ന്യൂഡല്‍ഹി ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി പ്രതിപക്ഷസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ മൂന്നാം മുന്നണിയോ പ്രായോഗികമല്ല.
അതേസമയം, വര്‍ഗീതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് വീഴ്ചകളുണ്ടെന്നും പിബി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിന് രൂപംനല്‍കുന്ന യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. ഇന്ത്യയില്‍ ഇപ്പോഴും മുഖ്യ പ്രതിപക്ഷപാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ഫെഡറല്‍ മുന്നണിയോ മൂന്നാം മുന്നണിയോ പ്രയോഗികമല്ല. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഫലപ്രദമെന്നാണ് വിലയിരുത്തല്‍.
കര്‍ഷക – തൊഴിലാളി സമരങ്ങളാണ് ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. അതിനാല്‍ വര്‍ഗ സമരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വര്‍ഗ -ബഹുജന സംഘടനകള്‍ ജനക്ഷേമ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടണം. ഇടതുപാര്‍ട്ടികളുടെ യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തണമെന്നും യോഗം വിലയിരുത്തി.
കരട് രാഷ്ട്രീയ പ്രമേയത്തിന് ഈ മാസം 22ന് ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം അന്തിമ രൂപം നല്‍കും. ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാതെ കേരളത്തിലേക്ക് മടങ്ങി.

