ഇനി മുതൽ ഭൂകമ്പ മുന്നറിയിപ്പ് ഫോണിൽ ലഭിക്കും; ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ സംവിധാനം

ന്യൂഡൽഹി: ഇനി മുതൽ ഭൂകമ്പ മുന്നറിയിപ്പ് ഫോണിൽ ലഭിക്കും. നിലവിൽ ഈ സംവിധാനം ലഭ്യമാകുന്നത് ഇന്ത്യയിലെ ആൻഡ്രോയിഡ് ഫോണുകളിലാണ്. എൻഡിഎംഎ (നാഷനൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി), എൻഎസ്സി (നാഷനൽ സീസ്‌മോളജി സെന്റർ) എന്നിവയുമായി സഹകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതാണ് പുതിയ സംവിധാനം.

ഭൂകമ്പ സാധ്യതയുള്ള മേഖലകളിൽ പ്രാദേശിക ഭാഷകളിൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.റിക്ടർ സ്‌കെയിലിൽ 4.5 നു മുകളിൽ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണിൽ ജാഗ്രതാ നിർദേശം ലഭിക്കും. കൂടാതെ സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിർദേശവും സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികൾക്കുള്ള നിർദേശവും ഫോണിലൂടെ ലഭ്യമാകുന്നതാണ്. സെറ്റിങ്‌സിലെ സേഫ്റ്റി ആന്റ് എമർജൻസി ഓപ്ഷനിൽ നിന്ന് എർത്ത്‌ക്വെയ്ക് അലർട്‌സ് ഓൺ ചെയ്യുമ്പോൾ ഈ മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാകും.

ഭൂകമ്പ തരംഗങ്ങൾ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാൾ വളരെ വേഗത്തിൽ ഇന്റർനെറ്റ് സിഗ്നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കൻഡുകൾക്ക് മുൻപ് തന്നെ അലർട്ടുകൾ ഫോണുകളിൽ എത്തുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.