ന്യൂഡൽഹി: താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന താലിബാൻ പരാമർശത്തിനെതിരെയാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. ഇവിടെ പളളികളിൽ ആരാധനയ്ക്കെത്തുന്നവർ വെടിയുണ്ടകളാലും ബോബുകളാലും കൊല്ലപ്പെടുകയോ പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നത് തടയുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ പിന്തുടരുന്നത് ഭരണഘടനയെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ മുസ്ലിങ്ങളെ വെറുതെ വിടാൻ താലിബാനോട് അഭ്യർത്ഥിക്കുകയാണ്. ഇവിടെ പളളികളിൽ ആരാധനയ്ക്കെത്തുന്നവരെ വെടിയുണ്ടകളും ബോംബുകളും ഉപയോഗിച്ച് ആക്രമിക്കാറില്ല. പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് തടയുന്നില്ല. അവരുടെ തലയും കാലുകളും മുറിച്ച് മാറ്റിയിട്ടില്ല. ഇവിടുത്തെ സർക്കാരുകളുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടനയാണ്. രാജ്യം അത് പിന്തുടരുന്നതായും അദ്ദേഹം വിശദമാക്കി ഭരണഘടന ഉൾക്കൊള്ളുന്ന വികസനം രാജ്യം ഉറപ്പ് നൽകുകയും എല്ലാവരുടെയും സഹകരണം ഉറപ്പ് നൽകുകയും ചെയ്യുന്നുണ്ട്. അതിലൂടെ രാജ്യം നയിക്കപ്പെടുന്നതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു താലിബാൻ പറഞ്ഞിരുന്നത്. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തിനു നേരേ ആയുധമെടുക്കാൻ ഉദ്ദേശ്യമില്ലെന്നും താലിബാൻ അഭിപ്രായപ്പെട്ടിരുന്നു.

