സ്വച്ഛതാ ഹി സേവ ആചരണം; ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രധാനമന്ത്രി

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛതാ ഹി സേവ ആചരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത്. ഗുസ്തി താരമായ അങ്കിത് ബയാൻ പുരിയയും പ്രധാനമന്ത്രിക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. തന്റെ ഔദ്യോഗിക എക്‌സ് പേജിലൂടെ പ്രധാനമന്ത്രി വീഡിയോ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അങ്കിത് ബയാൻ പുരിക്കൊപ്പം ശുചിത്വ മിഷന്റെ ഭാഗമാകുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഫിറ്റ്‌നസും ആരോഗ്യവും ചർച്ചാ വിഷയമാണെന്നും ശുചിത്വമുളള ആരോഗ്യകരമായ ഭാരതമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയ്ക്ക് പുറമെ മറ്റ് കേന്ദ്ര മന്ത്രിമാരും നിരവധി ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടിയിൽ ഏർപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ഡൽഹിയിലും ശുചീകരണ പരിപാടി നടത്തി.