തൃശ്ശൂർ: കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്. പ്രദീപിന്റെ മകൻ ദക്ഷിൺദേവ് ചിതയ്ക്ക് തീകൊളുത്തി. വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറായിരുന്നു പ്രദീപ്.
ശനിയാഴ്ച ഉച്ചയോടെയാണ് പ്രദീപിന്റെ മൃതദേഹം കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്തിച്ചത്. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. പിന്നീട് പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ അദ്ദേഹത്തിന് പുഷ്പചക്രം അർപ്പിച്ചു.
തുടർന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. നിരവധി പേർ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാനായി വീട്ടിലേക്ക് എത്തിയത്. 2004 ലാണ് പ്രദീപ് വ്യോമസേനയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകളിലും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്.
മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കും വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രദീപ് നാട്ടിൽ എത്തിയിരുന്നു. അവധി കഴിഞ്ഞ് തിരികെ പോയി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഹെലികോപ്ടർ അപകടം ഉണ്ടായത്
ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

