമുകളില്‍ കൃത്യമായ അറ്റകുറ്റ പണികള്‍ നടക്കുന്നില്ലെന്ന് 2021ല്‍ സര്‍ക്കാര്‍ ഓഡിറ്റിങ് ഏജന്‍സി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമുകളുടെ അറ്റകുറ്റ പണികള്‍ നടത്താനും മറ്റൊരു ഡാം നിര്‍മ്മിക്കാനും വേണ്ടി 2007ല്‍ ഒരു തുര്‍ക്കി കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. 2012 നവംബറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു എന്നും കമ്പനി പറയുന്നുണ്ട്.

രക്ഷ പ്രവർത്തനമല്ല മറിച്ച് മൃതദേഹങ്ങള്‍ കൂട്ടത്തോടെ ദഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ലിബിയയിൽ നടക്കുന്നത്. വലിയ കുഴികളെടുത്ത് നൂറുകണക്കിന് ശരീരങ്ങള്‍ ഒരുമിച്ച് കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. മരണസഖ്യ ഏകദേശം 18,000 മുതൽ 20,000 വരെയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൃത്യ സമയത്ത് മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. കൃത്യമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പുകൾ നൽകാമായിരുന്നു. അതനുസരിച്ച് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച് വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ രാജ്യത്തെ അണക്കെട്ടുകളുടെ കാര്യത്തിൽ പ്രവചനങ്ങൾ അസാധ്യമാണെന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുന്നു വരുന്നുന്നുണ്ട്.

കാലാവസ്ഥ വ്യതിയാനം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ് അവ മൂലം ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ പ്രവചനാതീതമായിരിക്കും എന്നും വിദഗ്ധർ ചൂണ്ടികാട്ടുന്നു

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഒന്നിനും വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോഴിതാ മന്ത്രി സഭാ പുനസംഘടനയുമായി വ്യക്തത വരുത്തിയിരിക്കുകയായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളിൽ മന്ത്രി വീണജോർജിനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റി സ്പീക്കർ സ്ഥാനം നൽകും എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഇതുവരെ ഇക്കാര്യത്തെ കുറിച്ച് യാതൊരു ചർച്ചകളും നടത്തിയിട്ടില്ല ഇത് സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ തീരുമാനിച്ചിട്ടുമില്ല എന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി.

കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നവരും കേരളത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നരുമാണ് കേരളത്തിന്റെ വികസനത്തെ ഇല്ലായ്മ ചെയ്യാനും വികസനമില്ലെന്ന് സ്ഥാപിക്കാനും മന്ത്രിമാർ കഴിവില്ലാത്തവരാണെന്ന് സ്ഥാപിച്ചെടുക്കാൻ ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇ.പി ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മന്ത്രി കഴിവുറ്റതാണെന്നും നിപ പ്രതിരോധം നല്ല നിലയിൽ തന്നെ പുരോഗമിക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ വിലയിരുത്തി.

എൽഡിഎഫ് സർക്കാർ 2021 ൽ അധികാരത്തിൽ വന്നപ്പോൾ ചില ധാരണകളുണ്ടായിരുന്നു. രണ്ടര വർഷം കഴിഞ്ഞ്, ഇപ്പോഴത്തെ കണക്ക് പ്രകാരം നവംബറോടെയാകും ധാരണ പ്രകാരമുള്ളവരെ മന്ത്രിമാരാക്കുന്നത് എന്നദേഹം വ്യക്തമാക്കി. എന്നാൽ സിപിഐഎമ്മിന്റെ മന്ത്രിമാരുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിൽ നടക്കാൻ പോകുന്ന പുനഃസംഘടനയിൽ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും , ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ആന്റണി രാജുവും മന്ത്രി സ്ഥാനത്ത് നിന്ന് മാറും. പകരം മുൻ ധാരണ പ്രകാരം കെ.ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. എല്ലാ ഘടകകക്ഷികൾക്കും തുല്യ പരിഗണനയുള്ള മുന്നണിയാണ് എൽഡിഎഫെന്നും ഇ.പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം പുനസംഘടനയുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നതിന് പിന്നാലെ എംഎൽഎമാർ മന്ത്രി പദത്തിനായി രംഗതെത്തിയിരുന്നു. തോമസ് കെ തോമസ് എംഎൽഎ, കോവൂർ കുഞ്ഞുമോൻ തുടങ്ങിയവർ മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ എൽജെഡി മന്ത്രിസ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചാലും കിട്ടാൻ സാധ്യതയില്ല എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എൽഡിഎഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ എൽജെഡി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നേരത്തെയുള്ള തീരുമാനത്തിൽ യോതൊരു മാറ്റവും വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം ഇപ്പോഴുള്ളത്.