ഗാന്ധിജയന്തി; രാജ്യത്ത് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് ഒക്ടോബർ ഒന്നിന് രാവിലെ പത്ത് മണിക്ക് രാജ്യ വ്യാപകമായി ശുചീകരണ യജ്ഞം നടത്തുന്നത്. ‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’ എന്ന പേരിലാകും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. വൃത്തിയുള്ള ഭാവിയ്ക്കായി ഒന്നിച്ച് കൈകോർക്കാമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

സ്വച്ഛ് ഭാരത് കൂട്ടായ ഉത്തരവാദിത്വമാണ്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലും ശുചീകരണ ക്യാമ്പെയ്ൻ സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അടുത്തുള്ള റോഡ്, പാർക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്പെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ’ 2023 കാമ്പ്യയ്‌നിന്റെ മുന്നോടിയായാണ് ഇത്. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സർക്കാർ- സർക്കാർ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പെയ്ൻ നടക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സ്വച്ഛത അംബാസഡർമാരായി ഇവർക്ക് പ്രവർത്തിക്കാം.