രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി; തീരുമാനവുമായി ആർബിഐ

ന്യൂഡൽഹി: ബാങ്കുകളിൽ നിന്നും രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി ദീർഘിപ്പിച്ച് ആർബിഐ. ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് തീരുമാനമെന്നും ആർബിഐ അറിയിച്ചു. സെപ്റ്റംബർ 30 വരെയായിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അവസരമുണ്ടായിരുന്നത്. ഇത് അവസാനിച്ചതോടെയാണ് തീയതി നീട്ടാൻ തീരുമാനിച്ചത്.

കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം ബാങ്കുകളിൽ മാറാൻ അവസരമൊരുക്കിയിരുന്നു.

മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. 2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം എല്ലാ ബാങ്കുകളിലും ലഭ്യമാണ്.

ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000 നോട്ടുകൾ മാറ്റാം.