തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നതിൽ വിശദീകരണം നൽകി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. പുലിമുട്ട് നിർമ്മാണം തീരാത്തത് കാരണമാണ് തുറമുഖം നിർമ്മാണം വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം വൈകുന്നത് ചോദ്യം ചെയ്തു കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തുറമുഖ നിർമ്മാണം പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് കാലാവധി നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ നൽകിയെങ്കിലും അതിൽ തൃപ്തരാവാതെ അദാനി ആർബിട്രേഷനിൽ പോയി. സർക്കാരും ആർബിട്രെഷനിൽ വാദം ഉന്നയിക്കും. പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തേക്ക് പുലിമുട്ട് നിർമാണത്തിന്റെ ബഹുഭൂരിപക്ഷവും തീർക്കും എന്നാണ് അദാനി നൽകിയ ഉറപ്പെന്നും അടുത്ത മൺസൂണിന്റെ മുൻപായി അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിഴിഞ്ഞം പദ്ധതി വൈകുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനും അദാനിയ്ക്കുമാണെന്നാണ് യുഡിഎഫ് പറയുന്നത്. കാലാവധിയുടെ ഇരട്ടി വർഷം ആയാലും പദ്ധതി തീരാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും നിർമ്മാണ കാലാവധി തീർന്നു ഒന്നര വർഷം കഴിഞ്ഞാണ് സർക്കാർ പാറ ക്ഷാമം പരിഹരിക്കാൻ തമിഴ്‌നാടുമായി സംസാരിച്ചതെന്നും യുഡിഎഫ് എംഎൽഎ വിൻസന്റ് ചൂണ്ടിക്കാട്ടി. സർക്കാർ എല്ലാം അദാനിയുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞു ഒഴിയുകയാണെന്നും വിഴിഞ്ഞം നിർമ്മാണം പൂർത്തിയാക്കാൻ യുഡിഫ് സർക്കാർ അതിവേഗം നടപടികളെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി അനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആഗോള ടെണ്ടർ വിളിച്ചാണ് യുഡിഎഫ് പദ്ധതിയെ കൊണ്ടു പോയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതിയുടെ കരാർ കാലാവധി കഴിഞ്ഞ് രണ്ട് വർഷമായെന്നും പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിൽ സർക്കാർ നോക്കു കുത്തി ആയി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാർ ഒപ്പിട്ടു ആറു വർഷം ആകുമ്പോൾ പുലി മുട്ട് നിർമാണത്തിന്റ നാലിൽ ഒന്ന് മാത്രം ആണ് തീർന്നത്. മെഗാപദ്ധതി ആയിട്ടും സർക്കാർ പദ്ധതിയെ കൃത്യമായി മോണിറ്ററായിട്ടില്ല. ഇപ്പോൾ അദാനി പറയുന്നത് 2023 ഡിസംബറിൽ പദ്ധതി പൂർത്തിയാക്കും എന്നാണ്. ഈ രീതിയിൽ പോയാൽ 10 വർഷം കൊണ്ടും പദ്ധതി തീരില്ലെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ നിർമാണത്തിന്റ ഭാഗമായി പല പ്രശ്‌നങ്ങളും തീരത്തുണ്ടാകുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി അവലോകനം ചെയ്യണമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാർ വീഴ്ചയിൽ 12 ലക്ഷം രൂപ ഈടാക്കാൻ സർക്കാർ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

