18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യം; സിറോ സർവേ ഫലം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. സിറോ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 40.2 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് സീറോ സർവ്വേയിൽ വ്യക്തമാക്കുന്നു. നിയമസഭയിലാണ് സർക്കാർ സീറോ സർവ്വേ റിപ്പോർട്ട് അവതരിപ്പിച്ചത്.

49 വയസ് വരെയുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേരിൽ ആന്റി ബോഡി സാന്നിധ്യമുണ്ട്. ആദിവാസികളിൽ 78.2 ശതമാനം പേർക്കും തീരമേഖലയിൽ 87.7 ശതമാനം പേർക്കും പ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷനിലൂടെയും കോവിഡ് വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയും എത്രപേർക്ക് രോഗപ്രതിരോധ ശേഷിയുണ്ടായി എന്നതിന്റെ കണക്കാണ് സിറോ സർവേയിലൂടെ പുറത്തുവന്നത്.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളിൽ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് കുഴപ്പമില്ലാത്ത കണക്കാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ കണക്കുക്കൂട്ടൽ.