ന്യൂഡൽഹി: മഴയുണ്ടാകുമോ എന്നു പ്രവചിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വികസിപ്പിച്ച് ശാസ്ത്രലോകം. അടുത്ത രണ്ടു മണിക്കൂറുകളിൽ മഴയുണ്ടാകുമോയെന്ന് പ്രവചിക്കുന്ന എഐ സംവിധാനമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. ഗൂഗിൾ ഉടമസ്ഥതയിലുള്ള ലണ്ടൻ എഐ ലാബ് ഡീപ് മൈൻഡും യൂണിവേഴ്‌സിറ്റി ഓഫ് എക്‌സീറ്ററും മെറ്റ് ഓഫിസുമായി ചേർന്നാണു പുതിയ സോഫ്റ്റ്വെയർ വികസിപ്പിച്ചത്. കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ചില ഇക്വേഷനുകൾ ഉപയോഗപ്പെടുത്തിയായിരുന്നു പ്രവർത്തിച്ചിരുന്നത്. 6 മണിക്കൂറിനും 2 ആഴ്ചയ്ക്കുമിടയ്ക്ക് മഴ പെയ്യുമോ ഇല്ലയോ എന്നു പറയാൻ മാത്രമെ ഈ സംവിധാനത്തിന് കഴിയുമായിരുന്നുള്ളൂ. എന്നാൽ പുതിയ സംവിധാനത്തിലൂടെ കൂടുതൽ മികച്ചതും കൃത്യതയുള്ളതും തൊട്ടടുത്ത സമയത്തെതുമായ പ്രവചനങ്ങൾ നടത്താൻ കഴിയും.
കംപ്യൂട്ടറുകളടക്കമുള്ള യന്ത്രങ്ങൾക്കു സ്വയം ചിന്തിക്കാനും നിയന്ത്രിക്കാനുമുള്ള കഴിവു നൽകുന്നതാണു എഐ എന്ന സാങ്കേതിക വിദ്യ. സോഫ്റ്റ്വെയർ സഹായത്തോടെ മെഷീനെ മുൻപേയുള്ള ചില വിവരങ്ങൾ ഉപയോഗിച്ചു പുതിയ കാര്യങ്ങളിൽ കൃത്യമായ കണക്കുകൂട്ടലുകളിലെത്താൻ സഹായിക്കുന്നതാണിത്. ഒട്ടേറെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ അവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മെഷീൻ വിലയിരുത്തും.
പിന്നീട് സമാന അവസ്ഥ ഉണ്ടാകുമ്പോൾ അതേ കാലാവസ്ഥ ആവർത്തിക്കാനുള്ള സാധ്യത മെഷീൻ പ്രവചിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും അപ്രതീക്ഷിതമായി ഇപ്പോൾ കനത്ത മഴയും പ്രളയവുമൊക്കെ ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുമ്പോൾ മുൻകൂട്ടി വിവരം ലഭിക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എഐ സംവിധാനത്തിലൂടെ പ്രവചനത്തിനെടുക്കുന്ന സമയം കുറയ്ക്കാൻ കഴിയുമെന്നും വരും ദിവസങ്ങളിൽ ഇതിലും മികച്ച ഫലം തരാൻ ഗവേഷണത്തിനു കഴിയുമെന്നും ഡീപ് മൈൻഡിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഷാക്കിർ മുഹമ്മദ് അറിയിച്ചു.

