സംസ്ഥാനത്തെ മൊബൈൽ ടവറുകളുടെ എണ്ണം ഇരട്ടിയാകും; റേഡിയേഷൻ ഭയക്കേണ്ടതില്ലെന്ന് വിദഗ്ധർ

കൊച്ചി: സംസ്ഥാനത്തെ മൊബൈൽ ടവറുകളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ പത്തൊമ്പതിനായിരത്തോളം ടവറുകളാണ് സംസ്ഥാനത്തുള്ളത്. 5 ജിയുടെ ഗുണം ലഭിക്കാനാണ് ടവറുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഉയർന്ന ഡേറ്റ സ്പീഡ് നൽകുന്ന 5 ജിയുടെ ടവറുകളുടെ കവറേജ് കുറവായിരിക്കും. ടവറുകളുടെ എണ്ണം കൂട്ടിയാൽ മാത്രമേ 5 ജിയുടെ മെച്ചം ലഭിക്കൂ. ടെലികോം വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി.ടി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്.

ടവറുകളുടെ എണ്ണം വർധിക്കുമെങ്കിലും റേഡിയേഷൻ ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്. മൊബൈലുകൾക്കു വേണ്ടി ഉപയോഗിക്കുന്നത് കുറഞ്ഞ ഫ്രീക്വൻസിയുള്ള നോൺ-അയോണൈസിങ് റേഡിയേഷനുകളാണ്. ഇവ മനുഷ്യശരീരത്തിന് ഹാനികരമല്ല. ടവറുകളിൽ നിന്നുള്ള ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ആരോഗ്യത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങൾക്ക് അവരുടെ ചുറ്റുമുള്ള ടവറുകളും അതിൽനിന്നുള്ള റേഡിയേഷനും സംബന്ധിച്ച വിവരങ്ങൾ tthsp ;/tarangsanchar.gov.in/emfportal എന്ന വെബ് സൈറ്റിലൂടെ ലഭ്യമാകും. അടുത്തുള്ള ടവർ പരിശോധിക്കുന്നതിനുള്ള അപേക്ഷയും ഈ വെബ്‌സൈറ്റിലൂടെ നൽകാൻ കഴിയും.